മെക്സിക്കന്‍ സംഘങ്ങളുടേത് പോലെ തലവെട്ടൽ അടക്കമുളള്ള ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് പേരു കേട്ട ലോസ് ചോനെറോസിന്‍റെ തലവനാണ് അഡോൾഫോ മാസിയാസ് വില്ലാമർ.

കാമുകിയുടെ വീടിന് താഴെ പണിത ഭൂഗര്‍ഭ അറയിൽ നിന്നും ഇക്വഡോറിലെ മയക്കുമരുന്ന് തലവന്‍ അഡോൾഫോ മാസിയാസ് വില്ലാമറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറ്റോ എന്നും അറിയപ്പെടുന്ന മാസിയസാണ് വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ നിന്നും മയക്കുമരുന്ന് - കുറ്റകൃത്യ രാഷ്ട്രമെന്ന നിലയിലേക്ക് ഇക്വഡോറിനെ മാറ്റിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ക്രിമിനല്‍ സംഘമായ 'ലോസ് ചോനെറോസി'ന്‍റെ തലവനാണ് അഡോൾഫോ മാസിയാസ് വില്ലാമർ.

2023-ൽ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഫെർണാണ്ടോ വില്ലാവിസെൻസിയോയെ വധിച്ചത് മാസിയാസിന്‍റെ ഉത്തരവിന് പിന്നാലെയാണെന്ന് കരുതുന്നു. ഇയാളെ പിടികൂടാനുള്ള പോലീസിന്‍റെ നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു ഇതിനൊടുവിലാണ് ഇപ്പോൾ മാന്ത നഗരത്തിലെ ഇയാളുടെ കാമുകിയുടെ ആഡംബര വീടിന് താഴെയുള്ള ഭൂഗർഭ ബങ്കറിൽ നിന്നും ഇപ്പോൾ അറസ്റ്റ് ചെയ്തത്. പോലീസും സൈന്യവും സംയുക്തമായി നടത്തിയ 10 മണിക്കൂർ ഓപ്പറേഷനിൽ വെടിവയ്പ്പുകളൊന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

Scroll to load tweet…

ഇക്വഡോർ തീരത്തുള്ള മാന്തയിലെ മോണ്ടെറിക്ക് സമീപത്തെ മൂന്ന് നില വീട് പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. നൂറ് കണക്കിന് പോലീസ് - സൈനിക ഉദ്യോഗസ്ഥര്‍ ഓപ്പറേഷന് നേതൃത്വം നല്‍കി. ഓപ്പറേഷനിടയില്‍ അവിചാരിതമായി കണ്ടെത്തിയ ഭൂഗര്‍ഭ അറയില്‍ നിന്നാണ് മാസിയാസിനെ അറസ്റ്റ് ചെയ്തത്. എയർ കണ്ടീഷനിംഗ് ചെയ്ത ബംങ്കറിൽ ഒരു കിടക്ക, ഒരു ഫാൻ, ഒരു ഫ്രിഡ്ജ് എന്നിവ സജ്ജീകരിച്ചിരുന്നതായി പോലീസ് പറയുന്നു. വീട്ടിനുള്ളില്‍ ഒരു ജിമ്മും പൂളും ടേബിൾ ഫുട്ബോൾ കളിക്കാനായി ഒരു ഗെയിംസ് റൂം എന്നിവ സജ്ജീകരിച്ചിരുന്നു.

Scroll to load tweet…

പോലീസ് ഇരച്ചെത്തിയപ്പോൾ എതിര്‍പ്പുകളൊന്നും കൂടാതെ ഫിറ്റോ കീഴടങ്ങി. ഇയാളെ ഇക്വഡോറിലെ ഏറ്റവും വലിയ ജയിലുകളിൽ പലതും സ്ഥിതി ചെയ്യുന്ന തുറമുഖ നഗരമായ ഗ്വായാക്വിലിലേക്ക് വിമാനമാർഗം എത്തിച്ചു. നേരത്തെ രണ്ട് തവണ പോലീസ് പിടികൂടിയിരുന്ന ഫിറ്റോ രണ്ട് തവണയും ജയില്‍ ചാടിയിരുന്നു. അതിനാല്‍ ഇത്തവണ അതീവ സുരക്ഷാ ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. ഫിറ്റോയെ യുഎസിന് കൈമാറുമെന്ന് ഇക്വഡോർ പ്രസിഡന്‍റ് ഡാനിയേൽ നോബോവ പറഞ്ഞു.

2024 ജനുവരിയിൽ ഇയാൾ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജയിലില്‍ കലാപം സൃഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്. ഇത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

മയക്കുമരുന്ന് കടത്ത്, പിടിച്ചുപറി എന്നിവയുൾപ്പെടെയുള്ള സംഘത്തിന്‍റെ പ്രവർത്തനങ്ങൾ അയാൾ ജയിലിൽ നിന്നാണ് നടത്തിയിരുന്നത്. ഫിറ്റോയുടെ ലോസ് ചോനെറോസ് സംഘം മെക്സിക്കോയിലെ ശക്തമായ സിനലോവ കാർട്ടലുമായി ബന്ധം സ്ഥാപിച്ചു, ഈ സഖ്യമാണ് പിന്നിട് ഇക്വഡോറിലേക്കും തലയും ശരീരഭാഗങ്ങളും വെട്ടി മാറ്റുന്നത് പോലുള്ള ക്രൂരമായ അക്രമങ്ങൾക്ക് തുടക്കം കുറിച്ചത്.