പിറന്നാൾ ആഘോഷത്തിന് ആരുമെത്തിയില്ലെന്നും 40 പേരുടെ ഭക്ഷണം ബാക്കിവന്നെന്നും കുട്ടിയുടെ അച്ഛന്‍റെ ഫേസ് ബുക്ക് പോസ്റ്റിന് പിന്നാലെ യുഎസില്‍ നിന്ന് പോലും അതിഥികളെത്തി. 

പിറന്നാളുകൾ അവിസ്മരണീയമാക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. എന്നാല്‍, തന്‍റെ മകളുടെ 15 -ാം പിറന്നാൾ ആഘോഷത്തിന് ക്ഷണിച്ച അതിഥികൾ പോലും എത്തിയില്ലെന്ന ഒരു ശുചീകരണ തൊഴിലാളിയുടെ സങ്കടം നിറഞ്ഞ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ സംഭവിച്ചത് ചരിത്രം. മെക്സിക്കോയിലെ സാൻ ലൂയിസ് പൊട്ടോസിയിലെ ആക്സ്റ്റ്ല ഡി ടെറാസാസിൽ നിന്നുള്ള 15 വയസ്സുള്ള ഇസെല അനാഹി സാന്‍റിയാഗോ മൊറാലസിന്‍റെ ജന്മദിനം അങ്ങനെ മെക്സിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിറന്നാളാഘോഷമായി മാറി.

പ്രാദേശിക മാലിന്യ ശേഖരണമായിരുന്നു ഇസെലയുടെ അച്ഛൻ റാമോണിന്‍റെ തൊഴിൽ. അതില്‍ നിന്നും മിച്ചം പിടിച്ച് പണം കൊണ്ട് അദ്ദേഹം തന്‍റെ വീട്ടില്‍, ജൂലൈ 9 ന് മകളുടെ 15 -ാം പിറന്നാൾ ആഘോഷിക്കാന്‍ തീരുമാനിച്ചു. അടുത്ത സുഹൃത്തുക്കളെയും അയല്‍ക്കാരെയും അദ്ദേഹം പിറന്നാൾ ആഘോഷത്തിന് ക്ഷണിച്ചു. അവരെല്ലാവരും ചേര്‍ന്ന് അതിഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കി. പക്ഷേ. ക്ഷണിക്കപ്പെട്ട അതിഥികളില്‍ പകുതിയിലേറെ പേരും ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയില്ല. ഏതാണ്ട് 40 പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം ബാക്കിവന്നത് അദ്ദേഹത്തിന് സഹിച്ചില്ല. സംഭവത്തെ കുറിച്ച് റാമോണ്‍ തന്‍റെ ഫേസ്ബുക്കിലെഴുതി.

Scroll to load tweet…

പിന്നാലെ സംഭവിച്ചത് ചരിത്രമെന്ന് എപി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസെലയുടെ അച്ഛന്‍റെ വൈകാരിക കുറിപ്പ് കാട്ടുതീ പോലെ വൈറലായി. പിന്നാലെ ഒരു പ്രാദേശിക ഫോട്ടോഗ്രാഫർ പിറന്നാൾ ആഘോഷത്തിന്‍റെ സൗജന്യ ഫോട്ടോ ഷൂട്ട് വാഗ്ദാനം ചെയ്ത് രംഗത്തെത്തി. താമസിച്ചില്ല, ഡിജെയും ഇവന്‍റ് സംഘാടകനുമായ ജെറോണിമോ റോസാലെസ് പാര്‍ട്ടിക്ക് സൗജന്യമായി സംഗീതം നൽകാമെന്ന് വാഗ്ദാനം മുന്നോട്ട് വച്ചു. പിന്നാലെ രാജ്യത്തെ ബിസിനസുകളിൽ നിന്നും സ്വകാര്യ പൗരന്മാരിൽ നിന്നും സംഭാവനകൾ ഒഴുകിയെത്തി. എന്തിന് പ്രാദേശിക ഭരണകൂടം ടൗണിലെ സ്റ്റേഡിയം തന്നെ പിറന്നാൾ ആഘോഷത്തിനുള്ള വേദിയായി വിട്ട് നല്‍കി.

ആഘോഷം തുടങ്ങുന്നതിന് തൊട്ട് മുമ്പ് ശക്തമായ മഴ പെയ്തു. എന്നാല്‍ ആരം പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. മഴയ്ക്ക് പിന്നാലെ ഒരു ഡസനോളം പ്രാദേശിക സംഗിത ട്രൂപ്പുകൾ പരിപാടി അവതരിപ്പിച്ചു. ഏറ്റവും മികച്ച ട്രൂപ്പിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പ്രദേശത്തെ രാഷ്ട്രീയ നേതാക്കൾ വേദിയില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇസേലയ്ക്കായി പ്രത്യേകം എഴുതപ്പെട്ട പാട്ടിനൊപ്പിച്ച് ആറ് കൗമാരക്കാരായ ആണ്‍കുട്ടികൾക്കൊപ്പം അവൾ പരമ്പരാഗത നൃത്തം ചവിട്ടി. സംഭവം അറിഞ്ഞ് ടെക്സസില്‍ നിന്ന് പോലും ആളുകളെത്തിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തന്‍റെ പിറന്നാൾ ആഘോഷത്തിന് സമ്മാനങ്ങളുമായി വന്നവരോട്, തനിക്ക് സമ്മാനങ്ങൾ നല്‍കുന്നതിന് പകരം പാവപ്പെട്ട കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ സംഭാവന ചെയ്യാന്‍ അവൾ അഭ്യര്‍ത്ഥിച്ചു. പിന്നാലെ ഇസേലയ്ക്കായി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകൾ പ്രഖ്യാപിക്കപ്പെട്ടു. പാര്‍ട്ടിയും ആഘോഷവും രാത്രി മുഴുവനും നീണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പാര്‍ട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിലും വൈറലായി.