ഭാര്യയും രണ്ട് മക്കളും കയറിയ ടെസ്‌ല കാര്‍ കുത്തനെയുള്ള മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കി യുവാവ്. കാര്‍ തവിടുപൊടിയായി. കാറിലുള്ളവരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു 

ഭാര്യയും രണ്ട് മക്കളും കയറിയ ടെസ്‌ല കാര്‍ കുത്തനെയുള്ള മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റിലായി. അപകടത്തില്‍ ഇയാളുടെ ഭാര്യയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. 

കാലിഫോര്‍ണിയയില്‍ കുടുംബമായി താമസിക്കുന്ന ധര്‍മേഷ് പട്ടേല്‍ എന്ന ഗുജറാത്തിയാണ് ഭാര്യയെും മക്കളെയും കൊലപ്പെടുത്താന്‍ മന:പൂര്‍വ്വം അപകടം സൃഷ്ടിച്ച കേസില്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനും കുട്ടികളെ ദുരുപയോഗം ചെയ്തതിനും പോലീസ് കേസെടുത്തിട്ടുണ്ട്. 

Scroll to load tweet…

ഭാര്യയും രണ്ടു കുട്ടികളും ഉള്‍പ്പെടെ നാലു പേരായിരുന്നു ഇയാള്‍ ഓടിച്ചിരുന്ന ടെസ്‌ല കാറില്‍ ഉണ്ടായിരുന്നത്. സാന്‍ മാറ്റിയോ കൗണ്ടിയിലെ അത്യന്തം അപകടകരമായ ഡെവിള്‍സ് സ്ലൈഡിലേക്കാണ് ഇയാള്‍ കാര്‍ ഓടിച്ചിറക്കിയത്. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ 250 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ തവിടുപൊടിയായി. 

കാറില്‍ നിന്നും തെറിച്ചു വീണ നാലും ഒമ്പതും വയസ്സും പ്രായമുള്ള കുട്ടികളെ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെടുത്തി. പട്ടേലും ഭാര്യയും കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അപകടം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. 

വാഹനം അപകടത്തില്‍പ്പെടുന്നത് നേരില്‍ കണ്ട പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. ഇത്രയും വലിയ താഴ്ചയിലേക്ക് വാഹനം പതിച്ചിട്ടും വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ ജീവനോടെ രക്ഷപ്പെട്ടത് അത്ഭുതമാണെന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത ധര്‍മേഷ് പട്ടേലിനെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ എന്തിനാണ് ഇത് ചെയ്തത് എന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.