താഴെ തെരുവിലൂടെ പോകുന്ന കുട്ടികളുടെ പിന്നാലെ ഓടിയ തെരുവ് നായയെ തുരത്താന്‍ ഒന്നാം നിലയില്‍ നിന്നും എടുത്ത് ചാടി ജർമ്മന്‍ ഷെപ്പേർഡ്.
കേരളത്തിലെന്നല്ല, ഇന്ത്യയിലെമ്പാടും തെരുവ് നായിക്കളുടെ ശല്യം വളരെ ഏറെയാണ്. നമ്മുടെ തെരുവുകളില്‍ അടിഞ്ഞ് കൂടുന്ന മാലിന്യമാണ് അതിന് കാരണമെന്ന് ഈ വിഷയത്തെ കുറിച്ച് പഠിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, മാലിന്യ തെരുവില്‍ തന്നെ ഉപേക്ഷിച്ച് തെരുവ് നായ്ക്കളെ കൊന്ന് നിയന്ത്രിക്കാനാണ് മിക്കയാളുകളും ആവശ്യപ്പെടുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് രാജസ്ഥാനില്‍ നിന്നും രണ്ട് പേര്‍ ബൈക്കില്‍ കറങ്ങി നടന്ന് രണ്ട് ദിവസം കൊണ്ട് 25 തെരുവ് പട്ടികളെ കൊന്നൊടുക്കിയ വീഡിയോയും വാര്‍ത്തയും പുറത്ത് വന്നത്.
തെരുവ് പട്ടികളെ കുറിച്ചാണെങ്കിലും ഇത് മറ്റൊരു വാര്‍ത്തയാണ്. സംഭവം നടന്നത് റിഷികേശില്‍ നിന്നുള്ള വീഡിയോ എക്സില്‍ പങ്കുവച്ചത് ഘർ കെ കലേഷ് എന്ന ജനപ്രിയ അക്കൗണ്ടില്‍ നിന്നുമാണ്. സൂപ്പര്‍ ഹീറോയെ പോലെ ഒരു നായ എടുത്ത് ചാടി മറ്റൊരു പട്ടിയില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നുവെന്ന് വീഡിയോടൊപ്പം കുറിച്ചിരിക്കുന്നു. ജർമ്മന്‍ ഷെപ്പേർഡ് ഇനത്തില്‍പ്പെട്ട നായ ബാൽക്കണിയില്‍ ഇരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. താഴെ റോഡിലൂടെ ഒരു കുട്ടി നടന്ന് പോകുന്നത് കാണാം. സെക്കന്‍റുകൾക്കുള്ളില്‍ റോഡിലൂടെ നേരത്തെ കണ്ട കുട്ടിയടക്കം മൂന്ന് കുട്ടികൾ തിരിഞ്ഞ് ഓടുന്നത് കാണാം, പിന്നാലെ ജർമ്മന്‍ ഷെപ്പേർഡ് മുകളിലെ നിലയില്‍ നിന്നും താഴേക്ക് എടുത്ത് ചാടുന്നു. ഇതിന് ശേഷമാണ് കുട്ടികളെ ഒരു തെരുവ് പട്ടി ഓടിക്കുകയായിരുന്നുവെന്ന് കാഴ്ചക്കാരന് മനസിലാകുക.
കുട്ടികളെ കടിക്കാനായി ഓടിയ തെരുവ് പട്ടിയുടെ പിന്നലെ ജർമ്മന്‍ ഷെപ്പേർഡ് ഓടുന്നതിനിടെ വീഡിയോ അവസാനിക്കുന്നു. ഒന്നേകാൽ ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ ജർമ്മന്‍ ഷെപ്പേർഡിനെ അഭിനന്ദിച്ച് രംഗത്തെത്തി. നായ്ക്കൾ മാനുഷികതയേക്കാൾ വിശ്വസ്തരാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. നന്നായി ചെയ്തു ഡോഗേഷ് ഭായ് എന്നായിരുന്നു മറ്റൊരു കുറിപ്പ്. കുട്ടികളെ രക്ഷിച്ച് കൊണ്ട് ഡോഗേഷ് ഭായി വിശ്വസ്തത തെളിയിച്ചുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടു. കുട്ടികളുടെ യഥാർത്ഥ അംഗരക്ഷകനെന്നായിരുന്നു മറ്റൊരു അഭിനന്ദനം. സൂപ്പർ ഹീറോകൾക്ക് വസ്ത്രധാരണം ആവശ്യമില്ലെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.


