Asianet News MalayalamAsianet News Malayalam

കോഴി കൂവും പശു അമറും; ഇതിന് എതിരെ കേസെടുക്കാന്‍ പറ്റില്ലെന്ന് നിയമം പാസാക്കി ഫ്രാന്‍സ്

ഒരു പരാതി 92 വയസുള്ള കോളെറ്റ് ഫെറിയുടെ വീട്ടിലെ തവളകള്‍ വലിയ ശബ്ദശല്യമുണ്ടാക്കുന്നുവെന്നതായിരുന്നു. ഈ കേസില്‍ കോടതി തവളകളെ പിടികൂടി പ്രദേശത്ത് നിന്ന് മാറ്റാന്‍ ഉത്തരവിട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു.

France parliament passes new law banning lawsuits over cow mooing and rooster crowing
Author
First Published Apr 10, 2024, 12:08 PM IST


ഭൂമിയില്‍ മനുഷ്യന്‍ മാത്രമല്ല ജീവിക്കുന്നത്. മറ്റ് കോടാനുകോടി ജീവജാലങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്. മനുഷ്യനെ പോലെ തന്നെ ഈ ഭൂമിയുടെ സ്വന്തം അവകാശികളാണ് അവയെല്ലാം തന്നെ. മനുഷ്യനെ പോലെ ഭൂമിയില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അധികാരവും അവകാശവുമുള്ളവരാണ് അവയെല്ലാം. എന്നാല്‍, വളര്‍ന്ന് വളര്‍ന്ന് പന്തലിച്ചപ്പോള്‍ മനുഷ്യന് ഭൂമുഖത്തെ മറ്റ് ജീവജാലങ്ങള്‍ അധികപറ്റായി തോന്നി. കേസ് കോടതിയിലെത്തി. പക്ഷേ, കോടതിക്ക് സാധാരണക്കാരെ പോലെ ചിന്തിക്കാന്‍ കഴിയില്ല. ഗ്രാമങ്ങളില്‍ കോഴികള്‍ കൂവാമെന്ന് കോടതി വിധിച്ചു. ഈ വിധി വന്നത് 2019 ലാണ്. അന്ന് മൗറീസ് എന്ന് പേരുള്ള കോഴി കൂവിയെന്ന പരാതിയുമായി അയല്‍വാസി ഫ്രഞ്ച് കോടതിയെ സമീപിച്ചതായിരുന്നു. എന്നാല്‍, ഇന്ന് 2024 ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ പുതിയ നിയമം തന്നെ പാസാക്കി.

പുതിയ ഫ്രഞ്ച് നിയമപ്രകാരം പശുക്കളെ മുരളുന്നതും കോഴികള്‍ കൂവുന്നതും പരാതി പറയാനുള്ള കാരണങ്ങളല്ല. ഫാമുകള്‍, ബാര്‍, റസ്റ്റോറന്‍റ്, മറ്റ് ഷോപ്പുകള്‍ എന്നിവയ്ക്ക് സമീപം താമസിക്കുന്ന ആളുകള്‍ക്ക് ശബ്ദത്തെ കുറിച്ച് പരാതിപ്പെടാന്‍ കഴിയില്ല.  ഫ്രാന്‍സിലെ നാട്ടിന്‍ പുറങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്. ട്രക്ടറുകളുടെ ശബ്ദം, കോഴികളുടെ കൂവല്‍, പശുക്കളുടെ അമറല്‍, കൃഷിക്കായുള്ള വളത്തിന്‍റെ മണം എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇനി ഫാന്‍സില്‍ പരാതിപ്പെടാന്‍ കഴിയില്ലെന്ന് തന്നെ. ഓരോ വര്‍ഷവും ഫ്രാന്‍സിലെ കോടതികളില്‍ ഇത്തരം നൂറ് കണക്കിന് പരാതികളാണ് എത്തുന്നതെന്നും ഇതിനെ തുടര്‍ന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഇത്തരമൊരു നിയമം പാര്‍ലമെന്‍റില്‍ പാസാക്കിയതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതികളില്‍ അധികവും ഗ്രാമീണ ജീവിതത്തിലേക്ക് മാറിയ നഗരവാസികളില്‍ നിന്നുള്ളതായിരുന്നു. 

മോമോസ് കടയില്‍ കൈക്കാരനെ വേണം, ശമ്പളം 25,000; ഞെട്ടിയത് സോഷ്യല്‍ മീഡിയ

'നാട്ടിൻപുറങ്ങളിലേക്ക് മാറുന്നവർക്ക് ഭക്ഷണം നൽകുന്ന രാജ്യത്തെ ജനങ്ങൾ അവരുടെ ജീവിതരീതി മാറ്റണമെന്ന് ആവശ്യപ്പെടാൻ കഴിയില്ല.' പുതിയ നിയമം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് കൊണ്ട് നീതിന്യായ മന്ത്രി എറിക് ഡ്യൂപോണ്ട്-മോറെറ്റി പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ പ്രശ്നം വീണ്ടും രൂക്ഷമായപ്പോള്‍, നാട്ടിന്‍ പുറങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ നഗരങ്ങളില്‍ തന്നെ തുടരണമെന്നും അല്ലാതെ നാട്ടില്‍ പുറങ്ങളില്‍ ജീവിക്കാനാണ് ആഗ്രഹമെങ്കില്‍ അവിടുത്തെ ജീവിത രീതികളുമായി ഇണങ്ങിപ്പോകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫ്രഞ്ച് പാര്‍ലമെന്‍റ് ഈ നിയമം പാസാക്കിയത്.

'കാക്കി കണ്ടാ കലിപ്പാണേ...'; മുന്നറിയിപ്പ് അവഗണിച്ച് മുന്നിലേക്ക് ചെന്നയാളെ തൂക്കിയെടുത്ത് ഗൗർ, വീഡിയോ വൈറല്‍

2019 ലെ മൗറീസ് കോഴിയുടെ പരാതിക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷമെത്തിയ ഒരു പരാതി 92 വയസുള്ള കോളെറ്റ് ഫെറിയുടെ വീട്ടിലെ തവളകള്‍ വലിയ ശബ്ദശല്യമുണ്ടാക്കുന്നുവെന്നതായിരുന്നു. ഈ കേസില്‍ കോടതി തവളകളെ പിടികൂടി പ്രദേശത്ത് നിന്ന് മാറ്റാന്‍ ഉത്തരവിട്ടത് ഏറെ പേരുടെ ശ്രദ്ധനേടിയിരുന്നു. ഇത്തരം കേസുകള്‍ വര്‍ദ്ധിച്ചതോടെ മൂന്ന് വര്‍ഷം മുമ്പ് 'സെൻസറി ഹെറിറ്റേജ്' നിയമം ഫ്രാന്‍സ് പാസാക്കിയിരുന്നെങ്കിലും കേസുകള്‍ തുടര്‍ന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ നിയമ നിര്‍മ്മാണത്തിന് ഫ്രഞ്ച് പാര്‍ലമെന്‍റ് തയ്യാറായത്. എന്നാല്‍, പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ചില എംപിമാര്‍ നിയമത്തിനെതിരെ രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

'തോന്നിവാസികളുടെ നഗര'ത്തിൽ നിയമം പടിക്ക് പുറത്ത്; വേശ്യാലയങ്ങളും കാസിനോകളും അകത്ത്; പക്ഷേ, പിന്നീട് സംഭവിച്ചത്

Follow Us:
Download App:
  • android
  • ios