Asianet News MalayalamAsianet News Malayalam

Patron : വെറും നായക്കുട്ടിയല്ല പാട്രോൺ, ഭൂമിക്കടിയിൽ ഒളിപ്പിച്ച മാരകസ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്ന പോരാളി!

അതുപോലെ, ഉക്രൈനിൽ ഇതുവരെ 54,000 മൈനുകളും 2,000 മിസൈലുകളുൾപ്പെടെ പൊട്ടാത്ത നിരവധി സ്ഫോടകവസ്തുക്കൾ കണ്ടെത്തി നിർജ്ജീവമാക്കിയതായി എമർജൻസി സർവീസ് വക്താവ് പറഞ്ഞു. 

heroic minesweeping dog of Ukraine
Author
Ukraine, First Published Apr 17, 2022, 11:50 AM IST

വെറും രണ്ടു വയസ്സുള്ള ഒരു നായ്കുട്ടിയാണ് പാട്രോൺ. എന്നാൽ, വെറുമൊരു നായ്കുട്ടിയെന്ന നിലയിൽ അവനെ കാണാൻ സാധിക്കില്ല. കാരണം ഉക്രൈനിയക്കാർക്ക് അവൻ ഒരു ഹീറോയാണ്. റഷ്യയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഉക്രൈനി(Ukraine)ന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു പോരാളിയാണവൻ. റഷ്യൻ സൈന്യം(Russian troops) ഭൂമിക്കടിയിൽ ഒളിപ്പിച്ച മാരകമായ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതാണ് അവന്റെ ജോലി. ഇംഗ്ലീഷിൽ 'ബുള്ളറ്റ്' എന്നാണ് അവന്റെ പേരിന്റെ അർത്ഥം. ജാക്ക് റസ്സൽ(Jack Russell) ഇനത്തിൽ പെട്ടതാണ് പാട്രോൺ(Patron).

നിലവിൽ കീവിനു വടക്കുള്ള ചെർനിഹിവ് മേഖലയിലാണ് അവനുള്ളത്‌. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഏകദേശം നൂറുകണക്കിന് മാരകമായ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യാൻ അവന് സാധിച്ചിട്ടുണ്ട്. സൈനിക വേഷം ധരിച്ച് ജോലി ചെയ്യുന്ന അവന്റെ ഒരു വീഡിയോ രാജ്യത്തിന്റെ സിവിൽ ഡിഫൻസ് ഏജൻസി അടുത്തിടെ പങ്കിടുകയുണ്ടായി. വീഡിയോയിൽ, അവൻ അപകടമേറിയ വഴികളിലൂടെ നടന്ന് മറഞ്ഞിരിക്കുന്ന കുഴിബോംബുകൾ കണ്ടെത്തുന്നത് കാണിക്കുന്നു. യുദ്ധത്തിന്റെ തുടക്കം മുതലേ അവൻ സൈന്യത്തിന്റെ കൂടെയുണ്ടെന്നും 90-ലധികം സ്ഫോടനാത്മക വസ്തുക്കൾ കണ്ടെത്താൻ സഹായിച്ചിട്ടുണ്ടെന്നും വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു. 'സുഹൃത്തേ, നിങ്ങളുടെ അശ്രാന്ത പരിശ്രമത്തിന് നന്ദി!' എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

കേവലം ആറുമാസം പ്രായമുള്ളപ്പോൾ തുടങ്ങിയതാണ് അവന്റെ ഈ ജോലി. സ്ഫോടകവസ്തുക്കളിൽ നിന്നുയരുന്ന രാസവസ്തുക്കളുടെ ഗന്ധം മണത്താണ് അവയുടെ സാന്നിധ്യം അവൻ തിരിച്ചറിയുന്നത്. എന്നാൽ എല്ലാ നായ്ക്കൾക്കും ഇതിനുള്ള കഴിവില്ല. അസാമാന്യമായ ഘ്രാണശക്തിയ്ക്ക് പേരുകേട്ടവരാണ് ജാക്ക് റസ്സൽസ്. മാരകമായ ബോംബുകൾ മുതൽ കാണാതായ ആളുകളെ വരെയും, എന്തിനേറെ തീരെ നിസ്സാരമായ ബെഡ് ബഗുകൾ പോലുള്ളനയെ വരെയും കണ്ടെത്താൻ അവയ്ക്ക് കഴിയും.  

അതും പോരെങ്കിൽ, അവ വളരെ ചടുലവും സ്‌ഫോടക വസ്തുക്കൾ മറഞ്ഞിരിക്കുന്ന പ്രദേശങ്ങളിൽ ഈസിയായി സഞ്ചരിക്കാൻ അനുയോജ്യമാം വിധം ചെറുതുമാണ്. അതുകൊണ്ട് തന്നെ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യാൻ മറ്റേത് യന്ത്രത്തെക്കാളും അവർ പ്രാപ്തരാണ്. പ്രിയപ്പെട്ട ഭക്ഷണമായ ചീസാണ് അവന്റെ കഠിനാധ്വാനത്തിന് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്താണ് കുഴിബോംബുകൾ തിരിച്ചറിയാൻ നായ്ക്കളെ ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത്. സമീപ വർഷങ്ങളിൽ അത് വലിയ രീതിയിൽ പ്രചാരം നേടി. ലോകമെമ്പാടുമുള്ള ഇത്തരം പദ്ധതികളിൽ 750 -ലധികം നായ്ക്കൾ പ്രവർത്തിക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു.  

അതുപോലെ, ഉക്രൈനിൽ ഇതുവരെ 54,000 മൈനുകളും 2,000 മിസൈലുകളുൾപ്പെടെ പൊട്ടാത്ത നിരവധി സ്ഫോടകവസ്തുക്കൾ കണ്ടെത്തി നിർജ്ജീവമാക്കിയതായി എമർജൻസി സർവീസ് വക്താവ് പറഞ്ഞു. ആളുകളുടെ വീടുകളുടെ മുറ്റത്ത് നിന്നും, റോഡുകളിൽ നിന്നും, തുറസ്സായ സ്ഥലങ്ങളിലും നിന്നുമെല്ലാം ഷെല്ലുകൾ ഖനനം ചെയ്യുകയുണ്ടായി. അഞ്ഞൂറോളം യുദ്ധോപകരണങ്ങൾ സൈനികർ തന്നെ നശിപ്പിച്ചതായി പറയപ്പെടുന്നു. സ്ഫോടകവസ്തുക്കൾ കണ്ടാൽ അതിനടുത്തേയ്ക്ക് പോകരുതെന്ന് അധികാരികൾ ആളുകൾക്ക് മുന്നറിയിപ്പ് നൽകി.  

Follow Us:
Download App:
  • android
  • ios