Asianet News MalayalamAsianet News Malayalam

സിസിടിവി ദൃശ്യങ്ങൾ കണ്ട് കണ്ണീരണിഞ്ഞ് അച്ഛൻ, 8 വയസ്സുകാരി മകൾ കള്ളനിൽ നിന്നും രക്ഷിക്കാൻ ചെയ്തത്

'ആ ദൃശ്യങ്ങൾ കണ്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞുപോയി. ഒരു എട്ട് വയസ്സുകാരി ഇങ്ങനെ ഒരു സംഭവമുണ്ടാകുമ്പോൾ ഭയപ്പെടുകയും കരയുകയും ചെയ്യും എന്നല്ലേ നാം കരുതുക, എന്നാൽ അവൾ അതല്ല ചെയ്തത്. അവൾ ധൈര്യവതിയാണ്, അവളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു.'

eight year old attack robber with baseball bat to save her father in his liquor store Minnesota
Author
First Published Aug 16, 2024, 4:14 PM IST | Last Updated Aug 16, 2024, 4:14 PM IST

സ്വന്തം അച്ഛൻ അക്രമിക്കപ്പെടുന്നത് കണ്ടാൽ എന്ത് ചെയ്യും? നമുക്ക് കഴിയുന്നതുപോലെയെല്ലാം അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കും അല്ലേ? യുഎസ്സിൽ ഒരു എട്ട് വയസ്സുകാരി അതുപോലെ തന്റെ പിതാവിനെ അക്രമിക്കാൻ വന്ന കള്ളനെ ബേസ്ബോൾ ബാറ്റ് വച്ച് അടിച്ചോടിച്ചു. 

മിനസോട്ടയിലെ ബിഗ് ഡിസ്കൗണ്ട് മദ്യവിൽപ്പനശാലയുടെ ഉടമയാണ് പെൺകുട്ടിയുടെ പിതാവ്. 37 -കാരനായ ആമസോൺ തൊഴിലാളി കൂടിയായ കൊൻഷൊബർ മോറെൽ എന്നയാളാണ് മദ്യവില്പനശാലയിൽ മോഷണത്തിന് ശ്രമിച്ചത്. ഒരു കൈത്തോക്കുമായി കടയിലെത്തിയ ഇയാൾ അവിടെയുണ്ടായിരുന്ന പണമെല്ലാം പെട്ടെന്ന് എടുക്കൂ എന്ന് കടയുടമയും എട്ട് വയസ്സുകാരിയുടെ അച്ഛനുമായ ലിയോയോട് ആവശ്യപ്പെടുകയായിരുന്നത്രെ. ലിയോ പണമെല്ലാം തരാം എന്ന് സമ്മതിക്കുകയും ചെയ്തു. 

സ്റ്റോറിലെ ജീവനക്കാരൻ പണമെടുക്കാൻ പോയപ്പോൾ അക്രമി കൗണ്ടറിന് പിന്നിൽ പെൺകുട്ടി നിൽക്കുന്നയിടത്തേക്ക് അതിക്രമിച്ച് കയറാൻ‌ ശ്രമിച്ചു. പെട്ടെന്ന് ലിയോ അയാൾക്കടുത്തേക്ക് ചെല്ലുകയും അയാളെ അടിച്ച് നിലത്തിടുകയും ചെയ്തു. നിലത്ത് കിടന്ന് രണ്ടുപേരും മൽപ്പിടിത്തമായി. അച്ഛൻ മോഷ്ടാവിനെ നിലത്ത് വീഴ്ത്താൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടി ഒരു ബാറ്റുമായി എത്തുകയും ഇയാളെ കണക്കിന് തല്ലുകയും ചെയ്യുകയായിരുന്നത്രെ. 

എന്തായാലും, കള്ളൻ എങ്ങനെയൊക്കെയോ അവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ലിയോ ആണെങ്കിൽ ആ ബഹളത്തിനിടയിൽ തന്റെ മകൾ എന്ത് ചെയ്തു എന്ന് ശ്രദ്ധിച്ചില്ലായിരുന്നു. എന്നാൽ, പിന്നീട്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആ എട്ട് വയസ്സുകാരിയുടെ ധൈര്യവും പ്രവൃത്തിയും അദ്ദേഹം ശ്രദ്ധിക്കുന്നത്. 

'ആ ദൃശ്യങ്ങൾ കണ്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞുപോയി. ഒരു എട്ട് വയസ്സുകാരി ഇങ്ങനെ ഒരു സംഭവമുണ്ടാകുമ്പോൾ ഭയപ്പെടുകയും കരയുകയും ചെയ്യും എന്നല്ലേ നാം കരുതുക, എന്നാൽ അവൾ അതല്ല ചെയ്തത്. അവൾ ധൈര്യവതിയാണ്, അവളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു' എന്നാണ് ലിയോ പ്രതികരിച്ചത്. 

ആമസോൺ പിന്നീട് അക്രമി ഒരു ഡെലിവറി അസോസിയേറ്റ് ആയി ജോലി ചെയ്യുകയായിരുന്നു എന്നും ഇയാളെ പിരിച്ചുവിട്ടു എന്നും അറിയിച്ചു. 


 

Latest Videos
Follow Us:
Download App:
  • android
  • ios