അത് തന്റെ മകനല്ല എന്ന് വിശ്വസിക്കാൻ അവർക്ക് തക്കതായ കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, അവനെ കാണാൻ തന്റെ മകനെ പോലെ ഇല്ല. രണ്ട് തന്റെ മകന് തലയിൽ ഒരു പാടുണ്ടായിരുന്നു അത് ഈ ചെറുപ്പക്കാരനില്ല. മൂന്ന്, അവന്റെ അധ്യാപകർക്കും അത് കനയ്യയാണ് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.
ആൾമാറാട്ടം പ്രമേയമായി വരുന്ന പല സിനിമകളും നാം കണ്ടിട്ടുണ്ട്. എന്നാൽ, അതിനെയെല്ലാം വെല്ലുന്ന ഒരു യഥാർത്ഥ സംഭവമാണ് ബിഹാറിൽ നടന്നിരിക്കുന്നത്. നളന്ദ ജില്ലയിലെ മുർഗവൻ ഗ്രാമത്തിൽ ഒരു ഭൂവുടമയുടെ മകനെ 40 വർഷം മുമ്പ് കാണാതായി. നാല് വർഷങ്ങൾക്ക് ശേഷം കാണാതായ മകനാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാൾ അവരുടെ അടുത്ത് എത്തിച്ചേർന്നു. അങ്ങനെ അയാളുടെ മകനായി അയാൾ അവിടെ കഴിഞ്ഞത് 40 വർഷം. ഭൂവുടമയുടെ സ്വത്തിന്റെ അനന്തരാവകാശി കൂടിയായി അയാൾ മാറി. എന്നാൽ, 40 വർഷങ്ങൾക്ക് ശേഷം അയാൾ ഭൂവുടമയുടെ മകനല്ല എന്നും ഒരു ആൾമാറാട്ടക്കാരനാണ് എന്നും കണ്ടെത്തി കോടതി അയാളെ ശിക്ഷിച്ചിരിക്കുകയാണ്.
ജാമുയി ജില്ലക്കാരനാണ് ആൾമാറാട്ടത്തിന് ശിക്ഷിക്കപ്പെട്ടിരിക്കുന്ന ദയാനന്ദ് ഗോസൈൻ. ബിഹാർഷരീഫ് സിവിൽ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വി. മാനവേന്ദ്ര മിശ്ര ഏപ്രിൽ 5 -ന് തന്റെ ഉത്തരവിൽ അത് വ്യക്തമാക്കി. ഇയാൾക്ക് തടവും പിഴയും വിധിച്ചു.
ആൾമാറാട്ടത്തിന്റെ കഥ ഇങ്ങനെ
മുർഗാവനിലെ കാമേശ്വർ സിംഗ് പ്രദേശത്തെ വളരെ വലിയ ഭൂവുടമയാണ്. അയാൾക്ക് ഏക്കർ കണക്കിന് ഭൂമിയുണ്ട്. പഞ്ചായത്ത് തലവനായും മറ്റും പലതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അയാളുടെ സഹോദരൻ രാജ്യസഭാംഗമാണ്. കനയ്യ എന്ന് പേരായ ഒരു മകൻ കാമേശ്വർ സിംഗിന് ഉണ്ടായിരുന്നു. 1977 ഫെബ്രുവരി 20 -ന് പതിനാറുകാരനായ കനയ്യ തന്റെ മെട്രിക്കുലേഷൻ പരീക്ഷ എഴുതാൻ പോയതാണ്. പിന്നെ തിരികെ വന്നില്ല.
കാമേശ്വറും ഭാര്യ രാംസഖി ദേവിയും ചേർന്ന് മകനെ കാണാനില്ല എന്നൊരു പരാതി പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ നൽകി. ഒപ്പം അവരുടേതായ രീതിയിൽ മകനെ കണ്ടെത്താനുള്ള അന്വേഷണവും നടത്തി. കാമേശ്വർ സിംഗിന്റെ മാനസികാവസ്ഥ വളരെ മോശമായി. ഏകമകനെ കാണാതായതിൽ അദ്ദേഹം തകർന്നുപോയി. പ്രദേശത്തെ ഒരു ആൾദൈവത്തെയും കാമേശ്വർ സിംഗ് പോയിക്കണ്ടു. മൂന്നുമാസത്തിനുള്ളിൽ കാണാതായ മകൻ തിരികെ വരും എന്നായിരുന്നു അയാൾ പറഞ്ഞത്. എന്നാൽ മകൻ തിരികെ എത്തിയില്ല. കാമേശ്വർ പിന്നെയും ആകെ തകർന്നു.
നാല് വർഷത്തിന് ശേഷം 1981 സെപ്തംബർ 20 -ന് സന്യാസിയെപ്പോലെ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ അടുത്ത ഗ്രാമത്തിൽ നിന്നും അവിടെ എത്തിച്ചേർന്നു. ശേഷം കാമേശ്വർ സിംഗിന്റെയും രാംസഖി ദേവിയുടെയും മകനാണ് എന്ന് അവകാശപ്പെട്ടു. കോടതിരേഖകളിൽ പറയുന്നത് കാമേശ്വർ സിംഗിന്റെ മകനെ കാണാതായ വാർത്ത കാട്ടുതീ പോലെ പടർന്നിരുന്നു, അത് അയൽഗ്രാമങ്ങളിലും എത്തിച്ചേർന്നിരുന്നു. അതിനാൽ, അദ്ദേഹത്തിന്റെ മകനാണ് എന്ന് പറഞ്ഞ് ഒരാളെത്തുമ്പോൾ അവർക്കത് അവിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു എന്നാണ്.
അധികം വൈകാതെ സന്യാസിയെ പോലെ തോന്നിച്ച ചെറുപ്പക്കാരനെ കാമേശ്വറിന്റെ മുന്നിലെത്തിച്ചു. അവന്റെ കയ്യക്ഷരം ശരിക്കും കനയ്യയുടേത് പോലെ തന്നെ ആയിരുന്നു. അവനെ കാണാൻ കനയ്യയെ പോലെ അധികം ഇല്ലായിരുന്നു എങ്കിലും നാല് വർഷത്തെ ഇടവേള അവനെ മാറ്റിയതാവാം എന്ന് കരുതി കാമേശ്വർ അവനെ മകനായി സ്വീകരിച്ച് വീട്ടിലേക്ക് വിളിച്ചു. അവൻ അവിടെ അവരുടെ മകനായി താമസവും തുടങ്ങി.
കാമേശ്വറിന് തന്റെ മകനെ തിരികെ കിട്ടിയതിൽ വലിയ സന്തോഷം തോന്നി. എന്നാൽ, ഭാര്യയ്ക്ക് ആദ്യം മുതലേ സംശയം തോന്നിയിരുന്നു. വന്നിരിക്കുന്നത് തങ്ങളുടെ മകനാണ് എന്ന് പൂർണമായും വിശ്വസിക്കാൻ അവർക്ക് സാധിച്ചില്ല. പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ അവരൊരു പരാതി നൽകി. ആ ചെറുപ്പക്കാരൻ വന്ന ശേഷം തന്റെ ഭർത്താവിന്റെ ആരോഗ്യനിലയിൽ നല്ല വ്യത്യാസം ഉണ്ട്. അതിനാൽ പെട്ടെന്നൊരു നടപടി എടുക്കണം എന്ന് താൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, വന്നിരിക്കുന്ന ചെറുപ്പക്കാരന് മേൽ തനിക്ക് സംശയമുണ്ട് എന്നായിരുന്നു പരാതി.
അത് തന്റെ മകനല്ല എന്ന് വിശ്വസിക്കാൻ അവർക്ക് തക്കതായ കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, അവനെ കാണാൻ തന്റെ മകനെ പോലെ ഇല്ല. രണ്ട് തന്റെ മകന് തലയിൽ ഒരു പാടുണ്ടായിരുന്നു അത് ഈ ചെറുപ്പക്കാരനില്ല. മൂന്ന്, അവന്റെ അധ്യാപകർക്കും അത് കനയ്യയാണ് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. അതുപോലെ അവൻ വന്ന ശേഷം കുറച്ച് ആളുകൾ അവനെ കാണാനായി എത്തി. അവർ സംസാരിച്ചിരുന്നത് തങ്ങൾക്ക് അറിയാത്ത ഏതോ ഭാഷയാണ്. അവർ പോകുമ്പോൾ അവൻ അവർക്ക് പണം നൽകിയിരുന്നു എന്നും രാംസഖി ദേവി തന്റെ പരാതിയിൽ പറഞ്ഞു.
കൂടാതെ സ്വത്തുക്കൾ തന്റേ പേരിലാക്കാൻ അയാൾ ശ്രമിച്ചു. കാമേശ്വറിന്റെ തോക്ക് കൈക്കലാക്കാനും ശ്രമിച്ചു. ഒപ്പം തനിക്ക് ഇവിടെ നിന്നും പോകേണ്ടി വന്നാൽ താൻ എന്തെങ്കിലും ഹീനമായ കുറ്റകൃത്യം നടത്തുമെന്നും അയാൾ ഭീഷണിപ്പെടുത്തിയിരുന്നു. 1981 മുതൽ കോടതിയിൽ ഈ കേസ് പെൻഡിംഗിൽ കിടക്കുകയാണ്. ദയാനന്ദ് എന്നായിരുന്നു കനയ്യയായി എത്തിയ ആളുടെ പേര്. അയാൾ ആ വർഷങ്ങൾ കൊണ്ട് കാമേശ്വറിന്റെ പേരിലുള്ള നിരവധി സ്വത്തുക്കൾ വിൽപ്പിച്ചു. അയാൾ വിവാഹം കഴിച്ചു. കുടുംബവും കുട്ടികളുമായി കാമേശ്വറിന്റെയും ഭാര്യയുടേയും കൂടെ മകനായി ജീവിക്കുകയായിരുന്നു.
1990 -ൽ കാമേശ്വർ മരിച്ചു. രാംസഖി ദേവി 1995 -ലും മരിച്ചു. പ്രാദേശിക കോടതി കേസ് ക്ലോസ് ചെയ്യുകയും ചെയ്തു. എന്നാൽ, കാമേശ്വറിന്റെ മകൾ കോടതിയെ സമീപിച്ച് കേസ് വീണ്ടും തുറപ്പിച്ചു. രാംസഖി ദേവി കുറേക്കാലം പാറ്റ്നയിൽ മകളുടെ കൂടെ താമസിച്ചിരുന്നു. ആ സമയമെല്ലാം കാമേശ്വർ സിംഗ് ദയാനന്ദിന്റെ കൂടെ താമസിച്ചു. ഗ്രാമവാസികളും അയാളെ കനയ്യയായി അംഗീകരിച്ച് തുടങ്ങിയിരുന്നു.
അയാളുടെ കൂടെ മകനായി താമസിക്കുന്ന കാലത്ത് ഏക്കർ കണക്കിന് ഭൂമിയാണ് ദയാനന്ദ വിറ്റു തീർത്തത്. ഏതായാലും കേസ് പുനരാരംഭിച്ചതോടെ നിരവധി സാക്ഷികളെയും മറ്റും മുൻനിർത്തി ദയാനന്ദ കുറ്റക്കാരനാണ് എന്ന് തെളിയിക്കപ്പെട്ടു. ഇത്രയും വർഷം അയാൾ ആൾമാറാട്ടം നടത്തി കാമേശ്വറിന്റെ മകനായി കഴിയുകയായിരുന്നു. ദയാനന്ദ ഡിഎൻഎ സാംപിൾ നൽകാൻ വിസമ്മതിച്ചു. ഒപ്പം ദയാനന്ദയുടെ പേരിൽ ഒരു വ്യാജ മരണസർട്ടിഫിക്കറും ഉണ്ടാക്കി. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ ഇയാൾ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തി. സ്വത്തിന് വേണ്ടിയായിരുന്നു ദയാനന്ദ ഈ വേഷമെല്ലാം കെട്ടിയത്.
ഏതായാലും ഇതോടെ 40 വർഷം നീണ്ടുനിന്ന ഒരു വലിയ തട്ടിപ്പ് നാടകത്തിന് തിരശീല വീണു. എന്നാൽ, അത് തെളിയിക്കപ്പെടും മുമ്പേ കാമേശ്വറും ഭാര്യയും മരിച്ചു. ശരിക്കും കനയ്യ എവിടെയാണ് എന്ന് ഇതുവരെ കണ്ടെത്തിയുമില്ല.
