വിമാനത്താവളത്തിലെത്തിയ യുവതിയുടെ ബാഗില്‍ അസാധാരണമായ എന്തോ  വസ്തുവുണ്ടെന്നായിരുന്നു സുരാക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്നറിയിപ്പ്. ഇതോടെ യുവതിയെ വിമാനത്താവളത്തില്‍ തടഞ്ഞ് പരിശോധന ആരംഭിച്ചു. 

ന്യൂയോർക്കിൽ നിന്നുള്ള സമൂഹ മാധ്യമ ഇൻഫ്ലുവൻസറായ ക്ലോയി ഗ്രേ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റി. പക്ഷേ, ഈ വൈറലിന് പിന്നിൽ അവരുടെ ഏതെങ്കിലും കണ്ടന്‍റ് ആയിരുന്നില്ല കാരണം. മറിച്ച് വിമാന യാത്രയ്ക്കായി പോയപ്പോൾ ബാഗിനുള്ളിൽ ഒരു റൊട്ടിസറി ചിക്കൻ സൂക്ഷിച്ചിരുന്നതാണ് ഇവരുടെ പേര് വാർത്താ തലക്കെട്ടുകളിൽ ഇടം പിടിക്കാൻ കാരണമായത്. ബാഗിനുള്ളിൽ സൂക്ഷിച്ച ചിക്കൻ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥർ ഇവരുടെ യാത്ര തടയുകയായിരുന്നു.

ന്യൂജേഴ്‌സിയിൽ നിന്ന് കാലിഫോർണിയയിലേക്ക് ഉള്ള യാത്രയ്ക്കായി ന്യൂവാർക്ക് ലിബർട്ടി ഇന്‍റർനാഷണൽ എയർപോർട്ടിൽ എത്തിയപ്പോഴാണ് ഗ്രേയുടെ ലഗേജ് ബാഗിനുള്ളിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന റൊട്ടിസറി ചിക്കൻ  ട്രാഫിക് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. എന്തോ 'ഭ്രാന്തൻ സാധനം' ബാഗിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ ബാഗ് പരിശോധിച്ചത്.

പിന്നീട് ഈ സംഭവത്തെക്കുറിച്ച് ക്ലോയി ഗ്രേ തന്നെ, തന്‍റെ സമൂഹ മാധ്യമത്തിലൂടെ സംഭവം വിവരിച്ചു. 'എന്തോ 'അസാധാരണമായ സാധനം' എന്‍റെ ബാഗിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നെ തടഞ്ഞു. അത് ഒരു മുഴുവൻ റൊട്ടിസറി ചിക്കൻ ആയിരുന്നു. എന്‍റെ കൈയിലെ ബാഗിൽ ഉണ്ടായിരുന്ന ചിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. എട്ട് മണിക്കൂർ ഫ്ലൈറ്റ് യാത്രയിൽ ഉടനീളം എനിക്ക് പ്രോട്ടീൻ ആവശ്യമായിരുന്നു. ഫസ്റ്റ് ക്ലാസിന് പണം നൽകാതെ തന്നെ ഒരു ഫസ്റ്റ് ക്ലാസ് അനുഭവം ലഭിക്കുന്നത് ഇങ്ങനെയാണ്.' എന്നായിരുന്നു അവരെഴുതിയത്. 

ഗ്രേയുടെ പോസ്റ്റിന് താഴെ സമൂഹ മാധ്യമ അനുയായികളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ ബുദ്ധിപരമായ നീക്കമെന്ന് വിശേഷിപ്പിച്ചെങ്കിലും മറ്റ് ചിലർ ഗ്രേയെ രൂക്ഷമായി വിമർശിച്ചു. വിമാനത്തിനുള്ളിലെ മറ്റ് യാത്രക്കാർക്ക് ഇത്തരം പ്രവർത്തികൾ ബുദ്ധിമുട്ടുണ്ടാകുമെന്നും വിമാനത്തിനുള്ളിൽ മുഴുവൻ ചിക്കൻ ഗന്ധം പടരുമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളില്‍ ഗ്രേയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് ശേഷം ചിക്കൻ കൊണ്ടുപോകാൻ ഇവരെ അനുവദിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് ദീർഘദൂര യാത്രകളിൽ താൻ ഇത്തരത്തിൽ എന്തെങ്കിലും ഭക്ഷണ സാധനങ്ങൾ കൈയ്യിൽ കരുതാറുള്ളതെന്ന് ഇവർ അവകാശപ്പെട്ടു. സാലഡ് അല്ലെങ്കിൽ നട്സ് പോലുള്ള ഭക്ഷ്യവിഭവങ്ങളാണ് തെരഞ്ഞെടുക്കേണ്ടതെന്ന് തനിക്ക് അറിയാമെങ്കിലും റൊട്ടിസെറി ചിക്കൻ കൊണ്ടുപോകുന്നതില്‍ ഒരു തെറ്റുമില്ലെന്നും ഒപ്പം അത് സ്റ്റൈലിഷും പ്രായോഗികവുമാണെന്നും ഗ്രേ കൂട്ടിച്ചേർത്തു.