ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള ആരോഗ്യ സ്ക്രീനിംഗുകൾ നൽകുന്ന തെറ്റായ രോഗനിർണ്ണയങ്ങൾക്കെതിരെ മെഡിക്കൽ വിദഗ്ദ്ധർ രംഗത്ത്. ഒരു സ്ത്രീക്ക് എഐ ഉപകരണം തെറ്റായി ക്യാൻസർ സ്ഥിരീകരിച്ച സംഭവം ചൂണ്ടിക്കാട്ടി, ഇത് രോഗികളിൽ കടുത്ത മാനസികാഘാതവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡംബര ആരോഗ്യ പരിപാലന രംഗത്ത് വർദ്ധിച്ചു വരുന്ന പുതിയ ട്രെൻഡുകൾക്കെതിരെ കടുത്ത വിമർശനവുമായി പ്രമുഖ മെഡിക്കൽ വിദഗ്ദ്ധർ രംഗത്ത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിലകൂടിയ സ്ക്രീനിംഗ് ടൂളുകൾ നൽകുന്ന തെറ്റായ രോഗ നിർണ്ണയങ്ങൾ രോഗികളിൽ ഗുരുതരമായ മാനസികാഘാതം സൃഷ്ടിക്കുന്നതായി ഒരു മുതിർന്ന ഡോക്ടർ വെളിപ്പെടുത്തിയതോടെയാണ് സംഭവം ചർച്ചയായത്. കടുത്ത പാൻക്രിയാറ്റിക് ക്യാൻസർ ഉണ്ടെന്ന എഐ റിപ്പോർട്ടുമായിയെത്തിയ 40 വയസ്സുകാരിയുടെ അനുഭവം പങ്കുവെച്ചു കൊണ്ടാണ് എൻഡോക്രിനോളജിസ്റ്റ് കൂടിയായ ഡോക്ടർ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്.

എഐ കണ്ടെത്തിയത് ഗുരുതര ക്യാൻസർ

ഒരു പ്രമുഖ ക്ലിനിക്കിന്‍റെ 20,000 രൂപയുടെ എഐ ക്യാൻസർ സ്ക്രീനിംഗ് പാക്കേജ് വഴിയാണ് സ്ത്രീക്ക് മാരകമായ രോഗമുണ്ടെന്ന തരത്തിൽ തെറ്റായ റിപ്പോർട്ട് നൽകിയത്. ഇത് അവരെ മാനസികമായി പൂർണ്ണമായും തളർത്തിയെന്നും, തുടർന്ന് ഈ അൽഗോരിതം തെറ്റാണെന്ന് തെളിയിക്കാൻ 10,000 രൂപ കൂടി ചെലവഴിച്ച് മറ്റ് ശാസ്ത്രീയ മെഡിക്കൽ പരിശോധനകൾ നടത്തേണ്ടി വന്നുവെന്നും ഡോക്ടർ വെളിപ്പെടുത്തി. മെഡിക്കൽ രംഗത്തെ എഐ സാങ്കേതികവിദ്യയുടെ അമിത വാണിജ്യവൽക്കരണത്തെക്കുറിച്ചുള്ള കടുത്ത വാദപ്രതിവാദങ്ങൾക്കാണ് ഈ സംഭവം വഴിതുറന്നിരിക്കുന്നത്. ക്യാൻസർ സ്ക്രീനിംഗ് എന്നത് വളരെ ഗൗരവമേറിയ കാര്യമാണെന്നും അതിന് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ വഴികളും, സൂക്ഷ്മമായ പരിശോധനാ രീതികളും, വിദഗ്ദ്ധരുടെ നേരിട്ടുള്ള മേൽനോട്ടവും ആവശ്യമാണെന്നും ഡോക്ടർ കുറിച്ചു.

രോഗനിർണയത്തിന് ഡോക്ടറെ കാണുക

വിദഗ്ദ്ധരായ ഓങ്കോളജിസ്റ്റുകൾ കൂടുതൽ സ്കാനിംഗുകളിലൂടെയും കൗൺസിലിംഗിലൂടെയും രോഗിക്ക് ക്യാൻസർ ഇല്ലെന്ന് കൃത്യമായി ബോധ്യപ്പെടുത്തുകയായിരുന്നു. 20,000 രൂപ ചെലവാക്കി വെറുതെ മാനസിക വിഷമം ഉണ്ടാക്കിയെന്നും, അതിനുശേഷം ആ എഐ റിപ്പോർട്ട് തെറ്റാണെന്ന് തെളിയിക്കാൻ മറ്റൊരു 10,000 രൂപ കൂടി കളയേണ്ടി വന്നുവെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. ഏതൊരു ആരോഗ്യ പരിശോധനയും തുടങ്ങേണ്ടത് മെഷീനുകളിൽ നിന്നോ ലാബുകളിൽ നിന്നോ ആകരുത്, മറിച്ച് നിങ്ങളുടെ ഡോക്ടറുടെ അടുത്ത് നിന്നായിരിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ഡോക്ടർ പോസ്റ്റ് അവസാനിപ്പിച്ചത്. ഡോക്ടറുടെ കുറിപ്പ് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർത്തിയത്. "എന്നിട്ടാണ് എഐ ഡോക്ടർമാർക്ക് പകരമാകുമെന്ന് ചിലർ വാദിക്കുന്നത്" എന്ന് പലരും പരിഹസിച്ചു. അതേസമയം, മനുഷ്യരായ ഡോക്ടർമാർക്കും വലിയ രീതിയിൽ തെറ്റുകൾ പറ്റാറുണ്ടെന്ന് വാദിച്ച് ചിലർ രംഗത്തെത്തി. സാങ്കേതികവിദ്യകൾ എത്ര വളർന്നാലും കൃത്യമായ മെഡിക്കൽ മേൽനോട്ടമില്ലാതെ രോഗനിർണ്ണയം നടത്തുന്നത് അപകടകരമാണെന്ന പൊതുവിലയിരുത്തലിലാണ് മെഡിക്കൽ ലോകം