പ്രശസ്‍തരായ അക്കാദമിക് വിദഗ്ദ്ധരും എഴുത്തുകാരും കലാകാരന്മാരും അടങ്ങുന്ന 70 പേര്‍ എത്രയും പെട്ടെന്ന് നവാല്‍നിക്ക് വിദഗ്ദ്ധ ചികിത്സ നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് പുടിന് കത്തെഴുതി. 

ജയിലിൽ കിടക്കുന്ന പ്രതിപക്ഷ നേതാവും പ്രധാന പുടിൻ വിമർശകനുമായ അലക്സി നവാൽനിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് റഷ്യയില്‍ വലിയ പ്രതിഷേധം നടക്കുകയാണ്. പതിനായിരക്കണക്കിന് ജനങ്ങളാണ് രാജ്യമെമ്പാടുമുള്ള നഗരങ്ങളിൽ അണിനിരന്നത്. 'രാഷ്ട്രീയ തടവുകാരുടെ മോചനം ഉറപ്പാക്കുക' എന്ന് ആവശ്യപ്പെട്ടുകൊണ്ട് നവാല്‍നിയുടെ നിരവധി അനുയായികളാണ് തെരുവുകളില്‍ പ്രതിഷേധവുമായി ഇറങ്ങിയത്. അതേസമയം ഏതുതരും കൂടിച്ചേരലുകളും അനുവദിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ഹെല്‍മറ്റും മറ്റുമായി പൊലീസും ഉറച്ച് തന്നെ ഇറങ്ങിയിരിക്കുകയാണ്. 

400 -ലധികം സമരക്കാരെ സെന്‍റ്. പീറ്റേഴ്സ്ബര്‍ഗില്‍ തന്നെ റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്താകെയായി 1500 പേരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് ദ ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്‍തു. 'ഞങ്ങള്‍ക്ക് ഭയമില്ല' എന്ന് പറഞ്ഞുകൊണ്ടാണ് പതിനായിരക്കണക്കിന് പേര്‍ നഗരങ്ങളില്‍ പ്രതിഷേധവുമായി ഒത്തുചേര്‍ന്നിരിക്കുന്നത്. റഷ്യയില്‍ ജയിലില്‍ തടവില്‍ കിടക്കുന്ന നവാല്‍നി ആഴ്ചകളായി നിരാഹാര സമരത്തിലാണ്. നവാല്‍നിക്ക് കൃത്യമായ ചികിത്സ നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ആളുകള്‍ ഒത്തുചേരുന്നതിനെതിരെ റഷ്യന്‍ അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും അതെല്ലാം അവഗണിച്ചു കൊണ്ട് പ്രതിഷേധക്കാര്‍ തെരുവിലേക്ക് ഇറങ്ങുകയാണ്. 

ഫെബ്രുവരി മാസം മുതല്‍ നവാല്‍നി തടവിലാണ്. അതിന് മുമ്പ് വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലായിരുന്നു. പുടിനാണ് ഇതിന് പിന്നിലെന്ന് നവാൽനിയും അദ്ദേഹത്തെ പിന്തുണക്കുന്നവരും ആരോപിച്ചിരുന്നു. എന്നാൽ, ക്രെംലിൻ ഇത് നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഡോക്ടര്‍മാര്‍ തടവിൽ നിരാഹാര സമരം നടത്തുന്ന നവാല്‍നിയുടെ ആരോഗ്യസ്ഥിതി വളരെ ദയനീയമാണ് എന്നും അദ്ദേഹം ഏത് നിമിഷം വേണമെങ്കിലും മരിക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്തിടെ നടത്തിയ രക്തപരിശോധനാ ഫലം കാണിക്കുന്നത് അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ഹൃദയാഘാതമുണ്ടാകാം എന്നാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. നവാല്‍നിയുടെ സ്വകാര്യ ഡോക്ടറായ അനസ്തേഷ്യ വാസിലിയേവ എത്രയും വേഗം നവാല്‍നിയെ കാണാന്‍ അനുവദിക്കണമെന്ന് കാണിച്ചുകൊണ്ട് ജയിലധികൃതര്‍ക്ക് കത്തെഴുതിയിരുന്നു. പ്രശസ്‍തരായ അക്കാദമിക് വിദഗ്ദ്ധരും എഴുത്തുകാരും കലാകാരന്മാരും അടങ്ങുന്ന 70 പേര്‍ എത്രയും പെട്ടെന്ന് നവാല്‍നിക്ക് വിദഗ്ദ്ധ ചികിത്സ നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് പുടിന് കത്തെഴുതി. 

നവാല്‍നിയെ അവര്‍ അടച്ചിട്ടാലും പുതിയ പുതിയ ആളുകള്‍ പ്രതിഷേധത്തിന്‍റെ സ്വരമുയര്‍ത്തിക്കൊണ്ട് കടന്നുവരുമെന്നും പുതിയ നേതാക്കളുണ്ടാകുമെന്നും നവാല്‍നിക്ക് അനുകൂലമായി തെരുവിലിറങ്ങിയ യൂണിവേഴ്സിറ്റി പ്രൊഫസര്‍ അര്‍ക്കാഡി പറഞ്ഞു. ബുധനാഴ്ച രാവിലെ, നവാൽനിയുടെ സഹായികളായ ല്യൂബോവ് സോബോളിനെയും കിര യർമിഷിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും രാജ്യത്തെ നഗരങ്ങളിലെ പ്രാദേശിക ആസ്ഥാനത്ത് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. പല നഗരങ്ങളിലും നിരവധിക്കണക്കിന് ആളുകളാണ് നവാല്‍നിയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് ഒത്തുകൂടുന്നത്. 

നവാല്‍നിയെ വിദേശത്ത് ചികിത്സിക്കണമെന്ന് യുഎൻ മനുഷ്യാവകാശ വിദഗ്ധർ റഷ്യയോട് ആവശ്യപ്പെട്ടു. 'നവാല്‍നിയെ കഠിനമായ അവസ്ഥയിലാണ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. എല്ലാതരത്തിലുള്ള വിദഗ്ദ്ധ ചികിത്സയും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇത് കഠിനമായ പീഡനത്തിന് തുല്യമാണ്. നവാല്‍നിയുടെ ജീവന്‍ വലിയ അപകടത്തിലാണ് എന്ന് തങ്ങള്‍ വിശ്വസിക്കുന്നു' എന്നും ഇവര്‍ പറയുന്നു. 

വായിക്കാം: അതിര്‍ത്തിയില്‍ സൈനീക വിന്യാസം; ഉക്രെയിനെതിരെ റഷ്യന്‍ പടയൊരുക്കമോ ?