അപൂര്‍വ്വ രോഗത്തിന്‍റെ ഫലമായി മുഖത്തുണ്ടായ രൂപ വ്യത്യാസങ്ങൾ മൂലം ലണ്ടനിലെ കഫേയില്‍ നിന്നും തനിക്ക് ഭക്ഷണം നിഷേധിക്കപ്പെട്ടിരുന്നെന്ന് ഇന്ത്യന്‍ വംശജന്‍റെ  വെളിപ്പെടുത്തല്‍.             


35 -കാരനായ ഇന്ത്യന്‍ വംശജനും മോട്ടിവേഷണ്‍ സ്പീക്കറുമായ അമിത് ഘോഷിന്, അദ്ദേഹത്തിന്‍റെ മുഖത്തിന്‍റെ പ്രത്യേകത കാരണം ലണ്ടനിലെ ഒരു കഫേയില്‍ വച്ച് ഭക്ഷണം നല്‍കിയില്ലെന്ന് പരാതി. ജന്മനാ ന്യുറോഫൈബ്രോമാറ്റോസിസ് ടൈപ്പ് 1 (Neurofibromatosis type 1) രോഗബാധിതനായിരുന്നു അമിത് ഘോഷ്. ക്യാന്‍സ‍ർ അല്ലാത്ത അപൂര്‍വ്വ ട്യൂമ‍ർ വളര്‍ച്ചയാണ് ഈ രോഗത്തിന്‍റ പ്രത്യേക. ഈ രോഗം ബാധിച്ചവരുടെ ശരീരഭാഗങ്ങളുടെ ആകൃതികൾ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. ക്രമരഹിതമായ ട്യൂമ‍ർ വളര്‍ച്ച ശരീരത്തിൽ സൃഷ്ടിക്കുന്ന പ്രത്യേകത മൂലമാണ് ഇത് സംഭവിക്കുന്നത്.  മുഖത്തെ ഈ പ്രത്യേക മൂലം അദ്ദേഹം കുട്ടിക്കാലം മുതലേ കളിയാക്കലുകൾക്ക് വിധേയനാക്കപ്പെട്ടിട്ടുണ്ടെന്ന് അമിത് ഘോഷിനെ കുറിച്ചുള്ള ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ശാരീരിക പ്രത്യേക മൂലം കഫേയില്‍‌ നിന്നും ഭക്ഷണം നിഷേധിക്കപ്പെട്ടതില്‍ അമിത് ഞെട്ടിപ്പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ‍ർമിംഗ്ഹാമില്‍ താമസിക്കുന്ന അമിത് സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ലണ്ടനിലെ ഒരു കഫേയില്‍ പോയപ്പോൾ ഒരു 'പ്രേത'ത്തെ കണ്ടത് പോലെയാണ് ആളുകൾ തന്നെ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാവരും എന്ന വളരെ അപരിചിതത്വത്തോടെയാണ് നോക്കുന്നത്. അത് മിക്കവാറും ഒരു പ്രേതത്തെ കാണുമ്പോലെയാണ്. അവിടെ സര്‍വ്വീസ് ചെയ്തിരുന്ന ഒരു സ്ത്രീ, 'ഓ ഞങ്ങൾ ആര്‍ക്കും സർവ്വീസ് ചെയ്യുന്നില്ലെന്ന്' പറഞ്ഞ് തിരിഞ്ഞ് നടന്നു. പക്ഷേ, വ്യക്തമാണ്, അവർ അപ്പോഴും അവിടെ സര്‍വ്വീസ് ചെയ്യുന്നുണ്ടായിരുന്നു.' അമിത് ഘോഷ് ബിബിസിയോട് പറഞ്ഞു. 

 

View post on Instagram
 

11 -ാം വയസില്‍ അമിതിന്‍റെ ഇടത് കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. അത് അമിതിന്‍റെ മുഖത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. രോഗബാധ കാരണം അദ്ദേഹത്തിന്‍റെ മുഖത്തിന്‍റെ ഒരു വശം കോടിപ്പോയിരുന്നു. കുട്ടിക്കാലത്ത് തന്‍റെ അടുത്ത് ഇരിക്കാന്‍ മറ്റ് കുട്ടികൾ തയ്യാറാകാറില്ലെന്നും ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന അമിത് പറയുന്നു. ജീവിതകാലം മുഴുവനും ബുള്ളിയിംഗിന് വിധേയനായ അദ്ദേഹം ഇന്ന് കുട്ടികൾക്ക് മോട്ടിവേഷണല്‍ സ്പീച്ച് നല്‍കുന്നു. ഭാര്യ പിയാലിയുടെ നിർബന്ധത്തില്‍ ആരംഭിച്ച ടിക്ടോക്കില്‍ ഇന്ന് രണ്ട് ലക്ഷം ഫോളോവേഴ്സും അമിത്തിനുണ്ട്.