പട്ടായയില്‍ രാത്രി നടത്തത്തിനിടെ രണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സ് വന്ന് തന്നെ ഉമ്മവയ്ക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. പിന്നാലെ സ്വർണ്ണമാല കാണാനില്ലെന്നായിരുന്നു പരാതി.
തായ്‍ലന്‍ഡും പട്ടായയും ഇന്ത്യക്കാരുടെ ഏറ്റവും പ്രീയപ്പട്ട വിനോദ സഞ്ചാര കേന്ദ്രമാണ്. ഇന്ത്യന്‍ വിനോദ സഞ്ചാരികളെ തട്ടി നടക്കാന്‍ വയ്യാതായ പട്ടായ ബീച്ചിനെ കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. പട്ടായയില്‍ വച്ച് തന്നെ സമീപിച്ച രണ്ട് ട്രാന്‍സ്ജെന്‍ഡർ സുന്ദരികൾ കെട്ടിപ്പിടിച്ച് ചുംബിച്ച ശേഷം തന്‍റെ കഴുത്തിലിരുന്ന നാല് ലക്ഷത്തിന്‍റെ സ്വര്‍ണ്ണമാല അടിച്ചോണ്ട് പോയെന്ന പരാതിയുമായി ഒരു ഇന്ത്യക്കാരന്‍. പരാതിയുമായി ഇന്ത്യക്കാരന്‍ തായ് പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
തായ് പോലീസ് കേസെടുക്കാന്‍ മടിച്ചത്, ഇന്ത്യക്കാരന്‍റെ പരാതിയിലെ പോരുത്തക്കേടുകൾ കാരണമാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഓഗസ്റ്റ് 5 -ന് പുലർച്ചെയാണ് സംഭവം നടന്നതെന്ന് തൈഗർ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ പൗരനും സ്വർണ്ണക്കട ഉടമയുമായ 27 -കാരൻ ഹേമന്ത് കുമാർ എന്നയാളാണ് പരാതിക്കാരന്‍. സോയി ബീച്ച് റോഡ് 13/2 ലൂടെ നടക്കുമ്പോൾ രണ്ട് 'ലേഡിബോയ്‌സ്' തന്‍റെ അടുത്തേക്ക് വന്നതായി ഹേമന്ത് പറഞ്ഞു. അൽപ വസ്ത്രം ധരിച്ച സാധാരണക്കാർ എസ്കോർട്ട് സേവനങ്ങൾ വാഗ്ദാനം ചെയ്തെങ്കിലും താൻ അത് നിരസിച്ചുവെന്നും ഹേമന്ത് വ്യക്തമാക്കി.
എന്നാല്‍ ഇരുവരും തന്നെ പിന്തുടരുന്നത് തുടർന്നു. പിന്നാലെ അവര്‍ എന്നെ തൊടാനും കെട്ടിപ്പിടിക്കാനും തുടങ്ങി. എന്നാല്‍, അവരെ ഒഴിവാക്കാന്‍ താന്‍ നടത്തം തുടര്‍ന്നു. എതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോഴാണ് തന്‍റെ സ്വർണ്ണമാല നഷ്ടപ്പെട്ടതായി മനസിലായതെന്നും ഹേമന്ത് അവകാശപ്പെട്ടു. 150,000 ബാറ്റ് (ഏകദേശം 4 ലക്ഷം രൂപ) വിലയുള്ള 40 ഗ്രാം ഭാരമുള്ള സ്വർണ്ണ മാലയാണ് നഷ്ടപ്പെട്ടതെന്നും ഹേമന്ത് കൂട്ടിച്ചേര്‍ത്തു.ഓഗസ്റ്റ് 5 ന് പുലർച്ചെ 2.30 ഓടെയാണ് ഹേമന്ത് കുമർ പട്ടായ സിറ്റി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നല്‍കിയതെന്ന് പോലീസ് ലെഫ്റ്റനന്‍റ് ക്രിയാങ്‌ക്രായ് കെയ്‌ഫിഫോപ്പ് പറയുന്നു.
ഹേമന്ത് പറഞ്ഞ അടയാളങ്ങൾ വച്ച് മേഷ്ടാക്കളെ പിടിക്കാനായി അപ്പോൾ തന്നെ പോലീസിനെ വിട്ടു. പ്രദേശം മുഴുവനും അരിച്ച് പെറുക്കിയെങ്കിലും അത്തരത്തില്‍ ആരെയും കാണുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് പറയുന്നു. പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാന്‍ പോലീസ് ഉത്തരവിട്ടു. എന്നാല്‍, ഹേമന്ത് കുമാറിന്‍റെ പരാതിയില്‍ പോരുത്തക്കേടുകളുണ്ടെന്നാണ് തായ് പോലീസ് പറയുന്നത്. തങ്ങൾ കേസിന്‍റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്നും പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ തെറ്റായ പരാതി നല്‍കിയതിന് ഹേമന്തിനെതിരെ കേസെടുക്കുമെന്നും ലെഫ്റ്റനന്‍റ് ക്രിയാങ്‌ക്രായ് കൂട്ടിച്ചേര്‍ത്തു.


