അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ 37,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനത്തിനുള്ളിലാണ് അമിതമായി ലഹരി ഗുളിക കഴിച്ച കാബിന്‍ ക്രൂ അംഗം നഗ്ന നൃത്തം ചവിട്ടിയത്. 

സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേക്ക് പറക്കുകയായിരുന്ന ബ്രിട്ടീഷ് എയ‍ർവെയ്സ് വിമാനത്തിലെ കാബിന്‍ ക്രൂ അംഗം ബിസിനസ് ക്ലാസ് ടോയ്‍ലറ്റില്‍ വച്ച് നഗ്നനായി നൃത്തം ചെയ്തതിന് അറസ്റ്റിലായി. യാത്രയ്ക്കിടെ കാബിന്‍ ക്രൂ അംഗം യാത്രക്കാര്‍ക്കുള്ള ഭക്ഷണവും വെള്ളവും നല്‍കിയില്ലെന്ന് കണ്ട് അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പറക്കുന്ന വിമാനത്തില്‍ നിന്നും കാബിന്‍ ക്രൂ അംഗത്തെ കാണാതായതോടെ എല്ലായിടവും അന്വേഷിച്ചു. ഇതിനിടെയാണ് ബിസിനസ് ക്ലാസിലെ ബാത്ത് റൂമില്‍ ഇയാളുള്ളതായി കണ്ടെത്തിയത്. ഈ സമയം ഇയാൾ നഗ്നനായി ബാത്ത്റൂമില്‍ ചാടിക്കളിക്കുകയായിരുന്നെന്നും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജോലിക്കിടെ കാബിന്‍ ക്രൂ അംഗം ഗുളികകൾ കഴിച്ചെന്ന് സംശയിക്കുന്നതായി വിമാന ജീവനക്കാര്‍ പറഞ്ഞു. ഇത് അസാധാരണമായ ഒരു കാര്യമാണ്. ഈ സമയം വിമാനം അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ 37,000 അടി ഉയരത്തിൽ പറക്കുകയായിരുന്നു. പക്ഷേ ഇത് മറ്റെന്തിനെക്കാളും ഉയരത്തിലാണെന്ന് തോന്നിയെന്ന് മറ്റൊരു കാബിന്‍ ക്രൂ അംഗം പറഞ്ഞു. ഇയാളെ ബിസിനസ് ക്ലാസ് ബാത്ത് റൂമില്‍ നിന്നും ഫസ്റ്റ് ക്ലാസ് ക്യാബിനിലേക്ക് മറ്റുന്നതിന് മുമ്പ് വസ്ത്രം ധരിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കിയുണ്ടായിരുന്ന പത്തര മണിക്കൂര്‍ യാത്രയിലുടനീളം ഇയാളെ വിശ്രമിക്കാന്‍ അനുവദിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍റ് ചെയ്തതിന് പിന്നാലെ ഇയാളെ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്യുകയും മെഡിക്കല്‍ പരിശോധനയ്ക്കായി വീല്‍ ചെയറില്‍ ഇരുത്തി കൊണ്ട് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര അന്വേഷണത്തിന്‍റെ ഭാഗമായി ഇയാളെ ജോലിയില്‍ നിന്നും സസ്പെന്‍റ് ചെയ്തു. 21 കാരനായ ഷാർലറ്റ് മേ ലീ എന്ന ബ്രിട്ടീഷ് ഫ്ലൈറ്റ് അറ്റന്‍റന്‍റ് ശ്രീലങ്കയിലെ കൊളംബോയിലേക്ക് 10 കോടി രൂപ മൂല്യമുള്ള കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് മറ്റൊരു ബ്രിട്ടീഷ് ഫ്ലൈറ്റ് അറ്റന്‍റന്‍റ് വിമാനയാത്രയ്ക്കിടെ ലഹരി ഉപയോഗിച്ചതിന് പിടിയിലായത്.