ഈ സമയം കുതിരയെ സഹായിക്കുന്നതിനു പകരം അതിൻറെ ഉടമ ബലം പ്രയോഗിച്ചും അടിച്ചും വീണ്ടും എഴുന്നേൽപ്പിച്ച് വണ്ടി വലിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ലഭിച്ച മഴ ചൂടിന് ചെറിയൊരു ആശ്വാസം നൽകിയെങ്കിലും മഴ ലഭിക്കാത്ത പ്രദേശങ്ങളിൽ ഇപ്പോഴും വേനൽ ചൂട് കനക്കുകയാണ്. കഠിനമായ ചൂടിൽ മനുഷ്യർ മാത്രമല്ല പക്ഷിമൃഗാദികളും വെന്തുരുകയാണ്. 

കഴിഞ്ഞദിവസം കൊൽക്കത്തയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തിൽ ചൂട് സഹിക്കാൻ വയ്യാതെ നടുറോഡിൽ കുതിര കുഴഞ്ഞു വീണതിനെത്തുടർന്ന് കുതിരയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉടമയുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിക്കെതിരെ ഉയരുന്നത്.

കൊൽക്കത്തയിലെ ഭവാനിപൂരിനടുത്താണ് സംഭവം നടന്നത്. പോഷകാഹാരക്കുറവുള്ള കുതിരയെ വണ്ടി വലിക്കാൻ ഉടമ നിർബന്ധിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയിൽ കാണാം. ചൂടും ആരോഗ്യക്കുറവും മൂലം ഡീഹൈഡ്രേഷൻ സംഭവിച്ച കുതിര റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. എന്നാൽ, ഈ സമയം കുതിരയെ സഹായിക്കുന്നതിനു പകരം അതിൻറെ ഉടമ ബലം പ്രയോഗിച്ചും അടിച്ചും വീണ്ടും എഴുന്നേൽപ്പിച്ച് വണ്ടി വലിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

Scroll to load tweet…

പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ) ഇന്ത്യ പോസ്റ്റ് ചെയ്ത വീഡിയോ വളരെ പെട്ടെന്ന് ശ്രദ്ധ നേടി. സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവരുടെ രോഷം പ്രകടിപ്പിച്ചു. കുതിരയുടെ ഉടമയുടെ ക്രൂരമായ നടപടിക്കെതിരെ പോലീസ് കേസെടുത്ത് അയാളെ ജയിലിൽ അടക്കണമെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു. ഇത്രമാത്രം ക്രൂരമായി പെരുമാറാൻ മനുഷ്യർക്ക് മാത്രമേ സാധിക്കു എന്നും ചിലർ അഭിപ്രായപ്പെട്ടു.

പെറ്റ ഇന്ത്യ കുതിരയുടെ ഉടമയ്ക്കെതിരെ ഔദ്യോഗിക പരാതി നൽകി. പരാതി സ്വീകരിച്ച പോലീസ് ഇയാൾക്കെതിരെ ഏപ്രിൽ 24 എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അറിയിച്ചു. പ്രതികൾക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകി. കുതിര ഇപ്പോൾ ചികിത്സയിൽ ആണെന്നും പെറ്റ ഇന്ത്യ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം