ആശുപത്രിയിലേക്ക് അമ്മയുടെ കൈ പിടിച്ച് നടന്ന് വന്ന കുട്ടിയുടെ തലയില്‍ കുത്തി നിര്‍ത്തിയത് പോലെ കത്തി കണ്ട് അമ്പരന്ന് ഡോക്ടർമാര്‍.
അമ്മയെയും കുട്ടിയെയും കണ്ട ഡോക്ടര്‍മാര്‍ പോലും അമ്പരന്നു. തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്. അവളുടെ കൈ പിടിച്ച് ആശുപത്രി വാര്‍ഡിലേക്ക് കയറി വരുന്ന അമ്മ. അതെ അത്തരമൊരു സംഭവത്തിന് സാക്ഷിയായി നിന്നത് തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുമിംഗ് നഗരത്തിലെ ഡോംങ്ചുങ് പീപ്പിൾസ് ആശുപത്രിയിലെ ഡോക്ടർമാരായിരുന്നു. അവരെ അത്ഭുതപ്പെടുത്തിയത്, കത്തി തലയില്‍ തറച്ചിട്ടും ആ മുറിവില്‍ നിന്നും രക്തം ഒഴുകിയിരുന്നില്ലെന്നതാണ്. അത് പോലെ കുട്ടി, അമ്മയുടെ കൈ പിടിച്ച് ഒന്നും സംഭവിക്കാത്ത് പോലെയാണ് കുട്ടി ആശുപത്രിയിലേക്ക് നടന്ന് വന്നതും.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 -നാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹു എന്ന് പേരുള്ള മൂന്ന് വയസുകാരിയുടെ അമ്മ വീട്ടിലെ കിടക്ക വിരി കുടഞ്ഞ് വിരിക്കുകയായിരുന്നു. പഴങ്ങൾ മുറിക്കുന്ന കത്തി കിടക്ക വിരിയില്‍ കിടന്നിരുന്നത് അറിയാതെ അത് കുടഞ്ഞ് വിരിച്ചപ്പോൾ, അടുത്ത് കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരികയുടെ തലയിലേക്ക് കത്തി തുറച്ച് കയറുകയായിരുന്നു. ആദ്യം കത്തി വലിച്ചൂരാന്‍ ശ്രമിച്ചെന്നും എന്നാല്‍, മകളുടെ അലര്‍ച്ച കേട്ട് ഭയന്ന് ശ്രമം ഉപേക്ഷിച്ചെന്ന് അമ്മ പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
15 സെന്‍റീ മീറ്റർ നീളമുള്ള പഴങ്ങൾ മുറിക്കുന്ന കത്തിയാണ് കുട്ടിയുടെ തലയോട്ടിയിൽ തറച്ചിരുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ അമ്മയുടെ കൈ പിടിച്ച് ആശുപത്രിയിലേക്ക് നടന്ന് വരുന്ന കുട്ടിയെ കാണാം. ഡോക്ടറുടെ കോട്ട് ധരിച്ച ഒരാൾ ഇരുവരെയും അകത്തേക്കുള്ള വഴി കാണിക്കുന്നതും അമ്മയുടെ കൈ പിടിച്ച് കുട്ടി നടന്ന് പോകുന്നതും വീഡിയോയില്‍ കാണാം. ആശുപത്രി അധികൃതർ കുട്ടിയുടെ തലയിൽ നിന്നും കത്തി മാറ്റിയതായും കുട്ടി പൂര്‍ണ്ണ സുഖം പ്രാപിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു.
കുട്ടിയുടെ മൃദുലമായ തലയോട്ടിയിൽ ചെറിയ രീതിയില്‍ മാത്രമാണ് കത്തി തറഞ്ഞിരുന്നതെന്നും അത് വലിയ അപകടമൊന്നും ഉണ്ടാക്കിയില്ലെന്നും ആശുപത്രി പത്രക്കുറിപ്പില്‍ പറഞ്ഞു. കത്തി വലിച്ചൂരാതെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചത് കൊണ്ട് വലിയ പ്രശ്നങ്ങളുണ്ടായില്ലെന്ന് ഡോക്ടർമാര്‍ പറഞ്ഞു. സംഭവം മനപൂര്‍വ്വമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞതിനാല്‍ അമ്മയ്ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസും അറിയിച്ചു.


