ശില്പിയായ ഇസിഡ്രോ ലാവോഗ്നെറ്റാണ് ഈ കൂറ്റൻ ലിംഗത്തിന്റെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. കുടുംബം പറയുന്നതനുസരിച്ച് സെമിത്തേരിയിൽ എല്ലാവരും ഈ പ്രതിമ അംഗീകരിച്ചുവത്രെ.
എല്ലാവർക്കും മരിക്കുന്നതിന് മുമ്പ് ചില അവസാനത്തെ ആഗ്രഹങ്ങൾ ഒക്കെ കാണും. എന്നാൽ, ഇവിടെ ഒരു മുത്തശ്ശിയുടെ അവസാനത്തെ ആഗ്രഹം കുറച്ച് വിചിത്രമായിരുന്നു. താൻ മരിച്ച് കഴിയുമ്പോൾ തന്നെ അടക്കി അതിന് മുകളിൽ ഒരു കൂറ്റൻ ലിംഗം സ്ഥാപിക്കണം. മുത്തശ്ശിയുടെ പേര് കാതറിന ഓടുന പെരേസ്. ഡോണ കാറ്റ എന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും വീട്ടുകാരും അവളെ വിളിക്കുന്നത്. വളരെ തമാശക്കാരിയും രസികത്തിയുമാണ് ഡോണ.
അവളുടെ കുടുംബം ഇപ്പോൾ പൂർത്തിയാക്കിയ ലിംഗം അനാച്ഛാദനം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ മെക്സിക്കോയിലെ ഒരു സെമിത്തേരിയിൽ അവളുടെ ശവകുടീരത്തിലാണ് ഇത് സ്ഥാപിച്ചത്. ജീവിതത്തോടുള്ള അവളുടെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും അംഗീകാരമായിട്ടാണ് ഇത് സ്ഥാപിക്കുന്നത് എന്നാണ് കുടുംബത്തിന്റെ പക്ഷം.
തന്റെ മുത്തശ്ശി വളരെ പുരോഗമനക്കാരിയായിരുന്നു. ഒരുപാട് ചിന്തിക്കുന്നവളായിരുന്നു. എല്ലാം മറച്ച് വയ്ക്കാതെ തുറന്ന് സംസാരിക്കുന്നവളായിരുന്നു എന്നാണ് അവളുടെ ചെറുമകൻ അൽവാരോ മോട്ട ലിമോൺ ഒരു അഭിമുഖത്തിൽ VICE വേൾഡ് ന്യൂസിനോട് പറഞ്ഞത്.
കിഴക്കൻ സംസ്ഥാനമായ വെരാക്രൂസിലെ ചെറിയ പട്ടണമായ മിസാന്ത്ലയിൽ നിന്നുള്ളതാണ് അവർ. അവിടെയുള്ളവർ സന്തോഷവും ധൈര്യവും ശക്തിയും ഉള്ള ആളുകളായിരുന്നു എന്നും തന്റെ മുത്തശ്ശി അതിനെ പ്രതിനിധാനം ചെയ്യുന്നു എന്നും അവളുടെ കൊച്ചുമകൻ പറയുന്നു.

ഡോണ ഒരു രാഷ്ട്രീയപ്രവർത്തകയും രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും സൗഹൃദം സൂക്ഷിക്കുന്ന ആളുമായിരുന്നു. അവളുടെ കുടുംബം പറയുന്നതനുസരിച്ച്, രാഷ്ട്രീയക്കാർ, അഭിഭാഷകർ, ഡോക്ടർമാർ, അധ്യാപകർ എന്നിവർക്ക് നിരവധി പൊതു സ്മാരകങ്ങൾ ഉണ്ട്. എന്നാൽ, എപ്പോഴും ബഹുമാനിക്കപ്പെടണം എന്ന് അവർ കരുതുന്ന പ്രത്യുൽപാദന അവയവമായ ലിംഗത്തിന് സ്മാരകം ഒന്നുമില്ല. അതുകൊണ്ടാണത്രെ അവർ താൻ മരിച്ചു കഴിഞ്ഞാൽ ശവകൂടീരത്തിന് മുകളിൽ ഒരു കൂറ്റൻ ലിംഗം സ്ഥാപിച്ചാൽ മതി എന്ന് പറഞ്ഞത്.
ശില്പിയായ ഇസിഡ്രോ ലാവോഗ്നെറ്റാണ് ഈ കൂറ്റൻ ലിംഗത്തിന്റെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. കുടുംബം പറയുന്നതനുസരിച്ച് സെമിത്തേരിയിൽ എല്ലാവരും ഈ പ്രതിമ അംഗീകരിച്ചുവത്രെ. ഏതായാലും ജീവിതകാലത്ത് വളരെ സരസമായും സന്തോഷമായും ജീവിച്ച എല്ലാവരുടെയും പ്രിയപ്പെട്ട ഡോണയുടെ നമുക്ക് കേട്ടാൽ വിചിത്രം എന്ന് തോന്നുന്ന ആഗ്രഹവും വീട്ടുകാർ സാധിച്ചു കൊടുത്തിരിക്കുകയാണ്. ഇതുവഴി ഡോണ മുത്തശ്ശിയും അവരുടെ ശവകുടീരവും അതിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ലിംഗവും വാർത്തയും ആയിരിക്കുകയാണ്.
