ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാമ്പുകൾ, പ്രത്യേകിച്ചും വിഷ പാമ്പുകളെ കണ്ടെത്തിയിട്ടുള്ളത് കര്‍ണ്ണാടകയിലെ അഗുംബയില്‍ നിന്നാണ്. ഈ പ്രത്യേക ചെടി കൂടുതലായും കണ്ട് വരുന്നതും കർണ്ണാടകയിലാണ്. 


കേന്ദ്രസര്‍ക്കാര്‍ ആയുർവേദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആയുർവേദത്തിന്‍റെ ശാസ്ത്രീയതയില്‍ വീണ്ടും സംശയം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഒരു പ്രത്യേക ചെടിയുടെ ഇലയ്ക്ക് പാമ്പിന്‍ വിഷത്തെ നിര്‍വീര്യമാക്കാനോ അല്ലെങ്കില്‍ അതിന്‍റെ വിഷാംശം കുറയ്ക്കാനോ കഴിയുമെന്ന വാദം വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. ബെംഗളൂരുവിലെ മല്ലിഗെ കോളേജ് ഓഫ് ഫാർമസിയിലെ ഡോ. കുന്തൽ ദാസിന്‍റെ ഗവേഷണമാണ് പുതിയ വിവാദത്തിന് തിരി കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഗവേഷണം കാൻക്രോൾ അല്ലെങ്കിൽ കക്കോറ എന്നൊക്കെ കര്‍ണ്ണാടകയില്‍ അറിയപ്പെടുന്ന ഒരു ചെടിയിലായിരുന്നു. ഈ ചെടിയുടെ വേരിന്‍റെ ദീർഘകാല ഉപയോഗം പാമ്പിന്‍ വിഷത്തിനുള്ള ആന്‍റിവെനത്തിന് ഫലപ്രദമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

കര്‍ണ്ണാടകയിലും മറ്റും കുറ്റിക്കാടുകളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ് കക്കോഡ (മുള്ളുള്ള കുമ്പളങ്ങ) ചെടി. പാമ്പുകടിയേറ്റാല്‍ 
ഈ ചെടിയുടെ ഇലയും വേരും പ്രാദേശികമായി ഉപയോഗിക്കാറുണ്ട്. പാമ്പിന്‍ വിഷത്തെ നിർവീര്യമാക്കാന്‍ ഈ സസ്യത്തിന് കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പാമ്പുകളുടെ മാത്രമല്ല, മറ്റ് വിഷ ജന്തുക്കളുടെയും വിഷത്തിനെതിരെ ഇത് ഫലപ്രദമാണ്. ഇതിന്‍റെ ഇലകളും കായ്കളും പ്രത്യേക വീര്യമുള്ളവയാണ്. ഈ ചെടിയുടെ സമയബന്ധിതവും കൃത്യവുമായ ഉപയോഗം അഞ്ച് മിനിറ്റിനുള്ളിൽ പാമ്പിന്‍റെ വിഷത്തെ നിർവീര്യമാക്കുമെന്ന് ആയുർവേദം അവകാശപ്പെടുന്നു. 

ഇതിന്‍റെ ഇലകളിൽ നിന്നും വേരുകളിൽ നിന്നും ഉണ്ടാക്കുന്ന പൊടി വിഷത്തിന്‍റെ ഫലം കുറയ്ക്കാന്‍ സാഹായിക്കുന്നു. കാൻക്രോൾ , കണ്ടോള , കത്രാൽ എന്നീ പേരുകളിലാണ് ഈ ചെടി കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ അറിയപ്പെടുന്നത്. ചൂടുള്ളതും ഈർപ്പമുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ ചെടി പോഷകസമൃദ്ധമായ ഒരു പച്ചക്കറി കൂടിയാണ്. എന്നാല്‍ ഈ ചെടിയുടെ ഔഷധ ഗുണങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. പക്ഷേ, മറ്റ് പച്ചക്കറികളേക്കാൾ 50% കൂടുതൽ പ്രോട്ടീൻ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും പഠനം അവകാശപ്പെടുന്നു. പാമ്പ് കടിയേറ്റ ഉടൻ തന്നെ കാംക്രോൾ ഇലകളോ വേരുകളോ ചേർത്ത് പേസ്റ്റ് പുരട്ടുന്നത് വിഷത്തിന്‍റെ വീര്യം കുറയ്ക്കാന്‍ സഹായിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അഭിപ്രായപ്പെടുന്നു. പുതിയ ഇലകൾ ചതച്ച് നീര് കുടിക്കുന്നതും വിഷ വീര്യം കുറയ്ക്കാന്‍ സഹായിക്കുന്നു. അതേസമയം ഇതിനെ അലോപ്പതി അംഗീകരിച്ചിട്ടില്ല. പാമ്പ് കടിയേറ്റാല്‍ പ്രാദേശിക ചികിത്സ തേടാതെ ഉടനടി അംഗീകൃത ഡോക്ടമാരെ സമീപിക്കേണ്ടതുണ്ട്.