തമിഴ്നാട്ടിലെ കോവിലൂരിലുള്ള ഒരു ശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനിടെ സ്വർണ്ണ നിധി കണ്ടെത്തി. ശ്രീകോവിലിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടെ മൺപാത്രത്തിൽ സൂക്ഷിച്ച 103 പുരാതന സ്വർണ്ണ നാണയങ്ങളാണ് കണ്ടെടുത്തത്.
പാണ്ഡ്യ. ചോള രാജാക്കന്മാരുടെ പ്രധാന കേന്ദ്രമായിരുന്നു തമിഴ്നാട്. ഇന്നും തമിഴ്നാട്ടില്‍ തലയെടുപ്പോടെ നില്‍ക്കുന്ന നിരവധി ക്ഷേത്രങ്ങൾ നിര്‍മ്മിച്ചിരിക്കുന്ന ചോള രാജാക്കന്മാരുടെ കാലത്താണ്. ശില്പഭംഗിക്കൊണ്ടും നിർമ്മാണ രീതി കൊണ്ടും ഇന്നും ഈ ക്ഷേത്രങ്ങൾ ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. ക്ഷേത്രങ്ങളിലെ അപൂർവ ലോഹ നിർമ്മിതികളായ വിഗ്രഹങ്ങൾ പലതും ബ്രിട്ടീഷ് കാലത്ത് കടൽ കടന്നു. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തി കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഒരു ക്ഷേത്ര പുനരുദ്ധാരണത്തിനിടെ കണ്ടെത്തിയത് സ്വർണനിധി.
കോവിലൂരിലെ സ്വർണ നിധി
തമിഴ്നാട്ടിലെ കോവിലൂരിൽ ശിവൻ ക്ഷേത്ര പുനരുദ്ധാരണത്തിനിടെ കണ്ടെത്തിയത് സ്വർണ്ണ നിധി. ക്ഷേത്ര ശ്രീകോവിലിന്‍റെ നവീകരണ പ്രവർത്തനങ്ങൾക്കിടെ ഒരു മണ്‍പാത്രത്തില്‍ കുഴിച്ചിട്ട നിലയില്‍ 103 പുരാതന സ്വർണ്ണ നാണയങ്ങളാണ് കണ്ടെത്തിയത്. നവംബർ മൂന്നാം തിയതിയാണ് ഈ അപൂര്‍വ്വ കണ്ടെത്തല്‍. തിങ്കളാഴ്ച നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഒരു മണ്ണ് കലത്തിൽ നിന്ന് ഏകദേശം 103 സ്വർണ്ണ നാണയങ്ങൾ കണ്ടെത്തിയെന്ന് പോളൂർ പോലീസ് സ്റ്റേഷനിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
ചോള കാലത്തോളം പഴക്കം
ക്ഷേത്രത്തിന് നിരവധി നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നും ചോള രാജാവായ രാജരാജ ചോളൻ മൂന്നാമന്‍റെ കാലഘട്ടത്തിലാണ് ഈ ശിവക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. റവന്യൂ വകുപ്പിലെയും ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് വകുപ്പിലെയും ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ നാണയങ്ങളുടെ ചരിത്രം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് വിശദീകരിച്ചു.
