സമീപത്തെ ഡോഗ് കെയർ സെന്ററും തങ്ങളുടെ നായയെ നഷ്ടപ്പെട്ടതിനെ തുടർന്ന് പൊതുജനങ്ങളോട് ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കയാണ്. ബീച്ചിലേക്ക് നടത്താൻ കൊണ്ടുപോയതിന് പിന്നാലെയാണ് ബില്ലി എന്ന നായയ്ക്ക് അസുഖം ബാധിക്കുന്നതും ജീവൻ നഷ്ടപ്പെടുന്നതും.
ക്വീൻസ്‍ലാൻഡിലും പരിസരപ്രദേശങ്ങളിലും ഉള്ള നായകളെ വളർത്തുന്ന ആളുകളോട് അധികൃതർ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം വേറൊന്നുമല്ല, അവിടെ ദുരൂഹമായി പല ബീച്ചുകളിലും നായകൾ ചത്തുവീഴുകയാണത്രെ. വിഷമായിരിക്കും ഇവയുടെ മരണത്തിനുള്ള കാരണം എന്നാണ് കരുതുന്നത്. അടുത്ത ദിവസങ്ങളിൽ വിഷബാധയേറ്റ് അഞ്ച് നായ്ക്കളുടെയെങ്കിലും ജീവൻ നഷ്ടപ്പെട്ടതായി വിദഗ്ദ്ധർ സംശയിക്കുന്നു. മറ്റ് പല നായകളെയും ക്വീൻസ്‌ലാന്റിലെ സൺഷൈൻ കോസ്റ്റിലെ പ്രധാനപ്പെട്ട മൃഗാശുപത്രികളിലേക്ക് മാറ്റി.
'നോർത്ത് കോസ്റ്റ് വെറ്ററിനറി എമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ' പൊതുജനങ്ങളോട് ജാഗ്രത പുലർത്തണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രസ്തുത ബീച്ചുകളിൽ നായകളുമായോ മറ്റ് വളർത്തുമൃഗങ്ങളുമായോ ചെല്ലുമ്പോൾ ശ്രദ്ധിക്കണം. അവ എന്താണ് എന്നോ എവിടെ നിന്നാണ് എന്നോ അറിയാത്ത ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നില്ല എന്ന് ഉടമകൾ ഉറപ്പ് വരുത്തണം.
ഭക്ഷണത്തിലൂടെ വിഷം ശരീരത്തിലെത്തിയ നിലയിൽ അനേകം രോഗികൾ ക്ലിനിക്കിലെത്തി എന്ന് മൃഗാശുപത്രി തങ്ങളുടെ പോസ്റ്റിൽ കുറിച്ചു. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാനായത് അവയെല്ലാം പന്ത്രണ്ട് മണിക്കൂറിന്റെ ഇടവേളയിൽ ഒരേ സ്ഥലത്തുണ്ടായിരുന്നു എന്നത് മാത്രമാണ് എന്നും ക്ലിനിക്കിൽ നിന്നും പറഞ്ഞു. ആമാശയത്തിലെ പ്രശ്നങ്ങൾ, ക്ഷീണം, പെറ്റിന്റെ സ്വഭാവത്തിലെ എന്തെങ്കിലും പ്രത്യേകതകൾ ഇവയെല്ലാം ശ്രദ്ധിക്കണം എന്നും ക്ലിനിക് വ്യക്തമാക്കുന്നു.
സമീപത്തെ ഡോഗ് കെയർ സെന്ററും തങ്ങളുടെ നായയെ നഷ്ടപ്പെട്ടതിനെ തുടർന്ന് പൊതുജനങ്ങളോട് ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കയാണ്. ബീച്ചിലേക്ക് നടത്താൻ കൊണ്ടുപോയതിന് പിന്നാലെയാണ് ബില്ലി എന്ന നായയ്ക്ക് അസുഖം ബാധിക്കുന്നതും ജീവൻ നഷ്ടപ്പെടുന്നതും. ബീച്ചിൽ നിന്നും തിരികെ എത്തുന്നത് വരെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, തിരികെ എത്തി അര മണിക്കൂറിനുള്ളിൽ നായയ്ക്ക് വയ്യാതാവുകയായിരുന്നു. അത് നിർത്താതെ ഛർദ്ദിക്കാൻ തുടങ്ങി. ഉടനെ തന്നെ ഉടമകൾ അതിനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും അര മണിക്കൂറിനുള്ളിൽ അതിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു.
ഏതായാലും സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അതുവരെ ശ്രദ്ധിക്കാൻ പെറ്റിനെ വളർത്തുന്നവരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുമുണ്ട്.
