റിയോ ഡി ജനീറോയിലെ സാന്തോസ് ഡ്യുമണ്ട്  വിമാനത്താവളത്തിലാണ് പോണ്‍ പ്രദര്‍ശനം നടന്നത്. വിമാനങ്ങളുടെ പോക്കുവരവ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിച്ച ഇലക്‌ട്രോണിക് ബോര്‍ഡിലാണ് പോണ്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

വിമാന യാത്രാ വിവരങ്ങള്‍ അറിയുന്നതിനായി വിമാനത്താവളത്തിലെ ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡ് നോക്കിയിരുന്ന യാത്രക്കാര്‍ പൊടുന്നനെ ഞെട്ടിപ്പോയി. വിമാന വിവരങ്ങള്‍ക്കു പകരം, ബോര്‍ഡില്‍ പോണ്‍ ദൃശ്യങ്ങള്‍!

അമ്പരന്നുപോയ യാത്രക്കാരില്‍ ചിലര്‍ കുട്ടികളെ പെട്ടെന്നു തന്നെ അവിടന്നു മാറ്റി. മറ്റു ചില യാത്രക്കാര്‍ പൊട്ടിച്ചിരിച്ചു. വേറെ ചില യാത്രക്കാരാവട്ടെ, ബഹളം വെച്ചു. തുടര്‍ന്ന്, വിമാനത്താവള അധികൃതര്‍ സ്ഥലത്തെത്തി. ഉടന്‍ തന്നെ ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡ് അവര്‍ ഓഫ് ചെയ്തു. എന്നാല്‍, സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. ലോകത്തെ മറ്റു പല വിമാനത്താവളങ്ങളിലും ഈയടുത്തായി നടന്നതുപോലെ, ഹാക്കിംഗാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

ബ്രസീലിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ റിയോ ഡി ജനീറോയിലെ സാന്തോസ് ഡ്യുമണ്ട് വിമാനത്താവളത്തിലാണ് പോണ്‍ പ്രദര്‍ശനം നടന്നത്. വിമാനങ്ങളുടെ പോക്കുവരവ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിച്ച ഇലക്‌ട്രോണിക് ബോര്‍ഡിലാണ് പോണ്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇവിടെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് കരാര്‍ എടുത്ത സ്വകാര്യ കമ്പനിയുടെ സെര്‍വര്‍ ഹാക്ക് ചെയ്താണ് പോണ്‍ പ്രദര്‍ശിപ്പിച്ചത് എന്നാണ് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്. സംഭവത്തെ തുടര്‍ന്ന്, പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കരാര്‍ എടുത്ത സ്ഥാപനത്തിന്റെ അനുമതി റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. 

വിമാന വിവരങ്ങള്‍ അറിയിക്കാനുള്ള ബോര്‍ഡില്‍ പൊടുന്നനെ പോണ്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ വിമാനത്താവളത്തിലാകെ ബഹളമുണ്ടായി. ആളുകള്‍ പല തരത്തിലാണ് ഈ സംഭവത്തോട് പ്രതികരിച്ചത്. അധികം കൈാതെ, ഈ ഇലക്‌ട്രോണിക് ബോര്‍ഡുകള്‍ ഓഫ് ചെയ്തുവെങ്കിലും ആളുകള്‍ മൊബൈല്‍ ഫോണില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വളരെപ്പെട്ടെന്ന് തന്നെ ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. തുടര്‍ന്ന്, സ്‌ക്രീനുകള്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് സംഭവത്തിന് കാരണമെന്ന് വ്യോമയാന അതോറിറ്റി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതായും അതോറിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

റിയോ ഡി ജനീറോയിലെ ഗെയ്ലോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കഴിഞ്ഞാല്‍ ബ്രസീലിലെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് ഇത്. ബ്രസീലിയന്‍ വ്യോമയാന രംഗത്തെ പ്രമുഖനായ ആല്‍ബര്‍ട്ടോ സാന്തോസ് ഡ്യുമണ്ടിന്റെ പേരിലുള്ള ഈ വിമാനത്താവളം പൊതു, സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. 

ആദ്യമായല്ല ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത്. 2010-ല്‍ ബംഗ്ലാദേശിലെ ധാക്ക വിമാനത്താവളത്തില്‍ സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഹസ്‌റത്ത് ഷഹ്ജലാല്‍ വിമാനത്താവളത്തില്‍ പൊടുന്നനെ ഡിസ്‌പ്ലേ ബോര്‍ഡില്‍ പോണ്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. സ്‌ക്രീനുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇതെന്നായിരുന്നു അന്ന് നടത്തിയ അന്വേഷണത്തില്‍ ബോധ്യമായത്. 

അത് കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുശേഷം ലിസ്ബണ്‍ വിമാനത്താവളത്തിലെ ഡിസ്‌പ്ലേ ബോര്‍ഡിലും പോണ്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അന്ന് ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. തായ്‌വാനിലെ തായ്‌പേയ് താവേയുവാന്‍ വിമാനത്താവളത്തിലും സമാനമായ സംഭവം അടുത്തിടെ നടന്നിരുന്നു. 

2017 ഏപ്രില്‍ ഒമ്പതിന് ഡല്‍ഹി മെട്രോയുടെ തിരക്കേറിയ രാജീവ് ചൗക്ക് സ്റ്റേഷനിലും സമാന സംഭവം നടന്നു. സ്‌റ്റേഷനിലെ എല്‍ ഇ ഡി വാളിലാണ് അന്ന് പോണ്‍ പ്രത്യക്ഷപ്പെട്ടത്.