'ആളുകളെ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് അവരെ സഹായിക്കാനാണ് താൻ വന്നിരിക്കുന്നത്' എന്ന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഡിയെല്ല പറഞ്ഞിരുന്നു.
ബെർലിനിലെ ഗ്ലോബൽ ഡയലോഗിൽ വെച്ച്, അൽബേനിയയുടെ പ്രധാനമന്ത്രി എഡി റാമ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. രാജ്യത്തെ പുതുതായി നിയമിതയായ വെർച്വൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സ്റ്റേറ്റ് മന്ത്രി 83 ഡിജിറ്റൽ അസിസ്റ്റന്റുമാരെ 'ഗർഭം ധരിച്ചിരിക്കുകയാണ്' എന്നാണ് അദ്ദേഹം ആലങ്കാരികമായി വെളിപ്പെടുത്തിയത്. ഡിയെല്ല എന്നാണ് ഈ എഐ മന്ത്രിയ്ക്ക് പേരിട്ടിരിക്കുന്നത്.
പുതിയതായി വരാനിരിക്കുന്ന ഓരോ ഡിജിറ്റൽ അസിസ്റ്റന്റിനെയും ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഓരോ പാർലമെന്റ് അംഗത്തിനും സഹായിയായി നിയമിക്കുമെന്നും എഡി റാമ പറഞ്ഞു. പാർലമെൻറ് അംഗങ്ങളുടെ നടപടിക്രമങ്ങൾ രേഖപ്പെടുത്തുക, പ്രവർത്തനങ്ങൾ നിർദ്ദേശിക്കുക, പാർലമെന്ററി കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവയിലൂടെ നിയമനിർമ്മാണ പ്രവർത്തനങ്ങളിലും ഭരണത്തിലും ഈ വെർച്വൽ അസിസ്റ്റന്റുകൾ അവരെ സഹായിക്കുമെന്നും റാമ വിശദീകരിച്ചു.
അൽബേനിയൻ ഭാഷയിൽ 'സൂര്യൻ' എന്ന് അർത്ഥം വരുന്ന ഡിയെല്ലയെ, ഭരണ സുതാര്യത വർദ്ധിപ്പിക്കുന്നതിനും 2026 -ഓടെ അഴിമതി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള പൊതുസംഭരണങ്ങളിലെ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സെപ്റ്റംബറിൽ നിയമിച്ചിരുന്നു. അതിനുമുമ്പ്, രാജ്യത്തെ പൗരന്മാർക്കും ബിസിനസ് സംരംഭങ്ങൾക്കും ഇ-അൽബേനിയ പോർട്ടൽ വഴി സഹായം നൽകുന്ന ഒരു വെർച്വൽ സഹായിയായി ഡിയെല്ല പ്രവർത്തിച്ചിരുന്നു. ഒരു ദശലക്ഷത്തിലധികം ഡിജിറ്റൽ അന്വേഷണങ്ങൾക്ക് ഇത് മറുപടി നൽകി. പരമ്പരാഗത അൽബേനിയൻ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന രൂപത്തിൽ, മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ് ഡിയെല്ലയെ വികസിപ്പിച്ചത്.
'ആളുകളെ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് അവരെ സഹായിക്കാനാണ് താൻ വന്നിരിക്കുന്നത്' എന്ന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഡിയെല്ല പറഞ്ഞിരുന്നു. തനിക്ക് വ്യക്തിപരമായ അഭിലാഷങ്ങളോ പൗരത്വമോ ഇല്ലെന്നും ഡിയെല്ല എടുത്തുപറഞ്ഞു. ഏതായാലും എഐ സാങ്കേതിക രംഗത്ത് വലിയൊരു ചുവടുവയ്പ്പിനാണ് അൽബേനിയ ഇതിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.


