കനേഡിയന്‍ സമ്പദ്‍വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ ഇന്ത്യക്കാരുടെ പങ്ക് വലുതാണെന്നുള്ള റെഡ്ഡിറ്റ് ഉപഭോക്താവിന്‍റെ കുറിപ്പ് വൈറൽ.

കാനഡയുടെ സമ്പദ് വ്യവസ്ഥയെ നിലനിർത്തുന്നതില്‍ ഇന്ത്യക്കാര്‍ക്കുള്ള പങ്കുവെളിപ്പെടുത്തിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറൽ. ഒരു കുടിയേറ്റ സമൂഹമെന്ന നിലയില്‍ നിന്നും കാനഡയുടെ സമ്പദ് വ്യവസ്ഥയെ ശക്തമായി നിലനിര്‍ത്തുന്നതില്‍ കാനഡയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ കഠിനാധ്വാനം കൂടിയുണ്ടെന്ന് കുറിപ്പ് അവകാശപ്പെടുന്നു. ഒരു ദശാബ്ദത്തിന് ശേഷം വീണ്ടും കാനഡ സന്ദര്‍ശിച്ചപ്പോൾ അവിടെ കണ്ട അനുഭവങ്ങളെ കുറിച്ച് ഒരു റെഡ്ഡിറ്റ് ഉപഭോക്താവായിരുന്നു കുറിപ്പെഴുതിയത്.

'ഇന്ത്യൻ കനേഡിയൻമാർക്ക് വലിയ ആദരവ്' എന്ന തലക്കെട്ടോടെയായിരുന്നു റെഡ്ഡിറ്റില്‍ കുറിപ്പ് എഴുതിയത്. ഒരു ദശാബ്ദത്തിന് കാനഡയിലേക്ക് എത്തിയ അദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചയായി താന്‍ ടൊറന്‍റോയിലുണ്ടെന്നും വ്യക്തമാക്കി. ഒപ്പം കനേഡിയന്‍ സംമ്പദ്‍വ്യവസ്ഥയ്ക്ക് ഇന്ത്യന്‍ തൊഴിലാളികൾ നല്‍കിയ സംഭാവനകളെ കുറിച്ചും അദ്ദേഹം എഴുതി. ടെറന്‍റോയില്‍ താന്‍ കണ്ട കാഴ്ചകൾ വിവരിച്ച അദ്ദേഹം സേവന, റീട്ടെയിൽ മേഖലകളിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സാന്നിധ്യമാണ് കാനഡയുടെ പരിവര്‍ത്തനത്തിന് കാരണമെന്നും അവകാശപ്പെട്ടു. ടൊറന്‍റോയിൽ മക്ഡോനാൾഡ് മുതൽ വാൾമാർട്ട് വരെയുള്ള എല്ലാ ബിസിനസ് സംരംഭങ്ങളിലും ഇന്ത്യക്കാരുടെ സന്നിധ്യമുണ്ടെന്നും അദ്ദേഹം വിവരിക്കുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് കഠിനാധ്വാനികളും സൗഹൃദരുമാണ് ഇന്ത്യക്കാരെന്നും കുറിപ്പ് തുടരുന്നു.

യുഎസില്‍ നിന്നും തനിക്കുണ്ടായ അനുഭവങ്ങളുമായി നിശിതമായി താരതമ്യം ചെയ്ത റെഡ്ഡിറ്റ് ഉപഭോക്താവ് അമേരിക്കൻ തൊഴിലാളികളുടെ അലംഭാവത്തെ വിമർശിച്ചു. ഒരു ശ്രമവും നടത്താതെ തങ്ങൾ മിടുക്കന്മാരാണെന്ന് കരുതുന്ന ഒരു കൂട്ടം അഹങ്കാരികളായ ഹൈസ്കൂൾ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഉയര്‍ച്ചയെന്നാണ് കുറിപ്പ് ഇക്കാര്യത്തെ വിശദീകരിച്ചത്. വെള്ളക്കാരില്‍ വംശീയത ബോധമുണ്ടെന്നും കാരണം അവര്‍ ഭ്രാന്തന്മാരാണെന്നും അവര്‍ കാനഡയില്‍ വന്ന് കനേഡിയരെ പിന്തിരിപ്പിക്കുകയും അവരെക്കാൾ കൂടുതല്‍ സമൂഹത്തിന് സംഭാവ ചെയ്യുന്നുണ്ടെന്ന് വീമ്പു പറയുന്നുവെന്നുവെന്നും പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

റെഡ്ഡിറ്റ് കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ കുറിപ്പിന് താഴെ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. ചിലര്‍ കുറിപ്പിലെ വിവരങ്ങൾ അത്രയ്ക്കങ്ങ് ശരിയല്ലെന്ന് കുറിച്ചു. കാനഡയിലേക്ക് മിക്ക ഇന്ത്യക്കാരുമെത്തുന്നത് പിആര്‍ / സിറ്റിസെന്‍ഷിപ്പ് വഴിയാണെന്നും അതിനാല്‍ പറയുന്നത്രയും വലിയ രീതിയില്‍ ഇന്ത്യക്കാരുടെ സംഭവനയില്ലെന്നും അതേസമയം ചെറിയൊരു സംഭാവന നല്‍കുന്നുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. മറ്റ് ചിലര്‍ വിദ്യാഭ്യാസത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാർത്ഥികൾ അവരുടെയും അവരുടെ മാതാപിതാക്കളുടെയും സമ്പാദ്യം ചെലവഴിച്ചാണ് വരുന്നതെന്നും അവരിവിടെ സ്വന്തം ഭാവി കണ്ടെത്താന്‍ പാടുപെടുകയാണെന്നും മറ്റ് ചിലരെഴുതി. അതേസമയം കൊവിഡ് സമയത്ത് കനേഡിയന്‍ ഇന്ത്യക്കാരുടെ സേവനം ഇല്ലായിരുന്നെങ്കില്‍ രാജ്യം ഗുരുതരമായ കുഴപ്പം നേരിട്ടേനെയെന്ന് മറ്റ് ചിലര്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം ഇന്ത്യക്കാര്‍ വലിയ കഠിനാധ്വാനികളാണെന്ന് നിരവധി പേരാണ് കുറിച്ചത്.