അതുകൊണ്ടും തീർന്നില്ല. ഡ്രൈവർ യുവതിക്ക് ഒരു പേനയും പേപ്പറും നൽകിക്കൊണ്ട് അവർക്ക് കഴിക്കാൻ എന്തൊക്കെയാണ് ഇഷ്ടം എന്ന് അതിൽ എഴുതാൻ പറയുന്നു.

ഇന്ത്യക്കാരനായ ഒരു ഡ്രൈവറുടെ ആതിഥ്യമര്യാദയും സ്നേഹവുമെല്ലാം എടുത്തുകാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് വിദേശിയായ യുവതി. ഊബർ കാറിൽ സഞ്ചരിക്കവേ ഡ്രൈവറിൽ നിന്നുമുണ്ടായ അനുഭവമാണ് യുവതി ടിക്ടോക്കിൽ ഷെയർ ചെയ്തത്. അതിമനോഹരമായ ഈ അനുഭവം ഷെയർ ചെയ്തതിന് പിന്നാലെ അനേകം പേരാണ് ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെ കുറിച്ച് കമന്റുകളുമായി എത്തിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

യുവതി വിളിച്ച ഊബറിന്റെ ഡ്രൈവറാണ് ഈ വീഡിയോയിലെ താരം. 'എന്റെ ഊബർ ഡ്രൈവറുടെ വീട്ടിൽ ഒരു ഇന്ത്യൻ വിരുന്നിന് പോവുകയാണ് ഞാൻ, അദ്ദേഹത്തിന്റെ മകൻ എന്റെ ഭാവി ഭർത്താവായിത്തീരും എന്ന് പ്രതീക്ഷിക്കുന്നു' എന്ന കാപ്ഷനോടെയാണ് യുവതി വീഡിയോ ഷെയർ ചെയ്തത്. വീഡിയോയിൽ ഡ്രൈവർ യുവതിയെ വളരെ സ്നേഹത്തോടെ തന്റെ വീട്ടിൽ നടക്കുന്ന ഒരു കുടുംബ വിരുന്നിന് ക്ഷണിക്കുന്നത് കാണാം. വളരെ സന്തോഷത്തോടെ യുവതി 'എനിക്ക് വിരുന്നിൽ പങ്കെടുക്കാൻ ഇഷ്ടമുണ്ട്' എന്ന് പറയുന്നു. പിന്നാലെ യുവതി ഡ്രൈവറോട് പറയുന്നത്, 'നിങ്ങളുടെ മകനെ എനിക്ക് വിവാഹം ആലോചിക്കൂ' എന്നാണ്.

അതുകേട്ടതോടെ ഡ്രൈവർ ചിരിച്ചുകൊണ്ട് 'നോ പ്രോബ്ലം, നോ പ്രോബ്ലം' എന്നാണ് പറയുന്നത്. അതുകൊണ്ടും തീർന്നില്ല. ഡ്രൈവർ യുവതിക്ക് ഒരു പേനയും പേപ്പറും നൽകിക്കൊണ്ട് അവർക്ക് കഴിക്കാൻ എന്തൊക്കെയാണ് ഇഷ്ടം എന്ന് അതിൽ എഴുതാൻ പറയുന്നു. അങ്ങനെ എഴുതിയാൽ ഭാര്യയോട് അതുണ്ടാക്കാൻ പറയാം എന്നും ഡ്രൈവർ പറയുന്നു. 'എന്റെ ദൈവമേ, നിങ്ങളെത്ര കൂളായ ആളാണ്' എന്നാണ് യുവതിയുടെ ആശ്ചര്യത്തോടെയുള്ള പ്രതികരണം.

വീഡിയോ യുവതി ടിക്ടോക്കിൽ ഷെയർ ചെയ്തതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. എത്ര നല്ല മനുഷ്യൻ എന്നായിരുന്നു പലരുടേയും പ്രതികരണം. മറ്റ് ചിലർ കുറിച്ചത് ഏഷ്യക്കാരുടെ ആതിഥ്യമര്യാദയെ കുറിച്ചാണ്.