ജയിലിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഒരു മരത്തിന് മുകളില്‍ നിന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്നുമായി പൂച്ചയെ പിടികൂടിയത്.
ലഹരി ഇന്ന് സമൂഹത്തെ ബാധിച്ച ക്യാന്‍സറായിരിക്കുന്നു. ലോകത്തിലെ ഏതാണ്ടെല്ലാ ഭരണകൂടങ്ങളും സമാന്തര ലോകം സൃഷ്ടിക്കുന്ന മയക്കുമരുന്ന് ലോബിക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഓരോ ലഹരി ശൃംഖല തകര്‍ക്കപ്പെടുമ്പോഴും അതിനെക്കാൾ സങ്കീർണ്ണമായ മറ്റൊരു ശൃംഖലയിലൂടെ ലഹരിക്കച്ചവടം നിർബാധം തുടരുന്നു. അത്തരമൊരു ലഹരി ശൃംഖലയിലെ കണ്ണിയെ കഴിഞ്ഞ ആഴ്ചയാണ് കോസ്റ്റാ റിക്ക പോലീസ് പിടികൂടിയത്. പക്ഷേ. പിടികൂടിയ ആൾ ഒരു പൂച്ചയാണ്. 250 ഗ്രാം കഞ്ചാവും 67.76 ഗ്രാം ക്രാക്ക് പേസ്റ്റുമായി രാത്രിയുടെ മറവില്‍ കോസ്റ്റാ റിക്കയിലെ പോകോസി ജയിലിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് പൂച്ചയെ പിടികൂടിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
കോസ്റ്റാ റിക്ക പോലീസ്, രാത്രിയില്‍ അതിസാഹസികമായി പൂച്ചയെ പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 2025 മെയ് 6-ന് രാത്രി കൂരാകൂരിരട്ടത്ത് ടോര്‍ച്ച് വെളിച്ചത്തിൽ മരത്തിന് മുകളിലൂടെ നടന്ന് നീങ്ങുന്ന പൂച്ചയെ പിടിക്കാന്‍ ഒരാൾ ശ്രമിക്കുന്ന ദൃശ്യങ്ങളില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ പിടികൂടിയ പൂച്ചയുടെ ശരീരത്ത് കെട്ടിവച്ച വെളുത്ത തുണി കത്രിക ഉപയോഗിച്ച് നീക്കം ചെയ്യുന്നു. കറുപ്പും വെളുപ്പും നിറത്തിലുള്ള പൂച്ചയുടെ ദേഹത്ത് വെള്ളത്തുണി പൊതിഞ്ഞിരിക്കുന്നതിനാല്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടില്ല. ഈ കെട്ടിയ തുണിക്കുള്ളില്‍ നിന്നും പോലീസ് 250 ഗ്രാം കഞ്ചാവും 67.76 ഗ്രാം ക്രാക്ക് പേസ്റ്റും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂച്ചയെ പിന്നീട് നാഷണൽ ആനിമൽ ഹെൽത്ത് സർവീസിന് കൈമാറി. വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ പൂച്ചയെ 'നാർക്കോമിച്ചി' എന്നാണ് വിശേഷിപ്പിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതാനെത്തിയത്. ചിലര്‍ മൃഗങ്ങളോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂരതയാണ് ഇതെന്ന് അഭിപ്രായപ്പെട്ടു. പൂച്ചയുടെ മേല്‍ തുണി ചുറ്റിയാല്‍, അതിന് സ്വയം അത് അഴിച്ച് കളയാന്‍ പോലും കഴിയില്ല. തങ്ങളുടെ അല്പ നേരത്തെ സന്തോഷത്തിന് വേണ്ടി മനുഷ്യന്‍ മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ് ഇത്. ഇതിനെ വെറുമൊരു തമാശയായി കാണാന്‍ കഴിയില്ലെന്ന് ഒരു കാഴ്ചക്കാരി എഴുതി. പൂച്ച പാവമാണെന്നും അതിനെ ഈ കേസില്‍ അറസ്റ്റ് ചെയ്യരുതെന്നും ചിലര്‍ തമാശയായി എഴുതി