വീഡിയോയിൽ‌ കാണുന്നത് ആയുഷയ്ക്ക് ആദ്യമായി ആർത്തവം ഉണ്ടായപ്പോൾ അച്ഛനും അമ്മയും അടങ്ങുന്ന അവളുടെ കുടുംബം എങ്ങനെയാണ് അത് ആഘോഷിച്ചത് എന്നാണ്.

ആർത്തവം എന്നത് ഇന്നും അശുദ്ധമായി കണക്കാക്കുന്ന ഒരുപാടുപേർ നമുക്കിടയിലുണ്ട്. ആർത്തവത്തെ ഒരു സ്വാഭാവികമായി സംഭവിക്കുന്ന കാര്യമായി കാണാൻ പലർക്കും സാധിക്കാറില്ല എന്ന് അർത്ഥം. ഇതുമായി ബന്ധപ്പെട്ട് പല അനാചാരങ്ങളും നിലനിൽക്കുന്ന സ്ഥലങ്ങൾ ഇന്നും ലോകത്തുണ്ട്. എന്നാൽ, ആർത്തവവുമായി ബന്ധപ്പെട്ട് ആയുഷ എന്ന യൂസർ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. 'നിങ്ങളുടെ ആദ്യത്തെ ആർത്തവം നിങ്ങളുടെ കുടുംബം ഇങ്ങനെ ആഘോഷിക്കുമ്പോൾ' എന്ന് വീഡിയോയ്ക്ക് മുകളിൽ എഴുതിയിരിക്കുന്നതും കാണാം. അനേകങ്ങൾ‌ കണ്ടിരിക്കുന്ന വീഡിയോയ്ക്ക് ഒരുപാടുപേർ കമന്റുകളും നൽകിയിട്ടുണ്ട്.

വീഡിയോയിൽ‌ കാണുന്നത് ആയുഷയ്ക്ക് ആദ്യമായി ആർത്തവം ഉണ്ടായപ്പോൾ അച്ഛനും അമ്മയും അടങ്ങുന്ന അവളുടെ കുടുംബം എങ്ങനെയാണ് അത് ആഘോഷിച്ചത് എന്നാണ്. പെൺകുട്ടി തന്റെ മുറിയിൽ പ്രവേശിക്കുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. അവിടെ അവളുടെ ബന്ധുക്കളെല്ലാം ഒത്തുകൂടിയിട്ടുണ്ട്. അവളുടെ അച്ഛൻ അവളെ സ്നേഹത്തോടെ, കരുതലോടെ കെട്ടിപ്പിടിക്കുന്ന കണ്ണ് നനയിക്കുന്ന രം​ഗവും വീഡിയോയിൽ കാണാം. ഒപ്പം അവളുടെ കാലിൽ പണം വയ്ക്കുന്നതും കാണാം. പിന്നീട് കുടുംബത്തിലെ ഓരോരുത്തരായി അവളുടെ കാലുകൾ തൊടുകയും പൈസ വയ്ക്കുകയും ചെയ്യുന്നതാണ് കാണുന്നത്. വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് ഓരോരുത്തരും ഇത് ചെയ്യുന്നത്.

View post on Instagram

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ഇങ്ങനെ ചെയ്യാനുള്ള കാരണം എന്തായിരിക്കാം എന്നായിരുന്നു ഒരാളുടെ കമന്റ്. ആർത്തവം അശുദ്ധമല്ല എന്ന സന്ദേശമായിരിക്കാം ഇത് നൽകുന്നത് എന്നാണ് ചിലർ പറഞ്ഞത്. പെൺകുട്ടിയുടെ വീട്ടുകാർ അവളോട് കാണിക്കുന്ന കരുതലിനെയും സ്നേഹത്തെയും കുറിച്ചും ഒരുപാടുപേർ കമന്റുകൾ നൽകി. ആദ്യമായി ആർത്തവമുണ്ടാകുമ്പോൾ ഓരോ പെൺകുട്ടിക്കും ഇത്രയും സ്നേഹവും ബഹുമാനവും കിട്ടേണ്ടതുണ്ട് എന്നായിരുന്നു മറ്റ് ചിലർ കമന്റ് നൽകിയത്.