പരിക്കൊക്കെ ഭേദമായിട്ട് മതി കല്ല്യാണം എന്ന് മാതാപിതാക്കളും ചന്ദ്രേഷ് മിശ്രയോട് പറഞ്ഞു എങ്കിലും അതിനൊന്നും അയാൾ തയ്യാറായില്ല.

വിവാഹത്തിന് തൊട്ടുമുമ്പ് എന്തെങ്കിലും ഒക്കെ അപകടങ്ങളോ, അസൗകര്യങ്ങളോ ഒക്കെ ഉണ്ടായി വിവാഹം നീട്ടി വയ്ക്കേണ്ട സാഹചര്യവും മറ്റും ഉണ്ടാകാറുണ്ട്. എന്നാൽ, അപകടം സംഭവിച്ചാലും വിവാഹം നീട്ടിവയ്ക്കാൻ തയ്യാറാല്ലാതിരുന്നാലോ? അങ്ങനെ ഒരു സംഭവം ജാർഖണ്ഡിലെ പലാമു ജില്ലയിലും ഉണ്ടായി. 

വിവാഹത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരന് ഒരു അപകടം സംഭവിച്ചു. ജൂൺ 25 -നായിരുന്നു അപകടം. ഇതോടെ, എങ്ങനെയായാലും വിവാഹം മാറ്റി മറ്റൊരു ദിവസത്തേക്ക് വയ്ക്കേണ്ടി വരും എന്ന അവസ്ഥ തന്നെ ഉണ്ടായി. എന്നാൽ, വരനായ ചന്ദ്രേഷ് മിശ്ര വിവാഹം മാറ്റി വയ്ക്കാൻ ഒരുക്കമായിരുന്നില്ല. അയാൾ ആംബുലൻസിൽ വിവാഹവേദിയിൽ എത്തുകയും സ്ട്രെച്ചറിൽ കിടന്നുകൊണ്ട് വിവാഹചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു. ജൂൺ 25 -ന് നടന്ന അപകടത്തിൽ ചന്ദ്രേഷ് മിശ്രയുടെ കാലിനാണ് പരിക്കേറ്റത്. ഇതോടെ ഇയാൾ ആശുപത്രിയിൽ കിടപ്പിലാവുകയും ചെയ്തു. 

ബക്കറ്റ് മുതൽ പാൽക്കുപ്പി വരെ; വിവാഹദിനത്തിൽ വരന്റെ സുഹൃത്തുക്കൾ നൽകിയ സമ്മാനങ്ങൾ കണ്ട് അമ്പരന്ന് വധു

എന്നാൽ, അതുകൊണ്ടൊന്നും വിവാഹം മാറ്റിവയ്ക്കാൻ അയാൾ തയ്യാറായിരുന്നില്ല. പരിക്കൊക്കെ ഭേദമായിട്ട് മതി കല്ല്യാണം എന്ന് മാതാപിതാക്കളും ചന്ദ്രേഷ് മിശ്രയോട് പറഞ്ഞു എങ്കിലും അതിനൊന്നും അയാൾ തയ്യാറായില്ല. പകരം നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടക്കണം എന്നതിൽ ഉറച്ച് നിൽക്കുകയായിരുന്നു അയാൾ. അങ്ങനെയാണ് ആംബുലൻസിൽ വിവാഹവേദിയിൽ എത്തുന്നതും സ്ട്രെച്ചറിൽ കിടന്നുകൊണ്ട് ചടങ്ങുകൾ പൂർത്തിയാക്കിയതും. വധുവായ പ്രേരണയും ഇതിനോട് യോജിച്ചു. 

സ്വന്തം കാലിൽ നിൽക്കാനോ നടക്കാനോ സാധിക്കാത്തതിനാൽ തന്നെ ഏഴ് തവണയും വരൻ അ​ഗ്നിക്ക് വലം വച്ചതും സ്ട്രെച്ചറിൽ തന്നെയാണ്. വിവാഹത്തിനെത്തിയ അതിഥികളും ഈ രം​ഗത്തെ വളരെ വൈകാരികമായിട്ടാണ് നോക്കിക്കണ്ടത്. പലരും നിശ്ചയിച്ച ദിവസം തന്നെ വിവാഹിതരാവാനുള്ള ചന്ദ്രേഷ് മിശ്രയുടേയും പ്രേരണയുടേയും ദൃഢനിശ്ചയത്തെ പുകഴ്ത്തുകയും ചെയ്തു.