കുട്ടികളുടെ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരി, സര്‍ക്കാര്‍ പണം ഭര്‍ത്താവിന്‍റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണം നടക്കുമ്പോൾ 80 കിലോ ലഗേജുമായി ഇവര്‍ ചെന്നൈയിലേക്ക് വിമാനം കയറി.
ന്യൂസിലൻഡിലെ ഒറംഗ തമാരിക്കിയുമായി (Ministry of children) ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ കുറ്റക്കാരാണെന്ന് കോടതി. ഒറംഗ താമരിക്കിയുടെ പ്രോപ്പർട്ടി ആൻഡ് ഫെസിലിറ്റി മാനേജരായി ജോലി ചെയ്തിരുന്ന, ക്രൈസ്റ്റ് ചർച്ച് ആസ്ഥാനമായുള്ള നേഹ ശർമ്മയും ഭർത്താവ് അമൻദീപ് ശർമ്മയുമാണ് തട്ടിപ്പിന് പിന്നിൽ. ഒറംഗ തമാരിക്കിയുടെ പ്രോപ്പർട്ടി മാനേജർ എന്ന സ്ഥാനം ദുരുപയോഗം ചെയ്ത നേഹ, സർക്കാർ ഫണ്ട് ഭർത്താവ് അമൻദീപ് ശർമ്മയുടെ കമ്പനിക്ക് നല്‍കി. ഇതിലൂടെ ശിശുക്ഷേമ ഏജൻസിക്ക് 2 മില്യൺ ന്യൂസിലൻഡ് ഡോളറിലധികം (ഏകദേശം ₹10.1 കോടി) നഷ്ടമുണ്ടായതായാണ് ന്യൂസിലൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
ന്യൂസിലാൻഡിൽ കുട്ടികളുടെ മന്ത്രാലയമാണ് 'ഒറംഗ തമാരികി' എന്ന പേരിൽ അറിയപ്പെടുന്നത്. മുമ്പിത് 'ദുർബലരായ കുട്ടികളുടെ മന്ത്രാലയം' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാർ വകുപ്പാണ് ഇത്. ഈ വകുപ്പിന് ജോലി ചെയ്തിരുന്ന പ്രോപ്പർട്ടി ആൻഡ് ഫെസിലിറ്റി മാനേജരായിയിരുന്നു 36 കാരിയായ നേഹ ശർമ്മ. ഭർത്താവുമായി ചേർന്നുള്ള ഇവരുടെ തട്ടിപ്പ് പിടിയിലായതോടെ കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ രേഖകൾ ഉപയോഗിക്കൽ എന്നിവയുൾപ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങളാണ് ഇവരുടെ മേൽ ചുമത്തി. മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് നേഹയ്ക്ക് കോടതി വിധിച്ചത്. ഡിവൈൻ കണക്ഷൻ ലിമിറ്റഡിന്‍റെ ഡയറക്ടറായ ഭർത്താവ് അമൻദീപ് ശർമ്മയും കുറ്റം സമ്മതിച്ചു. ജൂണിൽ അമൻദീപ് ശർമ്മയുടെ ശിക്ഷ വിധിക്കും.
വളരെ ആസൂത്രിതമായിട്ടായിരുന്നു ദമ്പതികളുടെ തട്ടിപ്പ്. ഇരുവരും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലാത്ത രീതിയിലാണ് സഹപ്രവർത്തകർക്കും പരിചയക്കാർക്കും മുമ്പിൽ ഇവർ പെരുമാറിയിരുന്നത്. സർക്കാർ കരാറുകൾ അമൻദീപിന്‍റെ സ്ഥാപനത്തിലേക്ക് എത്തിക്കുന്നതിനായി ഓഫീസ് രേഖകളിൽ നേഹ അട്ടിമറി നടത്തി. മന്ത്രാലയത്തിന്‍റെ അംഗീകൃത പട്ടികയിൽ ഇല്ലാത്ത കമ്പനിയ്ക്ക് അനധികൃതമായി ജോലികൾ അനുവദിക്കുകയും പട്ടികയിൽ ഇടം നൽകുകയും ചെയ്തു. അതേസമയം അമൻദീപുമായുള്ള ബന്ധത്തെക്കുറിച്ച് നേഹ സഹപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചു. തനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു സ്വതന്ത്ര കമ്പനിയായിട്ടായിരുന്നു ഭർത്താവിന്‍റെ കമ്പനിയെ ഇവർ ഓഫീസില്‍ അവതരിപ്പിച്ചത്. കൂടാതെ സ്വന്തം ചെലവുകളുടെ ബില്ലുകൾ പോലും വകുപ്പിന് കീഴിൽ ഉൾപ്പെടുത്തുകയും അതുവഴി പണം തട്ടുകയും ചെയ്തു.
എന്നാൽ, 2022 -ന്‍റെ അവസാനത്തോടെ നേഹയുടെ പ്രവർത്തികളിൽ സഹപ്രവർത്തകർക്ക് സംശയമുണ്ടായി. ഇവർ കൈകാര്യം ചെയ്ത ഇൻവോയ്‌സുകളെക്കുറിച്ചും ജോലി നിയമനങ്ങളെക്കുറിച്ചും മറ്റ് ജീവനക്കാര്‍ക്കിടയിൽ സംശയങ്ങൾ ഉയര്‍ന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമൻദീപിന്‍റെ ബിസിനസ്സ് നേഹയുടെ വീട് വിലാസത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയത്. തട്ടിപ്പ് പുറത്തുവരുമെന്ന് ഉറപ്പായതോടെ, തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഇവര്‍ മന്ത്രാലയത്തിൽ നിന്നും രാജിവച്ചു.
പിന്നാലെ, ന്യൂസിലൻഡിലെ സീരിയസ് ഫ്രോഡ് ഓഫീസ് ക്രിമിനൽ അന്വേഷണം ആരംഭിച്ചു, 2023 മാർച്ചിൽ ദമ്പതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് അന്വേഷണം അവസാനിച്ചത്. അന്ന് അനധികൃതമായി ധാരാളം സ്വത്തുക്കൾ ഇവർ സമ്പാദിച്ചിരുന്നതായി കണ്ടെത്തി. അവയിൽ പലതും ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതായും ബാക്കിയുള്ള സ്വത്തുക്കൾ ഇന്ത്യയിലേക്ക് മാറ്റാന്‍ ശ്രമങ്ങൾ നടത്തിയതായും കണ്ടെത്തി. റെയ്ഡ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടും മുമ്പ് ശർമ്മയും കുടുംബം 80 കിലോഗ്രാം ലഗേജുമായി ചെന്നൈയിലേക്ക് വിമാനം കയറി. സ്വത്തുക്കൾ വിൽക്കാൻ ശ്രമിച്ച അവർ, കമ്പനി പിരിച്ചുവിട്ടതായി തെറ്റിദ്ധരിപ്പിച്ചാണ് രാജ്യം വിട്ടത്. പക്ഷേ, അന്വേഷണത്തിന്‍റെ ഒടുവിൽ ക്രൈസ്റ്റ് ചർച്ചിലെ ഹൈക്കോടതിയിൽ നേഹ ശർമ്മ ഹാജരാകാന്‍ നിർബന്ധിതയായി. തട്ടിയെടുത്ത പണം തിരികെ നൽകാന്‍ അവര്‍ തയ്യാറായിരുന്നില്ലെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു. ഇപ്പോൾ ന്യൂസിലാൻഡിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ് നേഹ.


