'90 -കളുടെ പകുതിക്ക് ശേഷം അന്നത്തെ ബോംബെ പോലീസ് തെരുവുകളില്‍ ഒരുവേട്ട ആരംഭിച്ചു. ബോംബെ അധോലോകത്തിനെതിരെ. അതിലെ പ്രധാനികളില്‍ ഒരാൾ. ദയ നായകിന്‍റെ വരവ് സെയ്ഫ് അലി ഖാന്‍ വിഷയത്തില്‍ പുതിയ മാനങ്ങള്‍ നല്‍കുന്നു.
ബോളിവുഡിനെ ഞെട്ടിച്ച് കൊണ്ടാണ് സെയ്ഫ് അലി ഖാന് (54) വീട്ടില്‍ വച്ച് ഏഴ് തവണ കുത്തേറ്റു എന്ന വാര്‍ത്ത പുറത്ത് വന്നത്. വീട്ടിലുണ്ടായിരുന്ന ഭാര്യ കരീന കപൂറും രണ്ട് മക്കളും സുരക്ഷിതരാണ്. സെഫ് അലി ഖാന്‍ മുംബൈയിലെ ലീലാവതി ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും രണ്ട് കുത്തുകൾ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെ സെയ്ഫ് അലി ഖാന്‍റെ വീട്ടില്‍ അന്വേഷണത്തിനായി എത്തിയവരില്‍ മുംബൈ പോലീസിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ദയ നായക്കും ഉണ്ടായിരുന്നു. അന്വേഷണ സംഘത്തില്‍ ദയാ നായകിന്‍റെ സാന്നിധ്യം മുംബൈ പോലീസ് കേസ് എത്രമാത്രം കരുതലോടെയാണ് കൈകാര്യം ചെയ്യുന്നതെന്നതിന് തെളിവാണ്.
ആരാണ് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ദയാ നായക്?
മുംബൈ അധോലോകത്ത്, എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ദയാ നായകിന് സ്വന്തമായൊരു കാലം ഉണ്ടായിരുന്നു, കൃത്യമായി പറഞ്ഞാല്‍ '90 -കളുടെ പകുതിക്ക് ശേഷം. മുംബൈ പോലീസ് അധോലോകത്തെ വേട്ടയാടിയ കാലം. തെരുവുകളില്‍ ആയുധമേന്തിയ ഗുണ്ടകൾ പോലീസിന്‍റെ വെടിയേറ്റ് മരിച്ച് വീണു. ഇതില്‍ 80 -ഓളം ക്രിമിനലുകളെ വധിച്ചത് ദയാ നായക് എന്ന സബ് ഇന്‍സ്പെക്ടറാണ്. ഈ വേട്ടയ്ക്കൊടുവിലാണ് മുംബൈയിലെ അധോലോകം ഒന്ന് അടങ്ങിയതും.
കർണാടക ഉഡുപ്പിയിലെ കൊങ്കണി സംസാരിക്കുന്ന ഒരു കുടുംബത്തിൽ ബഡ്ഡയുടെയും രാധാ നായകിന്‍റെയും ഇളയ മകനാണ് ദയാ നായക്. ഗ്രാമത്തിലെ ഒരു സർക്കാര്‍ കന്നഡ മീഡിയം സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് പാസായ ശേഷം 1979 -ൽ അദ്ദേഹം ഒരു ജോലി തേടി, ബോംബെയ്ക്ക് (ഇന്നത്തെ മുംബൈ) വണ്ടി കയറി.
സെയ്ഫ് അലി ഖാന് നേരെ ആക്രമണം: പ്രതിയെ തിരിച്ചറിഞ്ഞു, കാരണം വെളിപ്പെടുത്തി പൊലീസ്
ദയാ നായകിനെ ബോംബൈയില്‍ ആദ്യം കാത്തിരുന്നത് ഒരു ഹോട്ടൽ ജോലിയായിരുന്നു. ഹോട്ടൽ ജോലിയോടൊപ്പം ദയ തന്‍റെ പഠനവും തുടർന്നു. അങ്ങനെ ബോംബെയിലെ ഗോരേഗാവിലെ മുനിസിപ്പൽ സ്കൂളിൽ നിന്ന് ദയ 12 -ാം ക്ലാസ് പൂർത്തിയാക്കി. പിന്നാലെ അന്ധേരിയിലെ സിഇഎസ് കോളേജിൽ നിന്ന് ബിരുദവും പൂർത്തിയാക്കി. ബോംബൈയിലെ ജീവിതത്തില്‍ നിന്നും ഒരു പോലീസ് ഓഫീസറാകാന്‍ അദ്ദേഹം ആഗ്രഹിച്ചു. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം, ബോംബെയില്‍ പ്ലംബേഴ്സ് അപ്രന്‍റീസായി ജോലി ചെയ്യുന്നതിനിടെ നാർക്കോട്ടിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന കുറച്ച് പോലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെട്ടതോടെയാണ് ദയയില്‍ പോലീസ് ഓഫീസർ എന്ന ആഗ്രഹം മൊട്ടിട്ടത്.
ഒടുവില്‍ 1995 -ൽ പോലീസ് അക്കാദമിയിൽ നിന്ന് ദയ ബിരുദം നേടി. പിന്നാലെ ജുഹു പോലീസ് സ്റ്റേഷനിൽ പോലീസ് സബ് ഇൻസ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചു. ഈ സമയം ബോംബെ അധോലോകം അതിന്‍റെ പ്രൌഢകാലത്തിലൂടെ കടന്ന് പോവുകയായിരുന്നു. ഈ അധോലോകത്തെ അടക്കി നിര്‍ത്താന്‍ ബോംബെ പോലീസ് വേട്ട ആരംഭിച്ച കാലം കൂടിയായിരുന്നു അത്. ജോലിയില്‍ പ്രവേശിച്ചതിന്‍റെ പിറ്റേ വര്‍ഷം 1996 ഡിസംബറില്‍ ബോംബെയിലെ ജുഹൂവില്‍ വച്ച് ഛോട്ടാ രാജന്‍റെ രണ്ട് ഗുണ്ടകളെ ദയാ നായക് വെടിവച്ച് കൊലപ്പെടുത്തി. അതോടെ പോലീസില്‍ ദയയുടെ ജനപ്രീതി വര്‍ദ്ധിച്ചു. പിന്നീട് അങ്ങോട്ട് ബോംബെ പോലീന്‍റെ അധോലോക വേട്ടയിലെ പ്രധാനികളിൽ ഒരാളായിരുന്നു ദയാ നായക്. ഒടുവില്‍ ആ കണക്കില്‍ 80 -ഓളം എൻകൗണ്ടറുകൾ.
എൻകൗണ്ടറുകൾ, ദയാ നായകിന് വീര പരിവേഷം മാത്രമല്ല നല്‍കിയത്. വിവാദങ്ങളും സമ്മാനിച്ചു. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം നേരിട്ട അദ്ദേഹം നിരന്തരം നിരീക്ഷണത്തിലായിരുന്നു. 2004 -ൽ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്റ്റ് (എംസിഒസിഎ) കോടതി നായകിന്‍റെ അനധികൃത സ്വത്തിനെ കുറിച്ച് അന്വേഷിക്കാൻ അഴിമതി വിരുദ്ധ ബ്യൂറോയോട് (എസിബി) ഉത്തരവിട്ടു. നായക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്ത എസിബി ബാംഗ്ലൂരിലെ രണ്ട് സ്ഥലങ്ങൾ ഉൾപ്പെടെ ദയാ നായകിന്‍റെ ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. അന്ധേരിയിലെ വിശാൽ ട്രാവൽസ് എന്ന ട്രാവൽ ഏജന്‍സിയുടെ കീഴിൽ മുംബൈയിലും കർണ്ണാടകയിലും കർക്കല പട്ടണത്തിലും നായകിന് രണ്ട് ആഡംബര ബസുകൾ ഉണ്ടെന്ന് കണ്ടെത്തി. പിന്നാലെ നായക്കിനെ എസിബി അറസ്റ്റ് ചെയ്തു. 2012 -ൽ അദ്ദേഹത്തെ അഡീഷണൽ പോലീസ് കമ്മീഷണർ ഓഫ് പോലീസ് (വെസ്റ്റ്) കൺട്രോൾ റൂമിലേക്ക് തിരിച്ചെടുത്തു.
