സോഷ്യലിസ്റ്റ് ആശയങ്ങൾ മുന്നോട്ട് വച്ചതോടെയാണ് ലോകം, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ന്യൂയോര്‍ക്ക് മേയർ സ്ഥാനാര്‍ത്ഥിയെ ശ്രദ്ധിച്ചത്. എന്നാല്‍ ഒരു വിവാഹ ആഘോഷത്തിന്‍റെ പേരില്‍ അദ്ദേഹം ഇന്ന് രൂക്ഷമായ വിമർശനം നേരിടുന്നു.
സോഷ്യലിസ്റ്റ് ആശയങ്ങൾ മുന്നോട്ട് വച്ചതിന്‍റെ പേരില്‍ പ്രസിദ്ധനായ ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സൊഹ്രാന്‍ മംമ്ദാനി, 2024 -ല്‍ നടത്തിയ ആഡംബര വിവാഹ ആഘോഷത്തിന്‍റെ പേരില്‍ രൂക്ഷ വിമർശനം നേരിടുന്നു. ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംമ്ദാനിയുടെ ഉഗാണ്ടയിലെ കുടുംബ എസ്റ്റേറ്റിൽ മൂന്ന് ദിവസത്തെ ആഡംബര വിവാഹ ആഘോഷം നടന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനം ഉയര്‍ന്നത്. രാമ ദുവാജിയുമായുള്ള സൊഹ്രാന്‍ മംമ്ദാനിയുടെ വിവാഹം ഉഗാണ്ടയിലെ കമ്പാലയ്ക്ക് പുറത്തുള്ള സമ്പന്നമായ ഒരു പ്രാന്തപ്രദേശത്ത് ആഘോഷിച്ചതായി ന്യൂയോർക്ക് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്.
വിവാഹ ആഘോഷത്തിന്‍റെ ചിത്രങ്ങളും പങ്കുവയ്ക്കപ്പെട്ടു. ഹൈഫൈ സെക്യുരിറ്റിയിലായിരുന്നു സൊഹ്രാന്‍ മംമ്ദാനിയുടെ വിവാഹം. ആഘോഷത്തിന് സുരക്ഷയൊരുക്കിയത് സായുധരായ ഗാർഡുകളാണെന്നും വിവരങ്ങളും ചിത്രങ്ങളും ചോരാതിരിക്കാന്‍ മൊബൈൽ ഫോൺ ജാമിംഗ് സംവിധാനം ഉപയോഗിക്കപ്പെട്ടെന്നും ഇതിനെല്ലാം പുറമെ എസ്റ്റേറ്റിന് ചുറ്റും കർശന സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പ്രത്യേക ക്ഷണിതാക്കൾക്ക് വേണ്ടി മാത്രം നടത്തിയ മൂന്ന് ദിവസത്തെ ആഘോഷ പരിപാടിക്ക് കാവൽ നിൽക്കാൻ മുഖംമൂടി ധരിച്ച പ്രത്യേക സേനയെ കോമ്പൗണ്ടിന് പുറത്ത് നിലനിര്‍ത്തിയിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ന്യൂയോര്‍ക്ക് സിറ്റി ഡെമോക്രാറ്റിക് പാര്‍ട്ടി മേയർ സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വന്ന സൊഹ്രാന്‍ മംമ്ദാനി മുന്നോട്ട് വച്ച സോഷ്യലിസ്റ്റ് ആശയങ്ങൾ വലിയ പ്രചാരം നേടിയിരുന്നു. ഇതിന് പിന്നാലെ മംമ്ദാനിയെ അറസ്റ്റ് ചെയ്യുമെന്നും യുഎസില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് സ്ഥാനമില്ലെന്നും ട്രംപ് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. മംമ്ദാനിയുടെ ആഡംബര വിവാഹ ആഘോഷത്തിന്‍റെ വിവരങ്ങൾ പുറത്ത് വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ മംമ്ദാനിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
'എല്ലാ തോക്കുകളും നിരോധിക്കാനും പോലീസിന് പണം തിരികെ നൽകാനും സോഹ്‌റാൻ മംമ്ദാനി ആഗ്രഹിക്കുന്നു, പിന്നാലെ തന്‍റെ വിവാഹത്തിനായി ഉഗാണ്ടയിലേക്ക് പറക്കുന്നു. അവിടെ കുടുംബത്തിന്‍റെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ആഡംബര വസതിയില്‍ മുഖംമൂടി ധരിച്ച പ്രത്യേക സേനയുടെ കാവലിൽ. സോഷ്യലിസം എനിക്കല്ല, നിങ്ങൾക്കാണ്ട്.' വാര്‍ത്തയോട് പ്രതിരിച്ച് കൊണ്ട് ഒരു സമൂഹ മാധ്യമ ഉപയോക്താവെഴുതി. സംഭവം വിവാദമായതോടെ പ്രതികരണവുമായി മംമ്ദാനി രംഗത്തെത്തി. തന്‍റെ ഔദ്ധ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയില്‍, കുടുംബാഗങ്ങളെയും സുഹൃത്തുക്കളെയും കാണാനായി താനിപ്പോൾ ഉഗാണ്ടിയിലാണെന്നും മാസാവസാനത്തോടെ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് തിരിച്ചെത്തുമെന്നും മംമ്ദാനി അറിയിച്ചു.


