ഗുജറാത്തില്‍ നിന്ന് സന്ദര്‍ശക വിസയില്‍ കാനഡയിലെത്തിയ ശേഷം യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍‌ മരിച്ചത്.  


അടുത്തകാലത്തായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ തന്നെ തെളിവ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷങ്ങള്‍ ഇന്ത്യ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് അനധികൃത കുടിയേറ്റങ്ങളും ശക്തമാണെന്ന് ചില വാര്‍ത്തകള്‍ സൂചന നല്‍കുന്നു. യുഎസ് കാനഡ അതിര്‍ത്തിയിലെ മൊഹാക്ക് പ്രദേശമായ അക്‌വെസാസ്‌നെയിലെ സി സ്‌നൈഹ്‌നെയിലെ സെന്‍റ് ലോറന്‍സ് നദിയില്‍ കഴിഞ്ഞ വ്യാഴം വെള്ളി ദിവസങ്ങളിലായി കണ്ടെത്തിയ എട്ട് മൃതദേഹങ്ങള്‍ രണ്ട് കുടുംബങ്ങളുടെതാണെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ ഒരു കുടുംബം റൊമാനിയന്‍ വംശജരും മറ്റേത് ഇന്ത്യക്കാരാണെന്നും കനേഡിയന്‍ പോലീസ് അറിയിച്ചു. 

28 വയസ്സുള്ള റൊമാനിയൻ ദമ്പതികളും അവരുടെ രണ്ട് കൊച്ചുകുട്ടികളുമാണ് മരിച്ച എട്ടു പേരിലെ നാല് പേര്‍. രണ്ടാമത്തെ കുടുംബം ഇന്ത്യയിലെ ഗുജറാത്തില്‍ നിന്നുള്ളവരാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായും പോലീസ് പറയുന്നു. 28 വയസ്സുള്ള ഫ്ലോറിൻ ഇയോർഡാഷ്, ക്രിസ്റ്റീന, സെനൈഡ ഇയോർഡാഷ് എന്നീ റോമാനിയന്‍ കുടുംബമാണ് മരിച്ചത്. മരിച്ച റോമാനിയക്കാരില്‍ ഒന്നും രണ്ടും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. ഇയോർഡാഷിന്‍റെ കീശയില്‍ നിന്നും രണ്ട് കനേഡിയന്‍ പാസ്പോര്‍ട്ടുകള്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. ഇവര്‍ ഇരുവരും കാനഡയില്‍ ജനിച്ച റോമാനിയന്‍ വംശജരാണെന്ന് പോലീസ് പറയുന്നു. 

അഫ്ഗാനില്‍ ഐഎസ് - താലിബാന്‍ സംഘര്‍ഷം; ആറ് ഐഎസ് ഭീകരരെ വധിച്ചതായി താലിബാന്‍

കണ്ടെത്തിയ മറ്റ് നാല് മൃതദേഹങ്ങള്‍ ഗുജറാത്തിൽ നിന്നുള്ള ഇന്ത്യൻ കുടുംബത്തിന്‍റെതാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഭാര്യാ സഹോദരിയും ഭര്‍ത്താവും അവരുടെ രണ്ട് മക്കളും രണ്ട് മാസം മുമ്പ് സന്ദർശക വിസയിൽ കാനഡയിലേക്ക് പോയിരുന്നതായി മൃതദേഹം തിരിച്ചറിഞ്ഞ ബന്ധു അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രവീണ്‍ ചൗധരി (50), ഭാര്യ ദീക്ഷ (45), മകൻ മീറ്റ് (20), മകൾ വിധി (24) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അളക്കാനാവാത്ത ദുരന്തമാണിതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. 2022 ജനുവരിയിൽ, യുഎസ്-കാനഡ അതിർത്തിക്കടുത്തുള്ള മാനിറ്റോബയിലെ എമേഴ്‌സണിനടുത്തുള്ള വയലിൽ നിന്ന് ഒരു കുഞ്ഞ് ഉൾപ്പെടെ ഗുജറാത്തിൽ നിന്നുള്ള നാലംഗ കുടുംബത്തിന്‍റെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇവര്‍ ഗുജറാത്തില്‍ നിന്ന് സന്ദര്‍ശക വിസയില്‍ കാനഡയിലെത്തിയ ശേഷം യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മരിച്ചത്. 

മമ്മികൾ അപകടകാരികളോ? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ