സ്മാർട്ട് ഫോണിനും അപ്പുറമുള്ള യഥാർത്ഥമായ ഒരു ലോകത്ത് ജീവിക്കുക എന്നതാണ് ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്.
സ്മാർട്ട്‍ഫോണില്ലാതെ നിങ്ങൾക്ക് എത്ര ദിവസം കഴിയാനാവും? ഒരുമാസം കഴിഞ്ഞുകൂടാമോ? അങ്ങനെയുള്ളവർക്കായി പ്രമുഖ യോഗർട്ട് കമ്പനിയായ Siggi's നൽകുക എട്ടുലക്ഷം രൂപയാണത്രെ. അവരുടെ പുതിയ 'ഡിജിറ്റൽ ഡീടോക്സ് പ്രോഗ്രാ'മിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ.
'ഡ്രൈ ജനുവരി'യെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ജനുവരി മാസം മദ്യം കഴിക്കാതിരിക്കുക എന്നതാണ് ഈ ഡ്രൈ ജനുവരി കൊണ്ട് ഉദ്ദേശിക്കുന്നത്. അതുപോലെ ഒരുമാസം മുഴുവനായും സ്മാർട്ട് ഫോണില്ലാതെ കഴിയുക എന്നതാണ് ഈ ചലഞ്ച്. സ്മാർട്ട് ഫോണിനും അപ്പുറമുള്ള യഥാർത്ഥമായ ഒരു ലോകത്ത് ജീവിക്കുക എന്നതാണ് ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. അതിനായി, കമ്പനി നൽകുന്ന ബോക്സുകളിൽ സ്മാർട്ട് ഫോണുകൾ പൂട്ടി വയ്ക്കണം. ശേഷം ഒരുമാസം വെർച്വൽ ലോകം ഇല്ലാതെ ചുറ്റുമുള്ള ലോകം ആസ്വദിച്ച് ജീവിക്കണം.
അങ്ങനെ ഒരുമാസം ഡിജിറ്റൽ ബ്രേക്ക് എടുത്ത് കഴിയുമ്പോഴാണ് വിജയികൾക്ക് എട്ടുലക്ഷം രൂപ ($10,000) നൽകുക. അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കാൻ ഒരു പ്രീപ്പെയ്‍ഡ് സിം കാർഡ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് നൽകും. അതുപോലെ, ഈ ഡിജിറ്റൽ ഡീടോക്സ് ലൈഫിന് ഊർജ്ജം പകരാൻ മൂന്നുമാസത്തേക്ക് സൗജന്യമായി സിഗ്ഗിസിന്റെ യോഗർട്ടും നൽകും.
'ഞങ്ങൾ ഈ വർഷം ഒരു വ്യത്യസ്തമായ ഡ്രൈ ജനുവരി പരിചയപ്പെടുത്തുകയാണ്. ഒരുമാസം മദ്യം ഉപേക്ഷിക്കുന്നതിന് പകരം നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപേക്ഷിക്കാനാണ് ഞങ്ങൾ ചലഞ്ച് ചെയ്യുന്നത്. അധികം ശ്രദ്ധ വ്യതിചലിക്കാത്ത, വളരെ ലളിതമായ ഒരു ജീവിതത്തിന്റെ ശക്തിയെ കുറിച്ച് ബോധ്യപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതൽ കവരുന്നത് ഇപ്പോൾ സ്മാർട്ട്‍ഫോണുകളാണ്. ശരാശരി ഒരു മനുഷ്യൻ ദിവസത്തിൽ നാലോ അഞ്ചോ മണിക്കൂറുകളെങ്കിലും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നുണ്ട്' എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്.
വായിക്കാം: 'സ്മാർട്ട്‍ഫോൺ സോംബികളെ സൂക്ഷിക്കുക'; വൈറലായ ആ ബോർഡിന് പിന്നിലെന്ത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
