ഇത്തരം മുഖമില്ലാത്ത കമന്റുകൾ തന്നെ ബാധിക്കുന്നില്ലെന്നും താൻ നൃത്തം ചെയ്യുകയും സന്തോഷിക്കുകയും തനിക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്യുകയുമാണ് എന്നും ശിഖ പറയുന്നുണ്ട്.

ഏറ്റവുമധികം വംശീയവിദ്വേഷങ്ങളും വെറുപ്പുമെല്ലാം കാണപ്പെടുന്ന ഒരിടമാണ് സോഷ്യൽ മീഡിയ. യാതൊരു കരുണയോ പരി​ഗണനയോ കൂടാതെ ആളുകൾ മറ്റുള്ളവരെ വിലയിരുത്തുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതും ഒക്കെ ഇവിടെ കാണാം. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ യുവതിയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അതേസമയം, യുവതിയുടെ പോസ്റ്റ് വെറും അറ്റൻഷൻ സീക്കിം​ഗാണോ എന്ന കമന്റുകളും വരുന്നുണ്ട്.

ശിഖ എന്ന യുവതി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് മുകളിൽ എഴുതിയിരിക്കുന്നത്, 'വിദേശത്ത് താമസിക്കുന്ന ഒരു ഇന്ത്യക്കാരി എന്ന നിലയിൽ വിദേശികളിൽ നിന്നും കേൾക്കേണ്ടി വരുന്ന വിചിത്രമായ ചില കമന്റുകൾ' എന്നാണ്.

ശിഖ ഡാൻസ് കളിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഒപ്പം 'ഈ കമന്റുകൾ സോഷ്യൽ മീഡിയയിൽ മാത്രമേ പറയുന്നുള്ളൂ എന്നതിൽ തനിക്ക് സന്തോഷമുണ്ട്. നേരിൽ കാണുമ്പോൾ അവർ സ്വീറ്റാണ്' എന്നും ശിഖ പറയുന്നു.

ഒപ്പം എന്തൊക്കെ തരത്തിലുള്ള മോശം കമന്റുകളാണ് താൻ കേൾക്കുന്നത് എന്നതിനെ കുറിച്ചും അവൾ പറയുന്നുണ്ട്. 'ആദ്യം ഒരു ഡിയോഡറൻ്റ് വാങ്ങൂ, തിരിച്ചുപോകൂ ഞങ്ങൾക്കിവിടെ നിങ്ങളെ ആവശ്യമില്ല, നിങ്ങളെ നാറുന്നു, എല്ലാവരും നിങ്ങളെ വെറുക്കുന്നിടത്തേക്ക് എന്തിനാണ് വരുന്നത്?' തുടങ്ങിയ അനേകം കമന്റുകളാണ് യുവതി ഷെയർ ചെയ്തിരിക്കുന്നത്.

താൻ കൂടുതൽ കാര്യങ്ങൾ ഷെയർ ചെയ്യണോ? എന്നും ശിഖ ചോദിക്കുന്നു. ഒപ്പം ഇത്തരം മുഖമില്ലാത്ത കമന്റുകൾ തന്നെ ബാധിക്കുന്നില്ലെന്നും താൻ നൃത്തം ചെയ്യുകയും സന്തോഷിക്കുകയും തനിക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്യുകയുമാണ് എന്നും ശിഖ പറയുന്നുണ്ട്.

ഒരുപാടുപേർ ശിഖയുടെ പോസ്റ്റിന് കമന്റുകൾ നൽകി. ​​യുവതിയെ പിന്തുണച്ചവരുണ്ടെങ്കിലും കാനഡയിൽ ഇത്തരം അനുഭവങ്ങളുണ്ടായിട്ടില്ല, ഇത് വെറുതെ ശ്രദ്ധ കിട്ടാൻ വേണ്ടി വെറുപ്പ് പരത്തുകയാണ് എന്ന് അഭിപ്രായപ്പെട്ടവരും നിരവധിയുണ്ട്.