റഷ്യക്കാർ മുന്നേറുകയായിരുന്നു. വിമാനത്താവളത്തിന് ചുറ്റും ഷെല്ലാക്രമണം നടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാടൊന്നും ചിന്തിക്കാൻ സമയമില്ലായിരുന്നു. തന്റെ അഞ്ച് വയസ്സുകാരിയായ മകളെ ചേർത്ത് പിടിച്ച് വെടിവയ്പിൽ നിന്ന് ഓടി രക്ഷപ്പെടുന്ന കാതറീനയുടെ ഫോട്ടോ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു.
യുദ്ധഭൂമിയിൽ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട ഒരു ഉക്രേനിയൻ കുടുംബം നാല് മാസങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയപ്പോൾ, അവരെ കാത്തിരുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. സ്വന്തം ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിൽ അവർ ദുരന്തഭൂമിയിൽ ഉപേക്ഷിച്ച് പോയ അവരുടെ വളർത്തുനായ വീട്ടുപടിക്കൽ അവരെ കാത്തിരിക്കുകയായിരുന്നു. അവരെ കണ്ടതും പരിഭവമോ, പരാതിയോ കൂടാതെ അത് ഓടി വന്നു. സ്നേഹത്തോടെ വാലാട്ടി, അവരെ മുട്ടിയുരുമ്മി, സന്തോഷം കൊണ്ട് ചാടി മറിഞ്ഞു.
കനത്ത ബോംബാക്രമണത്തിനിടയിൽ, അതിജീവനം പ്രയാസമാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് 35 -കാരിയായ കാതറീന ടൈറ്റോവയും കുടുംബവും ആ നഗരത്തിൽ നിന്ന് പലായനം ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞ മാർച്ചിലാണ് കാതറീനയും അവളുടെ ഭർത്താവ് അലെക്‌സാണ്ടറും അവരുടെ രണ്ട് കൊച്ചുകുട്ടികളും നഗരം വിട്ട് സുരക്ഷിതമായ ഒരിടത്തേക്ക് മാറിയത്. പെട്ടെന്നുള്ള യാത്രയായതിനാൽ എല്ലാമൊന്നും കൂടെ കൊണ്ട് പോകാൻ സാധിച്ചില്ല. കുറച്ചു വസ്‌ത്രങ്ങളും, അത്യാവശ്യം സാധനങ്ങളും മാത്രമാണ് അവർ കൈയിൽ കരുതിയത്. ഇത്രയും വർഷത്തെ അധ്വാനം കൊണ്ട് നേടിയത് എല്ലാം അവർ അവിടെ തന്നെ ഉപേക്ഷിച്ച് പോയി, ഒപ്പം അവരുടെ നായയെയും ഉപേക്ഷിക്കേണ്ടി വന്നു. ഹസ്‌കി ഇനത്തിൽ പെട്ട ഒൻപത് വയസുള്ള അവന്റെ പേര് ബെലി. മനസില്ലാമനസോടെ അവർ ബെലിയെ ദുരന്തഭൂമിയിൽ ഉപേക്ഷിച്ച് പോയി. കേൾക്കുമ്പോൾ ക്രൂരമായി തോന്നാമെങ്കിലും അവർക്ക് മറ്റ് വഴികളിലായിരുന്നു.
കാരണം റഷ്യക്കാർ മുന്നേറുകയായിരുന്നു. വിമാനത്താവളത്തിന് ചുറ്റും ഷെല്ലാക്രമണം നടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാടൊന്നും ചിന്തിക്കാൻ സമയമില്ലായിരുന്നു. തന്റെ അഞ്ച് വയസ്സുകാരിയായ മകളെ ചേർത്ത് പിടിച്ച് വെടിവയ്പിൽ നിന്ന് ഓടി രക്ഷപ്പെടുന്ന കാതറീനയുടെ ഫോട്ടോ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. എന്നാലും, തിരികെ വരുമ്പോൾ ബെലി തങ്ങൾക്കായി കാത്തിരിക്കുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ആ പ്രതീക്ഷകൾ മാസങ്ങൾ കഴിഞ്ഞതോടെ ഇല്ലാതായി. അവരുടെ നഗരം യുദ്ധത്തിൽ തകർന്നടിഞ്ഞതായി അവർ കണ്ടു. അവർ വിന്നിറ്റ്സിയയിലെ സുഹൃത്തുക്കളുടെ വീടുകളിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട്, കാര്യങ്ങൾ നിയന്ത്രിതമായ ഉടൻ, അവർ തിരികെ സ്വന്തം വീട്ടിലേയ്ക്ക് ഓടിയെത്തി. അവർ എത്തുമ്പോൾ തകർന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ബെലി അവരെ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.
"ഇവൻ എങ്ങനെ അതിജീവിച്ചു എന്നത് എനിക്ക് ഇന്നും അറിയില്ല. ഇതൊരു അത്ഭുതമാണ്. മാസങ്ങളോളം അവൻ ഞങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഞങ്ങളുടെ നഗരത്തിൽ ഇപ്പോഴത്തെ അവസ്ഥ കണ്ട് എന്റെ നെഞ്ച് കലങ്ങി. എന്നാൽ, ബെല്ലിയെ തിരികെ കിട്ടിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്" കാതറീന പറഞ്ഞു. ആദ്യ ദിവസങ്ങളിൽ വീട്ടിൽ ബാക്കിയുണ്ടായിരുന്നു ഭക്ഷണവും വെള്ളവും കഴിച്ച് അവൻ ജീവിച്ചു. ബാക്കിയുള്ള മാസങ്ങൾ പ്രദേശത്തുള്ള ആളുകൾ അവനെ പരിപാലിച്ചു. എന്നാലും, വീട്ടുകാരെ അന്വേഷിച്ച് അവൻ എപ്പോഴും വീടിനു ചുറ്റും നടക്കുമായിരുന്നുവെന്ന് അവിടത്തുകാർ പറഞ്ഞു.
