അപകടത്തിന് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് വീണ്ടുമെത്തിയ നായ തിപ്പേഷിന്‍റെ അമ്മയുടെ മടിയില്‍ തല ചായ്ച്ച് കിടക്കുകയായിരുന്നു.
ചേച്ചിയെ ബസ് കയറ്റിവിട്ട് തിരികെ വീട്ടിലേക്ക് വരുമ്പോള്‍ തെരുവ് നായയെ സ്കൂട്ടര്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച യുവാവിന്‍റെ കുടുംബം, മകന്‍റെ മരണത്തിന് കാരണക്കാരനായ തെരുവ് നായയെ ദത്തെടുത്തു. കഴിഞ്ഞ നവംബര്‍ 16 ന് കര്‍ണ്ണാടകയിലെ ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിലെ ദാവണഗരെയിലെ ഹൊന്നാലി ഏരിയയില്‍ ഉണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെയാണ് തിപ്പേഷ് എന്ന 21 കാരന്‍ മരിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അപകടത്തിന് പിന്നാലെ മൃതദേഹം വഹിച്ച് കൊണ്ട് പോയ വാഹനത്തെ നായ പിന്തുടരുകയും തിപ്പേഷിന്‍റെ വീട്ടിലെത്തുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നായ തിപ്പേഷിന്‍റെ അമ്മ യശോദാമ്മയുടെ മടിയില്‍ തല ചായ്ച്ച് അപകടത്തിന് ക്ഷമ ചോദിച്ചത് പോലെ കിടന്നെന്ന വാര്‍ത്ത ഏറെ വൈറലായിരുന്നു. നായ, മൃതദേഹവുമായി എത്തിയ വാഹനത്തെ എട്ട് കിലോമീറ്ററോളം പിന്തുടര്‍ന്നാണ് വീട്ടിലെത്തിയതെന്ന് തിപ്പേഷിന്‍റെ ബന്ധു സാന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു. മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ നായ പ്രദേശത്തുണ്ടായിരുന്നു.
എന്നാല്‍ ചിലര്‍ അതിനെ ഓടിച്ച് വിടുകയായിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് വീണ്ടുമെത്തിയ നായ തിപ്പേഷിന്‍റെ അമ്മയുടെ മടിയില്‍ തല ചായ്ച്ച് കിടക്കുകയായിരുന്നു. അപകടത്തില്‍ അവന്‍ ക്ഷമ ചോദിച്ചതാണെന്ന് യശോദാമ്മ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട സഹോദരന്‍റെ മരണത്തിന് കാരണക്കാരനായ നായയോട് കുടുംബത്തിലെ ആര്‍ക്കും നീരസമില്ലെന്ന് തിപ്പേഷിന്‍റെ സഹോദരി ചന്ദന പറഞ്ഞു. നായ ഇപ്പോള്‍ തിപ്പേഷിന്‍റെ വീട്ടില്‍ നിന്നും പുറത്ത് പോകുന്നില്ല. അവനുള്ള ഭക്ഷണം തിപ്പേഷിന്‍റെ കുടുംബം നല്‍കുന്നു. അവനെ തങ്ങള്‍ ദത്തെടുത്തതായി സഹോദരി ചന്ദന പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
