അമേരിക്കൻ സർവകലാശാലകളിലെ പരീക്ഷാ ഹാളുകളിൽ നിരീക്ഷകരില്ലാതിരുന്നിട്ടും വിദ്യാർഥികൾ കോപ്പിയടിക്കാത്തത് കണ്ട് അത്ഭുതപ്പെട്ട ഒരു ഇന്ത്യൻ വിദ്യാർഥിയുടെ കുറിപ്പ് വൈറലാകുന്നു. എന്നാൽ അമേരിക്കയിലെ എല്ലാ പരീക്ഷകളും ഇത്തരത്തിലല്ലെന്നും കർശന നിയന്ത്രണങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.

അമേരിക്കയിലെ സർവകലാശാലകളിലെ പരീക്ഷാരീതിയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് ഇന്ത്യൻ വിദ്യാർഥിയുടെ കുറിപ്പ് വൈറൽ. പരീക്ഷാഹാളിൽ നിരീക്ഷകരില്ലാതെയും പുസ്തകങ്ങൾ ഉപയോഗിക്കാൻ അനുമതിയുണ്ടായിട്ടും വിദ്യാർഥികൾ കോപ്പിയടിക്കുകയോ മൊബൈൽ ഫോണുകൾ ഉപയോഗിക്കുകയോ ചെയ്യാത്തതാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്ന് വിദ്യാർഥി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'എന്തും ചെയ്യാം, എന്നിട്ടും ആരും ഒന്നും ചെയ്തില്ല'

“അമേരിക്കയിലെത്തിയിട്ട് രണ്ടുമാസമായി. ഇവിടെയെത്തിയപ്പോൾ എനിക്ക് ഏറ്റവും വലിയ ഞെട്ടലുണ്ടാക്കിയത് പരീക്ഷകളിലെ സത്യസന്ധതയാണ്. നിരീക്ഷകരില്ല, ഓപ്പൺ ബുക്ക് പരീക്ഷകളാണ്, ഫോണുകൾ പരിശോധിക്കുന്നില്ല, ഇന്‍റർനെറ്റ് തടയാനുള്ള ജാമറുകളുമില്ല. എന്നിട്ടും ആരും ഫോണിൽ നോക്കുകയോ കോപ്പിയടിക്കുകയോ ചെയ്യുന്നില്ല,” എന്നായിരുന്നു വിദ്യാർഥിയുടെ കുറിപ്പ്. ഇന്ത്യയിലെ കടുത്ത മത്സരാധിഷ്ഠിതമായ വിദ്യാഭ്യാസ അന്തരീക്ഷത്തിൽ ഇത്തരമൊരു വിശ്വാസം സാധ്യമാകില്ലെന്നും വിദ്യാർഥി അഭിപ്രായപ്പെട്ടു.

Scroll to load tweet…

ചില‍ പരീക്ഷകൾ വീട്ടിലിരുന്നും എഴുതാം

അമേരിക്കയിലെ എല്ലാ സർവകലാശാലകളിലും ഒരേ രീതിയിലല്ല പരീക്ഷകൾ നടക്കുന്നത്. ചില സ്ഥാപനങ്ങളിൽ ഓപ്പൺ ബുക്ക് പരീക്ഷകളും ഓൺലൈൻ പരീക്ഷകളും വീട്ടിലിരുന്ന് പൂർത്തിയാക്കാവുന്ന പരീക്ഷകളും നടത്താറുണ്ട്. അതേസമയം, പല പരീക്ഷകൾക്കും കർശനമായ നിരീക്ഷണവും നിയന്ത്രണങ്ങളുമുണ്ട്. അക്കാദമിക സത്യസന്ധതാ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് സ്ഥാപനത്തിന്‍റെ നയങ്ങൾക്കനുസരിച്ച് അച്ചടക്കനടപടികളും നേരിടേണ്ടിവരും.

അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ

വിദ്യാർഥിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ അനുകൂലിച്ചും വിയോജിച്ചും നിരവധി പ്രതികരണങ്ങളുണ്ടായി. അമേരിക്കയിലെ എല്ലാ ക്ലാസുകളിലും പരീക്ഷകൾ ഇത്രയും സ്വതന്ത്രമായ അന്തരീക്ഷത്തിലല്ല നടക്കുന്നതെന്ന് ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. ചില പരീക്ഷകൾക്ക് നിരീക്ഷകരുണ്ടെന്നും എല്ലാ പരീക്ഷകളും ഓപ്പൺ ബുക്കല്ലെന്നും പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കോപ്പിയടിക്കുന്ന വിദ്യാർഥികളെ നേരിട്ട് കണ്ടിട്ടുണ്ടെന്നും മറ്റ് ചിലർ കുറിച്ചു. അമേരിക്കയിൽ കോപ്പിയടിച്ച് പിടിക്കപ്പെട്ടാൽ അക്കാദമിക അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട നടപടികൾ നേരിടേണ്ടിവരുമെന്നും മറ്റൊരാൾ ചൂണ്ടിക്കാണിച്ചു.