109 വർഷം മുൻപ് ഒന്നാം ലോക മഹായുദ്ധകാലത്ത് ഇന്ധനം ലാഭിക്കാൻ ബ്രിട്ടനിൽ നടപ്പിലാക്കിയ സമ്മർ ടൈം നയം ഇന്നും തുടരുന്നു. ഇതിന്റെ ഭാഗമായി എല്ലാ വർഷവും ഒക്ടോബറിലെ അവസാന ഞായറാഴ്ച ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നിലേക്ക് മാറ്റുന്നു.  

109 വർഷം മുമ്പ് യുദ്ധാവശ്യങ്ങൾക്കുള്ള ഇന്ധനം ലാഭിക്കാൻ ഉദ്ദേശിച്ച് നടപ്പാക്കിയ ഒരു നയം ഇന്നും അനുവിട തെറ്റാതെ പാലിക്കുകയാണ് ബ്രിട്ടന്‍. ഏറെ വിമ‍ശനവും പരിഹാസവുമൊക്കെ കേട്ടെങ്കിലും നിയമം മാറ്റാന്‍ ഇന്നും ബ്രിട്ടന്‍ തയ്യാറായിട്ടില്ല. നിയമത്തിന്‍റെ ഫലമായി എല്ലാ വർഷവും ഒക്ടോബറിലെ അവസാന ഞായറാഴ്ച ബ്രിട്ടന്‍റെ സമ്മർ ടൈം മാറും. ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നിലേക്ക് തിരിച്ച് വയ്ക്കും. കേട്ടത് എന്താണെന്ന് ആലോചിച്ച് തലപുണ്ണാക്കണ്ട. അത് തന്നെ. ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നിലേക്ക് ആക്കുമെന്ന്. ഇന്നാണ് ആ ദിവസം. ഒക്ടോബർ 26. ഇന്ന് രാത്രി ബ്രിട്ടന്‍റെ സമ്മർ ടൈം അവസാനിക്കും. രാത്രി 2 മണിക്ക് സമയം ഒരു മണിക്കൂർ വൈകി ​ഗ്രീനിച്ച് മീൻ ടൈമിലേക്ക് എത്തും.

എണ്ണ ലാഭിക്കാൻ

ഒന്നാം ലോക മഹായുദ്ധ കാലം മുതലാണ് ടെക്നിക്കലി ബ്രിട്ടണിൽ ഈ സമയം മാറ്റം ആ​രംഭിച്ചത്. യുദ്ധാവശ്യങ്ങൾക്കുള്ള ഇന്ധനം ലാഭിക്കാൻ ഉദ്ദേശിച്ചായിരുന്നു ഇത്. 1916 -ലെ സമ്മർ ആക്ടിന്‍റെ കീഴിൽ 100 വർഷങ്ങൾക്ക് മുമ്പാണ് ഈ ടൈം കലണ്ടർ നിലവിൽ വന്നത്. ഇതിൽ പിന്നീട് നിരവധി ചർച്ചകളും വിമർശനങ്ങളുമൊക്കെ വന്നെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല. എല്ലാ വർഷവും ഒക്ടോബറിലെ അവസാന ഞായറാഴ്ച ബ്രിട്ടന്‍റെ സമ്മർ ടൈം മാറും. ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നിലേക്ക് നീങ്ങും.

വില്യം വില്ലറ്റിന്‍റെ ഐഡിയ

1907 -ൽ വില്യം വില്ലെറ്റ് എന്ന ധനികനായ ബിൽഡറാണ് പകൽ വെളിച്ചം സംരക്ഷിക്കപ്പെടണം എന്ന ആശയം മുന്നോട്ടുവെച്ചത്. ഒരു പ്രഭാത സവാരിക്കിടെ നേരത്തെ പുലരുന്ന പ്രഭാതങ്ങളിലും ആളുകൾ ഉറക്കത്തിൽ തന്നെയാണെന്ന് വില്യം മനസിലാക്കി. ഈ കാലത്ത് സമയക്രമത്തിൽ മാറ്റം വരുത്തിയാൽ ആളുകൾ നേരത്തെ ഉണരുമെന്നും പകൽ ജോലികൾ‌ നേരത്തെ തുടങ്ങാമല്ലോയെന്നും അദ്ദേഹം ആലോചിച്ചു. വില്യത്തിന് മുമ്പ് മറ്റ് പലരും ഈ സമയമാറ്റ ആശയം മുന്നോട്ടുവെച്ചിരുന്നു. ചില പുരാതന ന​ഗരങ്ങളിൽ ഈ സമയമാറ്റം നടപ്പിലാക്കിയിരുന്നു. പിന്നീട് പലരുടെയും ആശയങ്ങൾ പരിഹസിച്ച് തള്ളപ്പെടുകയും ചെയ്തു. വില്യം വില്ലറ്റിന്‍റെ ഐഡിയയാണ് ഔദ്യോ​ഗികമായി അം​ഗീകരിക്കപ്പെട്ടത്.

നേരത്തെ ഉണർന്ന് നേരത്തെ കിടക്കാം

ഇതിനായി 'ദ വേസ്റ്റ് ഓഫ് ഡേ ലൈറ്റ്' എന്ന ലേഖനവും വില്യം എഴുതി. നേരത്തെ സൂര്യോ​ദയം ഉണ്ടാകുന്ന അവസരങ്ങളിൽ നേരത്തെ ഉണർന്നാൽ പകലത്തെ പ്രവർത്തനങ്ങൾ നേരത്തെ ആക്കാമെന്നും രാത്രി ഏറെ വൈകിയും ലൈറ്റുകൾ ഓണായി കിടക്കുന്നത് പരിമിതപ്പെടുത്താമെന്നും അദ്ദേഹം വാദിച്ചു. ഏപ്രിലിൽ ഒരു മണിക്കൂർ വൈകിയും സെപ്തംബറിൽ ഒരു മണിക്കൂർ നേരത്തെയുമാക്കി സമയം ക്രമപ്പെടുത്തണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. ഇക്കാരണങ്ങൾ നിരത്തി അദ്ദേഹം നിരവധി രാഷ്ട്രീയക്കാരെയും സാമൂഹ്യ പ്രവർത്തകരെയുമൊക്കെ സമീപിച്ചു. ഷെർലക് ഹോംസ് നോവലുകളുടെ എഴുത്തുകാരൻ ആർതർ കോനൻ ഡോയൽ ഈ ഐഡിയ ബ്രിട്ടീഷ് പാർലമെന്‍റിൽ അവതരിപ്പിച്ചു. ഇത് പക്ഷേ അം​​ഗീകരിക്കപ്പെട്ടില്ല.

രണ്ടാം പ്രപ്പോസൽ

ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രൊപ്പോസൽ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. യുദ്ധത്തിന്‍റെ രണ്ടാം വർഷമായപ്പോഴേക്കും ബ്രിട്ടൺ കൽക്കരി ക്ഷാമത്തിലേക്ക് കടന്നു. സൈന്യത്തിന്‍റെയും റെയിൽവേയുടെയും പ്രവർത്തനങ്ങൾക്ക് കൂടുതൽ കൽക്കരി ആവശ്യമായി. കൂടാതെ കൽക്കരിപ്പാടങ്ങൾ ജർമ്മനി അധിനിവേശപ്പെടുത്തിയ സഖ്യകക്ഷികൾക്കും കൽക്കരി നൽകാൻ ബ്രിട്ടൺ ബാധ്യസ്ഥരായി. ഇതോടെ ക്ഷാമം രൂക്ഷമായി. ഇതിന് പ്രതിവിധിയെന്നോണമാണ് വില്യത്തിന്‍റെ ഐഡിയ സ്വീകാര്യമായത്. വൈകുന്നേരങ്ങളിലെ ജോലികൾ കുറയ്ക്കുന്നതോടെ കൽക്കരി ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന ലൈറ്റുകളുടെയും മെഷീനുകളുടെയും ഉപഭോ​ഗം കുറയ്ക്കാമെന്നായി. പകൽ വെളിച്ചം ലാഭിക്കുന്നതിനും ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിനും കൽക്കരിയുടെ ഉപയോ​ഗം കുറയ്ക്കുന്നതിനും സമയക്രമത്തിൽ മാറ്റം വരുത്തുന്നത് ഉപകാരപ്രദമാണ് എന്ന് അം​ഗീകരിക്കപ്പെട്ടു.

പിന്നാലെ ജർമ്മനിയും

ബ്രിട്ടണിൽ മാത്രമല്ല, ജർമ്മനിയിലും ഈ ആശയം പ്രചരിച്ചു. 1919 -ൽ ജർമ്മനി ഡേ ലൈറ്റ് സേവിങ് സ്കീം കൊണ്ടുവന്നു. ആഴ്ചകൾക്ക് ശേഷം യുകെയിലും ഇത് പ്രാവർത്തികമായി. ‌ എന്നാല്‍ 1915 -ൽ‌ മരിച്ച വില്യത്തിന് തന്‍റെ ആശയം പ്രാവർത്തികമായത് കാണാനോ അനുഭവിക്കാനോ കഴിഞ്ഞില്ല. എന്നിരുന്നാലും ലോകമൊട്ടാകെ ഈ ആശയം പ്രചാരം നേടി. അമേരിക്ക അടക്കമുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഈ രീതി പിന്തുടർന്നു. വസന്തം മുന്നോട്ട്, ശൈത്യം പിന്നോട്ട് എന്ന പ്രയോ​ഗം തന്നെയുണ്ടായി.

പിന്നീട് രണ്ടാം ലോക മഹായുദ്ധകാലത്തും ബ്രിട്ടൺ സമയമാറ്റം കൊണ്ടു വന്നു. സമയം ചിട്ടപ്പെടുത്തി നിയമമുണ്ടായി. പുത്തൻ നിയമമനുസരിച്ച് വേനൽക്കാലത്ത് ​ഗ്രീൻവിച്ച് സമയത്തേക്കാൾ ഒരു മണിക്കൂർ മുമ്പായിരിക്കും ബ്രിട്ടീഷ് സിവിൽ ടൈം. ശൈത്യകാലത്ത് ഒരു മണിക്കൂർ വൈകി ഇനി മുൻ സ്ഥിതിയിലേക്ക് എത്തുകയും ചെയ്യും. അതായത് ഒക്ടോബറിലെ അവസാന ഞായറാഴ്ച യുകെയുടെ ഘടികാരങ്ങൾ ഒരു മണിക്കൂർ പിന്നോട്ട് നീങ്ങി ​ഗ്രീൻവിച്ച് സമയത്തിലേക്കെത്തും. ഏപ്രിലിൽ ആ ഒരു മണിക്കൂർ തിരിച്ച് പിടിക്കും