അമേരിക്കയിലെ ഫ്ലോറിഡയിൽ മരിച്ച വ്യക്തിയുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത് വീട് സ്വന്തമാക്കിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. 2022-ൽ മരിച്ച ഡെന്നിസ് വെസ്റ്റ് എന്നയാളുടെ വീടാണ് ബ്രയാൻ ലൂയിസ് എന്ന ഉദ്യോഗസ്ഥൻ വ്യാജരേഖകളിലൂടെ തട്ടിയെടുത്തത്. യഥാർത്ഥ അവകാശികൾ എത്തിയതോടെയാണ് കോടികൾ വിലമതിക്കുന്ന ഈ സ്വത്ത് തട്ടിപ്പ് പുറത്തായത്.

മരിച്ച വ്യക്തിയുടെ തിരിച്ചറിയൽ വിവരങ്ങൾ ദുരുപയോഗം ചെയ്ത് അദ്ദേഹത്തിന്‍റെ വീട് സ്വന്തമാക്കിയെന്ന ആരോപണത്തിൽ അമേരിക്കയിലെ ഫ്ലോറിഡയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ലൗഡർഹിൽ പൊലീസ് ഡിപ്പാർട്ട്മെന്‍റിലെ 35 -കാരനായ ബ്രയാൻ ലൂയിസ് സ്ഗുറോസിനെതിരെയാണ് കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗം, മരിച്ചയാളുടെ വ്യക്തിഗത വിവരങ്ങൾ അനധികൃതമായി ഉപയോഗിക്കൽ, കമ്പ്യൂട്ടർ സംവിധാനങ്ങളുടെ ദുരുപയോഗം എന്നിവയാണ് ബ്രയാൻ ലൂയിസിന് എതിരെയുള്ള കുറ്റങ്ങൾ.

71 - കാരന്‍റെ മരണം

2022 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ആരംഭിച്ചത്. 71 -കാരനായ ഡെന്നിസ് അയോണിസ് വെസ്റ്റിനെ ദിവസങ്ങളായി കാണാതായതിനെത്തുടർന്ന് അയൽവാസി പൊലീസിനെ വിവരമറിയിച്ചു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ വെസ്റ്റിന്‍റെ മൃതദേഹം കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Scroll to load tweet…

പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥൻ

അന്ന് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ബ്രയാൻ ലൂയിസ് സ്ഗുറോസ്. തുടർന്ന് വെസ്റ്റിന്‍റെ നിയമപരമായ അവകാശികളില്ലാത്ത വീട്, അദ്ദേഹത്തിന്‍റെ ഐഡന്‍റികാർഡ് ഉപയോഗിച്ച് ബ്രയാൻ ലൂയിസ് സ്വന്തമാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഡെന്നിസ് അയോണിസ് വെസ്റ്റിന്‍റെ പേരിൽ നികുതിയും വൈദ്യുതി ഉൾപ്പെടെയുള്ള യൂട്ടിലിറ്റി ബില്ലുകളും ബ്രയാൻ ലൂയിസ് അടച്ചതായും വീടിന്‍റെ അറ്റകുറ്റപ്പണികൾക്കുള്ള അനുമതി നേടാൻ അദ്ദേഹത്തിന്‍റെ തിരിച്ചറിയൽ രേഖകളും വ്യാജ ഒപ്പും ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയെന്ന് അധികൃതർ പറയുന്നു. പൊലീസ് ഡാറ്റാബേസുകളിൽനിന്ന് വെസ്റ്റിന്‍റെ വ്യക്തിഗത വിവരങ്ങൾ ബ്രയാൻ ലൂയിസ് അനധികൃതമായി പരിശോധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

യഥാർത്ഥ അവകാശികളെത്തിയപ്പോൾ...

വീടിന്‍റെ നവീകരണത്തിനായി താൻ 2.14 ലക്ഷം ഡോളറിലധികം (ഏതാണ്ട് 2 കോടിയോളം ഇന്ത്യൻ രൂപ) ചെലവഴിച്ചെന്നും പിന്നീട് വീടിന് ഏകദേശം അഞ്ച് ലക്ഷം ഡോളർ (ഏതാണ്ട് 4.73 കോടിയോളം ഇന്ത്യൻ രൂപ) മൂല്യമുണ്ടായെന്നും ബ്രയാൻ ലൂയിസ് സ്ഗുറോസ് അവകാശപ്പെട്ടിരുന്നു. ഇതിനിടെ വെസ്റ്റിന്‍റെ നിയമപരമായ അവകാശികൾ സ്വത്തുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതോടെയാണ് തർക്കം പുറത്തുവന്നത്. ഒക്ടോബർ 20 -ന് അറസ്റ്റിലായ ബ്രയാൻ ലൂയിസ് സ്ഗുറോസിനെതിരായ അന്വേഷണം തുടരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അറസ്റ്റിന് പിന്നാലെ ഇയാളെ ശമ്പളമില്ലാത്ത ഭരണപരമായ അവധിയിലേക്ക് മാറ്റി. അതേസമയം ബ്രയാൻ ലൂയിസിനെതിരായ ആരോപണങ്ങൾ ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.