Asianet News MalayalamAsianet News Malayalam

പാർട്ട് ടൈം 'പ്ലേബോയ്' ആകാൻ സുവർണാവസരം! 100 പേരെ കബളിപ്പിച്ച സംഘം പിടിയിൽ

നൂറോളം പേരെ പ്രതികൾ കബളിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെങ്കിലും അവ്നീത് അല്ലാതെ പരാതിപ്പെടാനോ മൊഴി നൽകാനോ ആരും തയ്യാറായിട്ടില്ല. ഡൽഹിയിൽ സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകളാണ് നടന്നുവരുന്നതെന്ന് പൊലീസ് പറഞ്ഞു.

fake gigolo racket men arrested in Delhi
Author
First Published Oct 3, 2022, 2:38 PM IST

ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പലതരം വ്യാജവാർത്തകൾ ഓരോ ദിവസവും വരാറുണ്ട്. എന്നാൽ, ഇതാദ്യമായിരിക്കും 'പ്ലേബോയ്' ആകാൻ അവസരം വാഗ്ദാനം ചെയ്ത് ആളുകളെ പറ്റിക്കുന്നത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച നാലംഗ സംഘത്തിന്റെ വലയിലായത് നൂറോളം ആളുകളാണ്. 

ഡൽഹിയിലെ രണ്ട് മുറികളുള്ള ഒരു അപ്പാർട്ട്മെൻറ് ഒരു കാള്‍ സെൻറർ പോലെ സജ്ജീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. പൊലീസ് പറയുന്നതനുസരിച്ച്, ഡേറ്റിംഗ് ആപ്പായ ടിൻഡറിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയിലും വ്യാപകമായി പരസ്യം പ്രചരിപ്പിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ഇവർ നൽകിയ പരസ്യം ഇങ്ങനെയായിരുന്നു: പാർട്ട് ടൈം പ്ലേബോയ് ആകാൻ താല്പര്യമുണ്ടോ? ദിവസം രണ്ടു മുതൽ മൂന്നു മണിക്കൂർ ജോലി. നേടാം ഇരുപതിനായിരം രൂപയും അതിലധികവും. ഡയമണ്ട് എസ്കോർട്ട് സേവനം. ഉയർന്ന പ്രൊഫൈൽ ക്ലയന്റുകളുമായി ആസ്വദിക്കൂ, വലിയ ലാഭം നേടൂ."

ഈ പരസ്യം കണ്ട് ഇവരുടെ സ്കീമിൽ ചേർന്ന അവ്നീത് സിംഗ് സന്ധു താൻ വഞ്ചിക്കപ്പെട്ടന്ന് മനസ്സിലായി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഈ വലിയ ചതിയുടെ കഥ പുറംലോകം അറിഞ്ഞത്. പരസ്യത്തിൽ പറഞ്ഞതനുസരിച്ച് ഇവരുടെ സ്ഥാപനത്തിൽ പുരുഷമസാജർ തസ്തികയിലേക്കാണ് ഇയാൾ ജോലിക്ക് അപേക്ഷിച്ചത്.

അപേക്ഷിച്ച ഉടൻതന്നെ സംഘത്തിലെ ഒരാൾ ഇയാളെ ബന്ധപ്പെട്ടു. ഉടൻ തന്നെ അവ്നീതിൽ നിന്ന് ഫോട്ടോയും മറ്റ് വ്യക്തി വിവരങ്ങളും ഇവർ ശേഖരിച്ചു. ക്ലയന്റ് റെഡിയായാൽ ഉടൻ തന്നെ അറിയിക്കാമെന്ന് അറിയിച്ചു. തൊട്ടടുത്ത ദിവസം അവ്നീതിന് സംഘത്തിലെ മറ്റൊരാളിൽ നിന്നും കോൾ വന്നു. ക്ലയന്റ് റെഡിയായിട്ടുണ്ട് രജിസ്ട്രേഷൻ ഫീ മസാജ് കിറ്റ്, ഹോട്ടൽ റെന്റ് എന്നിങ്ങനെ വിവിധ ഇനങ്ങളിലായി 47,000 രൂപ വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഹൈ ക്ലാസ് ക്ലൈന്റ് ആണെന്നും അയാളിൽ നിന്നും ഈ പണം ഈടാക്കാൻ കഴിയും എന്നും ഇവർ അവ്നീതിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇത് പ്രകാരം സ്വർണം പണയം വച്ച് 47000 രൂപ ഇവർക്ക് പേ ടി എം വഴി കൈമാറി. 

എന്നാൽ പണം കൈമാറി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവരുടെ ഭാഗത്ത് നിന്നും യാതൊരു മറുപടിയും വരാതായപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതായി ഇയാൾക്ക് മനസ്സിലായത്. ഉടൻതന്നെ ഇയാൾ പൊലീസിൽ പരാതി നൽകി.

പൊലീസ് നടത്തിയ പരിശോധനയിൽ സെപ്തംബർ 18 -ന്, വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ഹരി നഗറിലെ രണ്ട് മുറികളുള്ള അപ്പാർട്ട്‌മെന്റിൽ നിന്ന് ഉദിത് മെഹ്‌റ, നേഹ ഛബ്ര, അർച്ചന അഹൂജ, സൂത്രധാരൻ ശുഭം അഹൂജ എന്നിവരെ പിടികൂടി. പ്രതിമാസം 17,000 രൂപ വാടക നൽകിയാണ് ഇവർ അപ്പാർട്ട്മെൻറ് വാടകയ്ക്ക് എടുത്ത് കോൾ സെൻറർ സംവിധാനം നടത്തിവന്നിരുന്നത്. 

പ്രതികൾ വാടകയ്‌ക്കെടുത്ത രണ്ട് മുറികളുള്ള അപ്പാർട്ട്‌മെന്റ് ഒരു മിനി കോൾ സെന്റർ പോലെയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അപ്പാർട്ട്‌മെന്റിൽ നിന്ന് രേഖകൾ, ഒരു ലാപ്‌ടോപ്പ്, ഏഴ് മൊബൈൽ ഫോണുകൾ, ഒന്നിലധികം എടിഎം കാർഡുകൾ, 'എസ്‌കോർട്ട് സേവനങ്ങൾ' എന്ന് എഴുതിയ ബിസിനസ്സ് കാർഡുകൾ എന്നിവയും പൊലീസ് കണ്ടെടുത്തു.

നൂറോളം പേരെ പ്രതികൾ കബളിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെങ്കിലും അവ്നീത് അല്ലാതെ പരാതിപ്പെടാനോ മൊഴി നൽകാനോ ആരും തയ്യാറായിട്ടില്ല. ഡൽഹിയിൽ സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകളാണ് നടന്നുവരുന്നതെന്ന് പൊലീസ് പറഞ്ഞു.

എട്ട് വനിതാ ടെലി കോളർമാരുടെ സഹായത്തോടെ ‘ഇന്ത്യൻ ഗിഗോലോ’ എന്ന പേരിൽ  റാക്കറ്റ് നടത്തിയതിന് രോഹിണിയിൽ നിന്ന് ഡൽഹി സർവകലാശാല ബിരുദധാരിയെ ഡൽഹി പൊലീസ് ഈ വർഷം ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios