മകന്‍റെ കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹം മോഷ്ടിച്ചത്. പക്ഷേ. പിടിക്കപ്പെട്ടു. അച്ഛന്‍ ജയിലില്‍ കഴിയവെ മകന്‍ മരണത്തിന് കീഴടങ്ങി.
മകന്‍റെ കാന്‍സര്‍ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി മോഷണം നടത്തിയ അച്ഛന്‍ മകന്‍റെ മരണവേളയില്‍ ജയിലില്‍. ചൈനയിലെ വടക്ക് കിഴക്കന്‍ പ്രവിന്‍സായ ജിലിനിലാണ് സംഭവം. 11 വയസുള്ള മകന്‍ ജിയായുവിന്‍റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനാണ് 29 കാരനായ യു ഹൈബോ മോഷണം നടത്തിയത്. എന്നാല്‍ അദ്ദേഹം പിടിക്കപ്പെട്ടു. പിന്നാലെ ജയിലിലുമായി. ഇതിനിടെയാണ് രോഗം മൂര്‍ച്ഛിച്ച് ജിയായു മരണത്തിന് കീഴടങ്ങിയത്.
ഷെഫായും വെല്‍ഡറായും ജീവിതം തുടങ്ങുന്നതിനിടെയാണ് കൗമാര പ്രായം കഴിഞ്ഞയുടനെ യു ഹൈബോ തന്‍റെ സുഹൃത്തായ ഷാങ് മിങ്‍യുവിനെ വിവാഹം കഴിക്കുന്നത്. 2014 ല്‍ ആദ്യ കുട്ടി ജിയായു ജനിച്ചു. എന്നാല്‍, മൂന്നമത്തെ വയസില്‍ അവനില്‍ കാന്‍സര്‍ രോഗത്തിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയത് ആ കുടുംബത്തിന്‍റെ തീരാദുഖമായി മാറി.
മകന്‍റെ രോഗം തിരിച്ചറിയുമ്പോൾ യു ഹൈബോ ഒരു കാര്‍ കമ്പനിയില്‍ 2000 യുവാന്‍ (ഏകദേശം 24,000 രൂപ) ശമ്പളത്തില്‍ ജോലി ചെയ്യുകയായിരുന്നു. മൂന്ന് വയസുള്ള ജിയായുവിന് ലുക്കീമിയ രോഗമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ കുടുംബം കൂടുതല്‍ നല്ല ചികിത്സ തേടി ടിയാന്‍ജിനിലേക്ക് താമസം മാറി. വീട് വിറ്റു. ഒപ്പം ഒരു ദിവസം തന്നെ പല ജോലികൾ ചെയ്തും മകന്‍റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ അദ്ദേഹം പാടുപെട്ടു.
2021 ല്‍ കൊവിഡിനെ തുടര്‍ന്ന് ജോലി ഇല്ലാതിരിക്കുമ്പോഴാണ് ചികിത്സയ്ക്കായി പതിനായിരിക്കണക്കിന് യുവാന്‍ കെട്ടിവയ്ക്കാന്‍ ആശുപത്രി അധികൃതര്‍ യു ഹൈബോയോട് ആവശ്യപ്പെട്ടത്. ഈ സമയമാണ് റോഡ് സൈഡിലെ ട്രാന്‍സ്ഫോമറില്‍ നിന്നും ചെമ്പ് കമ്പി ഊരിയെടുത്ത് വിറ്റ് പണം കണ്ടെത്താന്‍ ഒരു സുഹൃത്ത് ഉപദേശിച്ചത്. മകനെ അത്രമേല്‍ സ്നേഹിച്ച യുഹൈബോ 20 ട്രാന്‍സ്ഫോമറുകളിൽ നിന്നുള്ള ചെമ്പ് കമ്പികൾ മോഷ്ടിച്ച് 30,000 യുവാന് (ഏകദേശം 3,60,000 രൂപ) മറിച്ച് വിറ്റു. പക്ഷേ, രണ്ട് മാസങ്ങൾക്ക് ശേഷം പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. നാല് വര്‍ഷത്തേക്ക് തടവ് ശിക്ഷയാണ് യു ഹൈബോയ്ക്ക് കോടതി വിധിച്ചത്.
'തനിക്ക് അപ്പോ അത് നിയമവിരുദ്ധമെന്ന് തോന്നിയില്ല. അവന് വേണ്ടി എന്തെങ്കിലും ചെയ്യണമായിരുന്നു.' അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവ് ജയിലില്‍ ആയതോടെ ഭാര്യ പല പണികൾ നോക്കി മകന്‍റെ ചികിത്സയുമായി മുന്നോട്ട് പോയി. യു ഹൈബോയുടെ കഥ അറിഞ്ഞ് ഇതിനിടെ ജയില്‍ അധികൃതരും ജയിലിലെ അന്തേവാസികളും ചേര്‍ന്ന് 70,000 യുവാന്‍ (ഏകദേശം 8,39,000 രൂപ) ചികിത്സയ്ക്കായി സംഘടിപ്പിച്ച് നല്‍കി. ഇതിനിടെ ജിയായുവിന്‍റെ രോഗം മൂര്‍ച്ഛിച്ചു. പിന്നാലെ ജിയായു മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണശേഷം അച്ഛൻറെ അടുത്ത് നില്‍ക്കാനായി തന്‍റെ ചിതാഭസ്മം ജിങ്‍യുവാന്‍ടാന്‍ തടകത്തില്‍ ഒഴുക്കണമെന്ന് ജിയായു ആവശ്യപ്പെട്ടിരുന്നു. ഈ തടാകം അച്ഛന്‍റെ ജയിലിന് സമീപത്തായിരുന്നു. തന്നെ മിസ് ചെയ്യുന്നുണ്ടെന്ന് തോന്നുമ്പോൾ അച്ഛന്‍ തടാകക്കരയിലേക്ക് വരൂവെന്നായിരുന്നു അവസാന കൂടി കാഴ്ചയില്‍ മകന്‍ അച്ഛനോട് പറഞ്ഞതെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മകന്‍റെ ആഗ്രഹപ്രകാരം ചിതാഭസ്മം ജിങ്‍യുവാന്‍ടാന്‍ തടകത്തില്‍ ഒഴുക്കി. അച്ഛന്‍റെയും മകന്‍റെയും കഥ ഇന്ന് ചൈനീസ് സമൂഹ മാധ്യമത്തില്‍ വൈറലാണ്. നിലവില്‍ ജയില്‍ മോചിതനായ യു എല്ലാ രണ്ട് ആഴ്ചകൂടുമ്പോഴും തന്‍റെ മകനെ കാണാനായി തടാകക്കരയിലേക്കെത്തുന്നു.


