Asianet News MalayalamAsianet News Malayalam

യുപി -യില്‍ മനുഷ്യർക്ക് മാത്രമല്ല, ഇനി പശുക്കൾക്ക് വേണ്ടിയും ആംബുലൻസ് പാഞ്ഞെത്തും, ഈ നമ്പറിൽ വിളിച്ചാൽ മതി

സേവനം അഭ്യർത്ഥിച്ചാൽ 15 മുതൽ 20 മിനിറ്റിനുള്ളിൽ ഒരു വെറ്ററിനറി ഡോക്ടറും രണ്ട് സഹായികളുമായി ആംബുലൻസ് പാഞ്ഞെത്തും. 

first in country emergency ambulance for cows
Author
Uttar Pradesh, First Published Nov 16, 2021, 1:13 PM IST

അടിയന്തിര സാഹചര്യത്തിൽ 115 എന്ന നമ്പറിൽ വിളിച്ചാൽ, ആംബുലൻസ്(Ambulance) സഹായം ലഭിക്കുമെന്നത് നമുക്കറിയാം. പക്ഷേ, ഇത് മനുഷ്യർക്ക് മാത്രമുള്ളതാണ്. മൃഗങ്ങൾക്ക് ഇത്തരമൊരു സംവിധാനം നിലവിൽ നമ്മുടെ രാജ്യത്തില്ല. എന്നാൽ, ഇപ്പോൾ ഉത്തർ പ്രദേശ് സർക്കാർ പശുക്കൾക്ക് വേണ്ടിയും ഒരു ആംബുലൻസ് സേവനം ആരംഭിക്കാനുള്ള തീരുമാനത്തിലാണ്. ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന പശുക്കൾക്കായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന ക്ഷീര വികസനം, മൃഗസംരക്ഷണം, ഫിഷറീസ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി(Laxmi Narayan Chaudhary)പറഞ്ഞു.

ആകെ മൊത്തം 515 ആംബുലൻസുകളാണ് പദ്ധതിക്കായി സജ്ജമാക്കിയിരിക്കുന്നത്. ഒരുപക്ഷേ രാജ്യത്ത് ഇതാദ്യമായിരിക്കും പശുക്കൾക്കായി ഒരു ആംബുലൻസ് സേവനം. "112 എന്ന അടിയന്തിര നമ്പറിന് സമാനമായി, ഗുരുതരമായ അസുഖമുള്ള പശുക്കളുടെ വേഗത്തിലുള്ള ചികിത്സയ്ക്ക് പുതിയ സേവനം വഴിയൊരുക്കും" അദ്ദേഹം മഥുരയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റ് മൃഗങ്ങളെ വളർത്തുന്നവർക്കും ആംബുലൻസിന്റെ സേവനം തേടാവുന്നതാണ്.

സേവനം അഭ്യർത്ഥിച്ചാൽ 15 മുതൽ 20 മിനിറ്റിനുള്ളിൽ ഒരു വെറ്ററിനറി ഡോക്ടറും രണ്ട് സഹായികളുമായി ആംബുലൻസ് പാഞ്ഞെത്തും. ഡിസംബറോടെ പദ്ധതി ആരംഭിക്കാനാണ് തീരുമാനം. ഇത് കൂടാതെ, സേവനം നടപ്പാക്കുന്നതിനായി ലഖ്‌നൗവിൽ ഒരു കോൾ സെന്റർ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മഥുര അടക്കമുള്ള എട്ട് ജില്ലകളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുക. ഈ സേവനത്തിന് പുറമെ, ഉയർന്ന ഗുണമേന്മയുള്ള ബീജവും, ഭ്രൂണ മാറ്റിവയ്ക്കൽ സാങ്കേതികവിദ്യയും സൗജന്യമായി ലഭ്യമാക്കും. ഇതോടെ രാജ്യത്ത് ഗുണമേന്മയുള്ള പാൽ നൽകുന്ന പശുക്കളുടെ എണ്ണം വർധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.  
 

Follow Us:
Download App:
  • android
  • ios