'എത്ര എളുപ്പം ലോല്‍', രക്ഷപ്പെടാന്‍ സ്വീകരിച്ച മാർഗത്തെ പ്രശംസിച്ച് കുറിപ്പെഴുതി വച്ചാണ് പത്ത് പേരും രക്ഷപ്പെട്ടത്.
ജയില്‍ ചാട്ടങ്ങളെ കുറിച്ചുള്ള ഏറ്റവും പ്രശസ്തനായ സിരീസാണ് പ്രിസണ്‍ ബ്രേക്ക്. ഒരോ നീക്കവും അത്രയേറെ സൂക്ഷ്മതയോടെ വേണം ചെയ്യാന്‍. ചെറിയൊരു അശ്രദ്ധ പോലും പോലീസിന്‍റെ പിടി വീഴാനുള്ള സാധ്യത കൂട്ടും.എന്നാല്‍, അതിനെയെല്ലാം മറികടക്കുന്നൊരു ജയില്‍ ചാട്ടമാണ് ഇപ്പോൾ യുഎസിലെ സംസാര വിഷയം. പ്രത്യേകിച്ച് ന്യൂ ഓർലിയൻസിൽ. 'എത്ര എളുപ്പം ലോല്‍', എന്ന കുറിപ്പെഴുതി വച്ച് കൂളായി ജയില്‍ ചാടിയത് 10 പേര്‍. അതും കൊലപാതകം അടക്കമുള്ള കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുന്ന കുറ്റവാളികൾ.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ഓർലിയൻസ് പാരിഷ് ജയിലിൽ നിന്ന് 10 തടവുകാരായിരുന്നു രക്ഷപ്പെട്ടത്. ഒരാളെ അന്ന് തന്നെ പിടികൂടിയിരുന്നു. മറ്റ് 10 പേരില്‍ രണ്ട് പേരെ കുടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പിടികൂടിയെന്ന് പോലീസ് അറിയിച്ചു. മറ്റ് ഏഴ് പേർക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് പോലീസ് കുറ്റവാളികളുടെ ഫോട്ടോകൾ സമൂഹ മാധ്യങ്ങളില്‍ പങ്കുവച്ചിരുന്നു.
പ്രതികൾ രക്ഷപ്പെട്ട രീതിയും വീഡിയോയും പോലീസ് നേരത്തെ പുറത്ത് വിട്ടിരുന്നു. പോലീസ് പുറത്ത് വിട്ട ഒരു ഫോട്ടോയില്‍ ചുമരിലെ വാഷ്ബെയ്സിന്‍ ഇളക്കി മാറ്റിയിരിക്കുന്നതായി കാണാം.അതിന് പിന്നിലെ പൈപ്പ് ലൈന്‍ വഴിയാണ് 10 തടവ് പുള്ളികളും രക്ഷപ്പെട്ടത്. രക്ഷപ്പെടാന്‍ ഉപയോഗിച്ച ദ്വാരത്തിന് മുകളിലായി ചുമരില്‍ 'എത്ര എളുപ്പം ലോല്‍'എന്ന് എഴുതിയിരിക്കന്നതും കാണാം. വീഡിയോയില്‍ ഒന്നിന് പുറകെ ഒന്നെന്ന രീതിയില്‍ വെള്ളയും ഓറഞ്ചും നിറമുള്ള വസ്ത്രം ധരിച്ച പത്തോളം പേര്‍ ഓടുന്നത് കാണാം.
ഈ ദ്വാരത്തിലൂടെ തടവുകാര്‍ പൈപ്പ് ലൈന്‍ വഴി ലോഡിംഗ് ഡോക്കിലേക്കും ജയിൽ മതിൽ കടന്ന് അന്തർ സംസ്ഥാന പാതവഴി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചുമരില്‍ 'ഞാന്‍ നിരപരാധിയാണ്' എന്നെഴുതിയതില്‍ ഞാന്‍ എന്നത് വെട്ടി ഞങ്ങൾ എന്ന് എഴുതി ചേര്‍ത്തിരിക്കുന്നതും കാണാം. രക്ഷപ്പെട്ടവരില്‍ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെടവരുണ്ടെന്നും ഇവരെ ആയുധാധാരികളും അപകടകാരികളുമായി മാത്രമേ കാണാന്‍ കഴിയൂവെന്നും ജയില്‍ വകുപ്പ് അറിയിച്ചു.