രാജി വയ്ക്കുന്ന കാര്യം പറഞ്ഞപ്പോൾ മാനേജർ പ്രതികരിച്ചത്, 'മറ്റൊരു ജോലി കണ്ടെത്തുന്നതിന് ആശംസകൾ, അവിടെ എത്രകാലം നീ നിൽക്കുമെന്ന് നോക്കട്ടെ' എന്നാണ് എന്നും പോസ്റ്റിൽ പറയുന്നു. 

തങ്ങളുടെ ജോലി സ്ഥലങ്ങളിൽ അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് പലരും ഇന്ന് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ വെളിപ്പെടുത്താറുണ്ട്. പലരും മിക്കവാറും തങ്ങളുടെ മേലുദ്യോ​ഗസ്ഥരിൽ നിന്നും പലതരത്തിലുള്ള മാനസികപീഡനങ്ങളും അപമാനങ്ങളും സഹിക്കേണ്ടുന്ന അവസ്ഥയിൽ എത്താറുണ്ട്. അങ്ങനെ എത്ര ഇഷ്ടപ്പെട്ട ജോലിയാണെങ്കിലും അത് ഉപേക്ഷിച്ച് പോകേണ്ടി വരുന്നവരും ഉണ്ട്. അതുപോലെ, ബെം​ഗളൂരുവിൽ നിന്നുള്ള ഒരു സോഫ്റ്റ്‍വെയർ എഞ്ചിനീയറുടെ അനുഭവമാണ് ഒരാൾ ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചിരിക്കുന്നത്. 

എങ്ങനെയാണ് തികച്ചും ടോക്സിക്കായിട്ടുള്ള ഒരു സാഹചര്യം ഒരാളെ ജോലി വിടാൻ പ്രേരിപ്പിച്ചതെന്നാണ് ലിങ്ക്ഡ്ഇന്നിൽ ശ്രാവൺ ടിക്കോ എന്ന യുവാവ് കുറിച്ചിരിക്കുന്നത്. ​ഗൂ​ഗിൾ മീറ്റിൽ വച്ച് ഒരു പ്രൊജക്ടിൽ വ്യക്തത വരുത്താൻ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവിനോട് ആവശ്യപ്പെട്ടു. ആ മീറ്റിം​ഗിൽ വച്ച് യുവാവ് കരഞ്ഞുപോയി. അത്രയും മോശം അനുഭവമാണ് യുവാവിന് ഉണ്ടായത് എന്നാണ് ശ്രാവൺ പോസ്റ്റിൽ പറയുന്നത്. 

പുതിയ ജീവനക്കാരെ കൃത്യമായി കാര്യങ്ങൾ പഠിപ്പിക്കുന്നില്ല, കൃത്യമായ ഒരു വ്യവസ്ഥയില്ല എങ്ങനെയെങ്കിലും കാര്യങ്ങൾ നടക്കും എന്നാണ് കരുതുന്നത്. ഇതിനെല്ലാം പ്രതിഫലമായി കിട്ടുന്നത് എല്ലാവരുടേയും മുന്നിൽ വച്ചുള്ള അപമാനമാണ്. സോഫ്റ്റ്‍വെയർ എഞ്ചിനീയർ പറഞ്ഞത്, ഞങ്ങൾ അവരുടെ അം​ഗീകാരത്തിന് വേണ്ടി ആ​ഗ്രഹിക്കുന്നില്ല. എല്ലാവരുടെയും മുന്നിൽ വച്ച് അപമാനിക്കപ്പെടാതിരുന്നെങ്കിൽ എന്ന് മാത്രമാണ് ആ​ഗ്രഹം എന്നാണ് എന്നും പോസ്റ്റിൽ പറയുന്നു. 

മാനേജരുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളെ കുറിച്ചും യുവാവ് പങ്കുവച്ചു. പിന്നാലെ ഇയാൾ രാജി വയ്ക്കുകയായിരുന്നത്രെ. രാജി വയ്ക്കുന്ന കാര്യം പറഞ്ഞപ്പോൾ മാനേജർ പ്രതികരിച്ചത്, 'മറ്റൊരു ജോലി കണ്ടെത്തുന്നതിന് ആശംസകൾ, അവിടെ എത്രകാലം നീ നിൽക്കുമെന്ന് നോക്കട്ടെ' എന്നാണ് എന്നും പോസ്റ്റിൽ പറയുന്നു. 

സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ശ്രാവൺ പറയുന്നത്, മോശം മാനേജറാണെങ്കിൽ നമ്മുടെ സ്വപ്നജോലി പോലും നരകമായിത്തീരും എന്നാണ്. നല്ലതും ചീത്തയുമായ മാനേജർമാർ എങ്ങനെയാണ് നമ്മുടെ ജോലിസ്ഥലത്തെ അവസ്ഥയെ സ്വാധീനിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ശ്രാവൺ പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിരവധിപ്പേർ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം