മയക്കുമരുന്ന് വില്പനയ്ക്കായി ഡ്രോണ്‍ അയച്ചു. പക്ഷേ, അഡ്രസ് മാറി സാധനം മറ്റൊരു വീട്ടില്‍ നിക്ഷേപിച്ചു. പിന്നാലെ സാധാനം എടുക്കാനെത്തിയ ആൾ പോലീസ് പിടിയിൽ. 

യക്കുമരുന്ന് വിതരണത്തിന് ഡ്രോണ്‍ ഉപയോഗിച്ചയാൾ അറസ്റ്റില്‍. അതും ഡ്രോണ്‍ അഡ്രസ് തെറ്റിച്ച് മറ്റൊരു വീട്ടില്‍ ഇറക്കിയ സാധനം തിരികെ എടുക്കാനായി എത്തിയപ്പോഴാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മെത്ത്, ഫെന്‍റനൈൽ തുടങ്ങിയ രാസലഹരികൾ വിതരണം ചെയ്യാനാണ് ഇയാൾ ഡ്രോണ്‍ ഉപയോഗിച്ചിരുന്നത്. ഇത്തരത്തില്‍ ആവശ്യക്കാരന് നല്‍കാനായി ഡ്രോണ്‍ വശം കൊടുത്ത് വിട്ട രാസലഹരി അഡ്രസ് മാറി മറ്റൊരു വീട്ടിലാണ് നിക്ഷേപിച്ചത്. അഡ്രസ് മാറിയ വിവരമറിഞ്ഞ് 49 -കാരനായ മയക്കുമരുന്ന് വ്യാപാരി, ജേസണ്‍ ബ്രൂക്സ് വീട്ടിലെത്തി സാധനം തിരികെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

യുഎസിലെ ഫ്ലോറിഡയിലെ ഒരു വീട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നത്. പുലര്‍ച്ചെ വീടിന്‍റെ പിന്‍വശത്ത് ഒരു സ്ഫോടന ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കണ്ടത്, ഒരു ഡ്രോണ്‍ വീടിന് പിന്നില്‍ ഇടിച്ച് നില്‍ക്കുന്നതാണ്. കൂടെ ഒരു വലിയ പൊതിയും ഉണ്ടായിരുന്നു. അത് പരിശോധിച്ച വീട്ടുകാര്‍ അത്ഭുതപ്പെട്ടു. മെത്ത്, ഫെന്‍റനൈൽ തുടങ്ങിയ രാസലഹരികളുടെ പൊതികളായിരുന്നു അതില്‍. ഉടനെ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.

Scroll to load tweet…

പോലീസ് സ്ഥലത്തെത്തി മയക്കുമരുന്ന് പാക്കറ്റുകളും ഡ്രോണും കണ്ടെടുത്തു. ഇതിനിടെയാണ് അല്പം ദൂരെയായി താമസിച്ചിരുന്ന ജേസൺ ബ്രൂക്സ്, ആ വീട്ടിലെത്തി തന്‍റെ ഡ്രോണും ഡ്രോണ്‍ വഹിച്ചിരുന്ന പാക്കറ്റുകളും ആവശ്യപ്പെട്ടത്. ഈ സമയം അവിടെയുണ്ടായിരുന്ന പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്ന ബോഡി ക്യാം വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. അന്വേഷണം തുടരുന്നതിനാൽ ബ്രൂക്സ് കസ്റ്റഡിയിലാണെന്നും ഇയാൾക്കെതിരെ കൂടുതല്‍ കുറ്റങ്ങൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു.