കാവേരി നദി ജല തർക്കം; ചത്ത എലികളെ കടിച്ചുപിടിച്ച് തമിഴ്നാട്ടിൽ കർഷക പ്രതിഷേധം
സർക്കാർ നടപടികൾക്കെതിരെ തിരുച്ചിറപ്പള്ളി മേഖലയിൽ നിന്നുള്ള കർഷകർ നടത്തിയ ഈ പ്രതിഷേധത്തിന്‍റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ ആണ് തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിൽ വഴി പുറത്തുവിട്ടത്.

കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഒരു കൂട്ടം കർഷകർ ചത്ത എലികളെ വായിൽ കടിച്ചുപിടിച്ച് പ്രതിഷേധം നടത്തുന്നതിന്‍റെ വീഡിയോ പുറത്ത്. സർക്കാർ നടപടികൾക്കെതിരെ തിരുച്ചിറപ്പള്ളി മേഖലയിൽ നിന്നുള്ള കർഷകർ നടത്തിയ ഈ പ്രതിഷേധത്തിന്‍റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ ആണ് തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിൽ വഴി പുറത്തുവിട്ടത്. പോസ്റ്റ് ചെയ്ത ഉടൻതന്നെ വീഡിയോ ശ്രദ്ധിക്കപ്പെടുകയും പതിനായിര കണക്കിനാളുകൾ ഇതിനോടകം ഇത് കണ്ടു.
കാവേരി നദീജലം കർണാടക വിട്ട് നൽകിയില്ലെങ്കിൽ കർഷകർ അതിജീവനത്തിനായി എലി മാംസം കഴിക്കാൻ നിർബന്ധിതരാകുമെന്നതിന്‍റെ സൂചനയായാണ് ഇത്തരത്തിൽ ഒരു പ്രതിഷേധം കർഷകർ നടത്തിയത്. നദീജലം കിട്ടാതെ വന്നാൽ ഉണ്ടാകാൻ പോകുന്ന തങ്ങളുടെ ദുരവസ്ഥയെ കുറിച്ച് അധികാരികളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള വേറിട്ട രീതിയിൽ ഒരു പ്രതിഷേധം കർഷകർ നടത്തിയത്. മറുവശത്ത്, കന്നഡ അനുകൂല സംഘടനകളും കർണാടകയിലെ മാണ്ഡ്യയിലെ കർഷകരും പ്രക്ഷോഭം തുടരുകയാണ്. നയതന്ത്രപരമായി പ്രശ്‌നം കൈകാര്യം ചെയ്യാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡിഎംകെ അറിയിച്ചു. അയൽ സംസ്ഥാനത്തേക്ക് അയക്കാനുള്ള വെള്ളമില്ലെന്നതാണ് ഇതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിന്‍റെ വാദം.
കർണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തർക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ കീഴിലായിരുന്ന മദ്രാസ് പ്രവിശ്യയും മൈസൂർ രാജാവും തമ്മിലായിരുന്നു ആദ്യം തർക്കം ഉടലെടുത്തത്. 1916-ൽ മൈസൂർ ഭരണകൂടം കൃഷ്ണരാജ സാഗർ അണക്കെട്ട് നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ മദ്രാസ് അധികാരികൾ അത് എതിർത്തു. കാവേരി ജലം തമിഴ്‌നാട്ടിൽ എത്തില്ലെന്നായിരുന്നു വാദം. തർക്കത്തിനൊടുവിൽ 1924-ൽ പ്രാബല്യത്തിൽ വന്ന കരാറനുസരിച്ച് മൈസൂറിന് അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. അതോടൊപ്പം മദ്രാസ് പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂർ അണക്കെട്ടിലേക്ക് ജലമെത്താൻ തടസ്സമുണ്ടാകാന്‍ പാടില്ലെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. 575.68 റ്റി.എം.സി ജലത്തിന് തമിഴ്‌നാടിന് അർഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. കൂടാതെ പുതിയതായി കർണാടക ഭാഗത്ത് ഉണ്ടാക്കുന്ന അണക്കെട്ടുകൾക്ക് തമിഴ്‌നാടിന്‍റെ സമ്മതവും ആവശ്യമായിരുന്നു.
അഫ്ഗാനെ ക്യാമറാ നിരീക്ഷണത്തിലാക്കാന്‍ താലിബാന്‍; യുഎസും ചൈനയുമായി സഹകരിക്കും?
1970 മുതൽ കാവേരീ പ്രശ്നം ഒരു ട്രൈബ്യൂണലിന് വിടണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. 1974 -ൽ അന്നത്തെ കേന്ദ്ര ജലസേചന മന്ത്രിയായിരുന്ന ജഗ്ജീവൻ റാം ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തു. പിന്നാലെ തമിഴ്‌നാടിന്‍റെ ഓഹരി 489 ടി.എം.സി ജലമായി കുറച്ചു. എന്നാല്‍, തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിക്കുകയും ട്രിബ്യൂണലിനെ നിയമിക്കാൻ വിധി സമ്പാദിക്കുകയും ചെയ്തു. വിധിയനുസ്സരിച്ച് 1991-ൽ വി.പി. സിംഗ് സർക്കാർ മൂന്നംഗ ട്രിബ്യൂണലിനെ നിയമിക്കുകയും ട്രിബ്യൂണൽ തമിഴ്‌നാടിന് 205 ടി.എം.സി. ജലം കൂടി അനുവദിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ ഇന്നും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള നദീജല തർക്കം അന്തമില്ലാതെ തുടരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക