താനാഭവൻ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ലൈൻമാൻ വൈദ്യുത തൂണിൽ കയറുന്ന വീഡിയോ അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

ട്രാഫിക് നിയമം ലംഘിച്ചതിന് പൊലീസ് പിഴ ചുമത്തി. അതോടെ ഷംലിയിൽ നിന്നുള്ള ഒരു ലൈൻമാൻ ദേഷ്യം വന്ന് പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം തന്നെ ഇല്ലാതാക്കിയെന്ന് റിപ്പോർട്ട്. താനാഭവൻ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണമാണ് ലൈൻമാൻ തടസപ്പെടുത്തിയത്. 

ആ​ഗസ്ത് 23 -ന് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മെഹ്താബ് എന്ന ലൈൻമാൻ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ പോവുകയായിരുന്നു. അപ്പോൾ ഒരു പൊലീസുകാരൻ വണ്ടി നിർത്തിക്കുകയും പിഴയായി ആറായിരം രൂപ ചുമത്തുകയും ചെയ്തു. താനിനി ഒരിക്കലും ഇത് ആവർത്തിക്കില്ല എന്നും പറഞ്ഞ് മെഹ്താബ് പൊലീസിനോട് പിഴയിൽ നിന്നും ഒഴിവാക്കാൻ അപേക്ഷിച്ചു. എന്നാൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഇതൊന്നും കേൾക്കാൻ തയ്യാറായില്ല. പോരാത്തതിന് വൈദ്യുതി വകുപ്പിലുള്ളവർ അമിത പണം ചുമത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്ന് കൂടി പറഞ്ഞു. 

താനാഭവൻ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ലൈൻമാൻ വൈദ്യുത തൂണിൽ കയറുന്ന വീഡിയോ അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. 'തനിക്ക് ആകെ കിട്ടുന്ന ശമ്പളം അയ്യായിരം രൂപയാണ്. എന്നോട് പിഴയായി വാങ്ങിയത് ആറായിരം രൂപയാണ്. ഞാൻ ആ പൊലീസുകാരനോട് പറഞ്ഞതാണ് എന്നോട് ഇത്തവണ ക്ഷമിക്കൂ, ഭാവിയിൽ ഒരിക്കലും ഞാനിത് ആവർത്തിക്കില്ല എന്ന്. പക്ഷേ, അവർ യാതൊരു ദയയും കാണിച്ചില്ല' എന്നും മെഹ്താബ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

എന്നാൽ, വൈദ്യുതി ലൈൻ വിച്ഛേദിച്ചതിന് വൈദ്യുതി വകുപ്പ് മറ്റൊരു കാരണമാണ് പറഞ്ഞത്. പൊലീസ് സ്റ്റേഷന് ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലുകൾ കുടിശ്ശികയുണ്ടെന്ന് അവർ അവകാശപ്പെട്ടു. വൈദ്യുതി വകുപ്പിൽ നിന്നുമുള്ള അമിതേഷ് മൗര്യ പറയുന്നത് 55,000 രൂപ ബില്ലിനത്തിൽ പൊലീസ് സ്റ്റേഷൻ അടക്കാനുണ്ട്. അതുകൊണ്ടാണ് വൈദ്യുതി വിച്ഛേദിച്ചത് എന്നാണ്.