മയക്കുമരുന്ന് നല്‍കി അയാള്‍ അവളെ ബലാല്‍സംഗം ചെയ്തു. അയാളുടെ ഭാര്യ ആ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. പിന്നീട്, അഞ്ചു വര്‍ഷമായി ഇതു തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 

അഞ്ചു വര്‍ഷം മുമ്പാണ് അവളുടെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടന്നത്. അന്നണ് ഒരു പൊതുപരിപാടിക്കിടെ അവള്‍ കര്‍ണാടകയിലെ ഒരു ആള്‍ദൈവത്തെ പരിചയപ്പെടുന്നത്. തന്റെ ഭാവികാലം പ്രവചിക്കാന്‍ അവള്‍ ആവശ്യപ്പെട്ടപ്പോള്‍ ആശ്രമത്തില്‍ വരാനായിരുന്നു അയാള്‍ പറഞ്ഞത്. അവിടെ ചെന്നപ്പോള്‍ അവളുടെ ജീവിതത്തില്‍ ഒരു ദൗര്‍ഭാഗ്യം പതിഞ്ഞുകിടപ്പുണ്ടെന്നും അതു മാറാന്‍ ദീര്‍ഘകാലത്തെ പൂജകള്‍ വേണമെന്നും അയാള്‍ പറഞ്ഞു. പിന്നീട് ഒ്‌രിക്കലും അവളുടെ ജീവിതം പഴയതുപോലായില്ല. 

കഴിഞ്ഞ അഞ്ചു വര്‍ഷമായി കടുത്ത ലൈംഗിക പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് അവള്‍. മയക്കുമരുന്ന് നല്‍കി അയാള്‍ അവളെ ബലാല്‍സംഗം ചെയ്തു. അയാളുടെ ഭാര്യ ആ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. പിന്നീട്, അഞ്ചു വര്‍ഷമായി ഇതു തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അവളുടെ വിവാഹം മുടക്കുന്നതിന് നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച ഈ ആള്‍ദൈവം അവളില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു. നിവൃത്തിയില്ലാതെ ഇപ്പോള്‍ അവള്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ആള്‍ദൈവത്തിനും ഭാര്യയ്ക്കും എതിരെ കേസ് എടുത്തു. ഇരുവര്‍ക്കും വേണ്ടി തെരച്ചിലാരംഭിച്ചിരിക്കുയാണ് ഇപ്പോള്‍ പൊലീസ്. 

കര്‍ണാടകയിലെ അവലഹള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഇവിടെ ആശ്രമം സ്ഥാപിച്ച് കഴിയുന്ന അനന്തമൂര്‍ത്തി എന്ന ആള്‍ദൈവത്തിനും ഭാര്യ ലതയ്ക്കും എതിരെയാണ് ഇപ്പോള്‍ പൊലീസ് കേസ് എടുത്തത്. 

കഴിഞ്ഞ ആഴ്ചയാണ് ഒരു യുവതി അവലഹള്ളി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി അനന്തമൂര്‍ത്തി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്നായിരുന്നു അവളുടെ പരാതി. ദൗര്‍ഭാഗ്യം നീക്കാനുള്ള പൂജകള്‍ക്കായി അഞ്ചു വര്‍ഷം മുമ്പ് അയാള്‍ തന്റെ വീട്ടില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടതായി അവള്‍ പരാതിയില്‍ പറഞ്ഞു. അവിടെ വെച്ച് അയാള്‍ എന്തോ പഴച്ചാറ് കഴിക്കാന്‍ നല്‍കി. അതു കഴിഞ്ഞതോടെ ബോധം മറഞ്ഞു. ഈ സമയത്ത് അയാള്‍ തന്നെ ബലാല്‍സംഗം ചെയ്യുകയും അയാളുടെ ഭാര്യയായ ലത അത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. വീഡിയോ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി അഞ്ചു വര്‍ഷമായി അയാള്‍ തന്നെ ലൈംഗിക അടിമയാക്കി ഉപയോഗിക്കുകയാണെന്നും അവള്‍ പറഞ്ഞു. പൊലീസിനെയോ വീട്ടുകാരെയോ അറിയിച്ചാല്‍, കിടപ്പറ വീഡിയോയും നഗ്‌ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇക്കാര്യം പറഞ്ഞ് ലക്ഷക്കണക്കിന് രൂപ പല സമയത്തായി തന്നില്‍നിന്നും തട്ടിയെടുത്തതായും അവള്‍ പരാതിയില്‍ പറഞ്ഞു. 

ഈ വര്‍ഷമാദ്യം അവള്‍ക്കൊരു വിവാഹാലോചന വന്നിരുന്നതായും പ്രതിശ്രുത വരനെ സമീപിച്ച അനന്തമൂര്‍ത്തി അവളുടെ നഗ്‌ന ചിത്രങ്ങള്‍ നല്‍കി വിവാഹം മുടക്കിയതായും പൊലീസ് പറഞ്ഞു. യുവതിയുടെ വീട്ടുകാര്‍ക്കും ഈ ഫോട്ടോകള്‍ എത്തിച്ചു നല്‍കിയതായും അവരെയും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ്, പൊലീസ് അനന്തമൂര്‍ത്തിക്കും ഭാര്യയ്ക്കുമെതിരെ കേസ് എടുത്തത്. ഇരുവരും ഒളിവിലാണെന്നും ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപകമാക്കിയതായും പൊലീസ് അറിയിച്ചു.