അഹമ്മദാബാദില്‍ വിമാനാപകടമുണ്ടായി ദിവസങ്ങൾ കഴിയും മുമ്പേ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരുടെ ഡിജെ പാര്‍ട്ടിയുടെ വീഡിയോ വൈറല്‍. 

യർ ഇന്ത്യാ വിമാനം അപകടത്തില്‍പ്പെട്ട് ദിവസങ്ങൾക്കുള്ളില്‍ എയർ ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള സാറ്റ് ടീമിന്‍റെ (SATS Team) ഡിജെ പാര്‍ട്ടി ആഘോഷം വിവാദത്തില്‍. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉയർന്ന ഉദ്യോഗസ്ഥരടക്കം ഡിജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും ജൂണ്‍ 12 -ാം തിയതി ഉച്ചയ്ക്ക് ഒരു മണിയോടെ പറന്നുയര്‍ന്ന എയർ ഇന്ത്യയുടെ എഐ 171 വിമാനം സമീപത്ത് തന്നെ കത്തിയമര്‍ന്നതിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചിരുന്നു.

ഇത്രയും വലിയൊരു അപകടം നടന്ന് ദിവസങ്ങൾ കഴിയും മുന്നേ എയര്‍ ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത് കൊണ്ട് നടത്തിയ ഓഫീസ് പാര്‍ട്ടിയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വീഡിയോയില്‍ നൃത്തം ചെയ്യുന്നവരില്‍ എയര്‍ ഇന്ത്യ ലിമിറ്റഡിലെയും സിംഗപ്പൂര്‍‌ കേന്ദ്രമായ സാറ്റ്സ് ലിമിറ്റഡിലെയും അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യയിലെമ്പാടുമുള്ള വിവിധ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് സര്‍വ്വീസ് നല്‍കുന്ന സംഘമാണിത്.

Scroll to load tweet…

എയർ ഇന്ത്യയുടെ ഗുർഗാവ് ഓഫീസില്‍ ജൂണ്‍ 20 -നാണ് ആഘോഷം നടന്നത്. പരിപാടിക്കായി എയര്‍ ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഘത്തില്‍ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് ജനറൽ മാനേജർ സമ്പ്രീത് കോട്ടിയനും, ഐസാറ്റ്സിന്‍റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അബ്രഹാം രാജേരിയയും, കമ്പനിയിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എന്നിവരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു.

വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് ഐഎഎസ്എടിഎസ് അധികൃതർ മറുപടിയുമായി രംഗത്തെത്തി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് ഐഎഎസ്എടിഎസിന് അറിയാമെന്നും നിർഭാഗ്യവശാൽ അത് സന്ദർഭത്തിന് പുറത്താണെന്നും ഐഎഎസ്എടിഎസ് എക്സില്‍ കുറിച്ചു. എങ്കിലും വീഡിയോ ഉണ്ടാക്കിയേക്കാവുന്ന വൈകാരിക അസ്വസ്ഥതയിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും അവകാശപ്പെട്ടു. അതേസമയം സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.