സ്വന്തം പ്രയത്നത്തില്‍ നിന്നായിരുന്നു നീതുവിന്‍റെ വിജയം. എന്നിട്ടും സഹസ്ഥാപകനും 50 ശതമാനം ഉടമയുമായിരുന്നിട്ടും ഭര്‍ത്താവ് നീതുവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു.
നീതു മാം എന്നറിയപ്പെടുന്ന നീതു സിംഗ് അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് അധ്യാപികയും പ്രശസ്ത കോച്ചിംഗ് സ്ഥാപനമായ കെഡി കാമ്പസിന്‍റെ സ്ഥാപകയുമാണ്. എന്നാൽ, ഇന്ന് 200 കോടിയോളം വളര്‍ന്ന ആ വിദ്യാഭ്യാസ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ നീതുവിന് ഏറെ ത്യാഗങ്ങൾ സഹിക്കേണ്ടിവന്നു. എന്തിന് തന്‍റെ പ്രശസ്തനായ ഭര്‍ത്താവ് അയച്ച ഗുണ്ടകളെ പോലും അവര്‍ക്ക് നേരിടേണ്ടിവന്നു. എങ്കിലും ഇന്ന് ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നീതുവിന്‍റെ പോരാട്ടം പ്രചോദനം നല്‍കുന്നു.
അവരുടെ വിജയകരമായ കരിയറിന് പിന്നിൽ പോരാട്ടത്തിന്‍റെയും ശക്തിയുടെയും അതിജീവനത്തിന്‍റെയും നീണ്ട ചരിത്രമുണ്ട്. ജാർഖണ്ഡിലെ ഗിരിധിഹിൽ ജനിച്ച നീതുവിന് മൂന്ന് വയസ്സുള്ളപ്പോൾ ഒരു ദാരുണമായ റോഡപകടത്തിൽ പിതാവിനെ നഷ്ടപ്പെട്ടു. അമ്മയും മൂത്ത സഹോദരനുമാണ് പിന്നീട് നീതുവിനെ വളര്‍ത്തിയത്. നീതുവിന് മുകളിള്‍ ആറ് സഹോദരിമാരുമുണ്ട്. ഒമ്പത് പേരടങ്ങുന്ന ആ കുടുംബം പിതാവിനെ നഷ്ടപ്പെട്ടതോടെ വലിയ ദാരിദ്രത്തിലായിരുന്നു ജീവിതം തള്ളിനീക്കിയത്.
എത്ര കഷ്ടപ്പാടുകൾക്കിടയിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് അവരുടെ അമ്മ ഉറപ്പ് വരുത്തി. അവർ അവളെ ഗിരിധറിലുള്ള കാര്‍മൽ കോണ്‍വെന്‍റിലാണ് പഠിപ്പിച്ചത്. പിന്നീട് വാരണാസിയിലെ സെന്‍റ് ജോണ്‍സ് സ്കൂളിലായി അവളുടെ വിദ്യാഭ്യാസം. വിനോബ ഭാവെ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ നീതു, പിന്നീട് ദില്ലി സർവകലാശാലയിലെ പ്രശസ്തമായ കാമ്പസ് ലോ സെന്‍ററിൽ നിന്ന് എൽഎൽബിയും സ്വന്തമാക്കി.
2005 -ൽ നീതു തന്‍റെ ആദ്യ കോച്ചിംഗ് സെന്‍റർ ആരംഭിച്ചു. ഒരു വർഷത്തിന് ശേഷം, അവർ രാജീവ് സൗമിത്ര എന്നയാളെ വിവാഹം ചെയ്തു. ഇരുവരും ചേര്‍ന്ന് പിന്നീട് പാരാമൗണ്ട് കോച്ചിംഗ് സെന്‍റർ സ്ഥാപിച്ചു, അത് പെട്ടെന്ന് തന്നെ ഏറെ പ്രശസ്തിയിലേക്ക് ഉയർന്നു. 200 കോടി രൂപയുടെ ബിസിനസ്സായി മാറി. അദ്ധ്യാപനത്തോടൊപ്പം, നീതു ഇംഗ്ലീഷ് വാല്യം 1 എന്ന പേരിൽ ബെസ്റ്റ് സെല്ലിംഗ് ഇംഗ്ലീഷ് വ്യാകരണ പുസ്തകവും എഴുതി, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ഇപ്പോഴും ജനപ്രിയമാണ് ഈ പുസ്തകം.
എന്നാല്‍, 2015 ആയപ്പോഴേക്കും കാര്യങ്ങൾ മറ്റൊരു വഴിക്ക് നീങ്ങി. വരുമാനം കൂടിയപ്പോൾ സഹസ്ഥാപകയും 50 ശതമാനം ഉടമയും ആയിരുന്നിട്ടിം പാരാമൗണ്ടിൽ നിന്ന് തന്നെ പുറത്താക്കാൻ ഭര്‍ത്താവ് ഗുണ്ടകളെ അയച്ചെന്ന് നീതു ആരോപിക്കുന്നു. ഈ ആക്രമണം എല്ലാവരെയും ഞെട്ടിച്ചു. പക്ഷേ നീതുവിനെ അതൊന്നും തളര്‍ത്തിയില്ല. അവര്‍ അതേ വര്‍ഷം ദില്ലിയില്‍ മുഖർജി നഗറിൽ അവർ കെഡി കാമ്പസ് സ്ഥാപിച്ചു. മരിച്ച് പോയ തന്‍റെ അച്ഛൻ കിഷോർ ദേവിന്‍റെ പേരാണ് അതിന് നല്‍കിയത്. സർക്കാർ പരീക്ഷാ തയ്യാറെടുപ്പിനുള്ള മികച്ച പരിശീലന കേന്ദ്രങ്ങളിലൊന്നായി ഈ സ്ഥാപനം പെട്ടെന്ന് മാറി. വിജയ ശതമാനം കൂടി. 2020 -ല്‍ കൊവിഡ് കാലത്ത് നീതു കെഡി ലൈവ് എന്ന ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോം തുടങ്ങി. ഇന്ന് അവരുടെ യൂട്യൂബ് ചാനലിൽ ഏകദേശം രണ്ട് ദശലക്ഷം സബ് സ്ക്രൈബര്‍മാരാണ് ഉള്ളത്. തന്‍റെ വരുമാനത്തില്‍ ഒരു പങ്ക് നീതു പാവങ്ങളെയും ദരിദ്രരുടെയും ഉന്നമനത്തിനായും ഉപയോഗിക്കുന്നു. ഉത്തരേന്ത്യയിലെ നിരവധി വിദ്യാര്‍ത്ഥികളുടെ ജീവിതം തന്നെയാണ് നീതു മാറ്റിമറിച്ചത്.


