2019 ഏപ്രിലില്‍ ഡോങ്‌നിംഗ് നഗരത്തിലെ വനംവകുപ്പാണ് ഈ  പട്രോളിംഗ് ടീം സ്ഥാപിച്ചത്. ടീമിലെ എല്ലാ റേഞ്ചര്‍മാരും 1980 -കളിലും 90 -കളിലും ജനിച്ചവര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇവര്‍ നടന്നുതീര്‍ത്തത് ആറായിരത്തിലധികം കിലോമീറ്ററാണ്.

കാടും മലയും നടന്നുകയറുന്ന പെണ്ണുങ്ങള്‍. വെറും നടത്തമല്ല, എല്ലാ ദിവസവും നാലും അഞ്ചും മണിക്കൂര്‍ നീണ്ട നടത്തം. പലപ്പോഴും പത്തും പതിനഞ്ചും കിലോമീറ്റര്‍. വേനല്‍ക്കാലത്ത് കൊടും ചൂടില്‍ വെന്തുരുകി. തണുപ്പുകാലത്ത് പൂജ്യത്തിനും താഴെ താപനിലയില്‍. വടക്കുകിഴക്കന്‍ ചൈനയില്‍ നിന്നുള്ളതാണ് ഈ കാഴ്ച.

ചൈനയിലെ ഡോങ്‌നിങ് നഗരത്തിലെ നോര്‍ത്ത് ഈസ്റ്റ് ചൈന ടൈഗര്‍ ആന്റ് ലെപ്പേഡ് ദേശീയോദ്യാനത്തില്‍ എല്ലാ വെല്ലുവിളികളേയും തരണം ചെയ്തുള്ള ഇവരുടെ നടത്തത്തിന് വിശാലമായ ഒരു ലക്ഷ്യമുണ്ട്. ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന അമുര്‍ പുള്ളിപ്പുലികളും സൈബീരിയന്‍ കടുവകളുമാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രധാന ആകര്‍ഷണം. നായാട്ടുകാരുടെ കെണിയില്‍ നിന്ന് ഇവയെ രക്ഷിക്കുകയാണ് ഈ പെണ്‍കൂട്ടത്തിന്റെ പ്രധാന ലക്ഷ്യം.

2019 ഏപ്രിലില്‍ ഡോങ്‌നിംഗ് നഗരത്തിലെ വനംവകുപ്പാണ് ഈ പട്രോളിംഗ് ടീം സ്ഥാപിച്ചത്. ടീമിലെ എല്ലാ റേഞ്ചര്‍മാരും 1980 -കളിലും 90 -കളിലും ജനിച്ചവര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇവര്‍ നടന്നുതീര്‍ത്തത് ആറായിരത്തിലധികം കിലോമീറ്ററാണ്. Also Read: 
കേൾക്കാനോ സംസാരിക്കാനോ കഴിയില്ല, പക്ഷേ, ചുറ്റിലുമുള്ള പക്ഷികൾക്കും മൃ​ഗങ്ങൾക്കും ശബ്ദമാണിവൻ...

സൈബീരിയന്‍ കടുവയും അമുര്‍ പുള്ളിപ്പുലികളും എന്നും നായാട്ടുകാരുടെ പ്രിയപ്പെട്ട ഇനങ്ങളാണ്.അതുകൊണ്ടുതന്നെ പട്രോളിംഗ് സമയത്ത് വേട്ടക്കാര്‍ സജ്ജമാക്കിയ കെണികള്‍ കണ്ടെത്തി നീക്കം ചെയ്യുകയാണ് ഇവരുടെ പ്രധാന കടമ. ഇതുവരെ നീക്കം ചെയ്തത് 3789 കെണികളാണ്.

വേനല്‍ക്കാലം കടുത്ത വരള്‍ച്ചയുടേത് കൂടിയാണ് ഇവിടെ. ഭക്ഷണം കിട്ടാതെ ചത്തുപോകുന്ന വന്യമൃഗങ്ങള്‍ സ്ഥിരം കാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് ഇവരുടെ സഞ്ചികളില്‍ വന്യമൃഗങ്ങള്‍ക്കുള്ള ഭക്ഷണം കൂടിയുണ്ടാകും.

ഏറെ കഠിനമാണ് പലപ്പോഴും ഇവര്‍ക്കു മുന്നിലുള്ള ജോലികള്‍. വന്യമൃഗങ്ങളെ നിരീക്ഷിക്കുന്നതിനായി ഇന്‍ഫ്രാറെഡ് ക്യാമറകള്‍ വനത്തില്‍ പലയിടത്തായി സ്ഥാപിച്ചിട്ടുണ്ട്. പര്‍വതത്തില്‍ പട്രോളിംഗ് നടത്തുമ്പോഴുള്ള ഏറ്റവും ആവേശകരമായ കടമയും അതുതന്നെയാണെന്ന് ഇവര്‍ പറയുന്നു.

''2021 -ല്‍ എട്ട് തവണയാണ് സൈബീരിയന്‍ കടുവകളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. ഈ വര്‍ഷം ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 6 തവണ കടുവകളുടെ ചിത്രം കിട്ടി. പ്രകൃതിദത്ത വനത്തിന്റെ വിസ്തൃതി 2016 -ല്‍ 110,800 ഹെക്ടറായിരുന്നു. കഴിഞ്ഞ വര്‍ഷം അത് 118,900 ഹെക്ടറായി ഉയര്‍ന്നു. പ്രകൃതിദത്ത ആവാസവ്യവസ്ഥ മെച്ചപ്പെട്ടു എന്നതിന്റെ കൃത്യമായ തെളിവുകള്‍. ദേശീയോദ്യാനത്തിലെ സൈബീരിയന്‍ കടുവകളുടെ എണ്ണം ആറ് വര്‍ഷം മുമ്പ് ഇരുപതില്‍ താഴെ മാത്രമായിരുന്നു. ഇന്നത് 50 -ലേക്ക് വര്‍ധിച്ചതായി പട്രോളിംഗ് സംഘം സാക്ഷ്യപ്പെടുത്തുന്നു. Also Read : അവിശ്വസനീയ കാഴ്ചകള്‍; മികച്ച വന്യജീവി ഫോട്ടോഗ്രഫി ചിത്രങ്ങള്‍ തെരഞ്ഞെടുത്തു

2018 -നും 2021 -നും ഇടയില്‍ അമുര്‍ പുള്ളിപ്പുലികളുടെ 264 വ്യക്തമായ ചിത്രങ്ങളും ഈ പട്രോളിംഗ് സംഘം പകര്‍ത്തിയിട്ടുണ്ട്.

ലോകത്ത് കാടുസംരക്ഷിക്കാനിറങ്ങുന്ന റോവര്‍ സംഘാംഗങ്ങളില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. 28 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം 7.5 ശതമാനം സ്ത്രീകള്‍ മാത്രമേ ഈ രംഗത്ത് ഉള്ളൂ.അതുകൊണ്ടു തന്നെയാണ് ചൈനയിലെ ഈ സ്ത്രീകളും അവരുടെ ഉദ്യമവും ശ്രദ്ധേയമാകുന്നത്...